പിറവം: ഭാര്യാവീട്ടുകാര്‍ സ്ത്രീധനം നല്‍കാത്തതിലുള്ള വിരോധത്തിലാണ് റെജി രണ്ടു കുട്ടികളെ കൊന്നു സ്വയം തൂങ്ങിമരിച്ചതെന്നാണ് പോലീസ് നിഗമനം. റെജിയുടെ ഭാര്യ സന്ധ്യ നല്‍കിയ മൊഴിയില്‍ നിന്നാണ് പോലീസ് ഈ നിഗനത്തില്‍ എത്തിയതെന്ന് അറിയുന്നു. ഇരുവരും സ്‌നേഹിച്ച് വിവാഹിതരായതിനാല്‍ സ്ത്രീധനമൊന്നും റെജിക്കു ലഭിച്ചിരുന്നില്ല. സന്ധ്യയുടെ സഹോദരിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. അവര്‍ക്ക് സ്ത്രീധനം നല്‍കുന്നുണ്ടന്ന് അറിഞ്ഞതുമൂതല്‍ റെജി വീട്ടില്‍ വഴക്കായിരുന്നുവെന്നു സന്ധ്യ പോലീസിനോട് പറഞ്ഞു. സംഭവദിവസവും ബഹളമുണ്ടാവുകയും രാത്രി ഒമ്പതോടെ ചെരവകൊണ്ട് അടിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം പനിയുള്ളതിനാല്‍ ഗുളിക കഴിച്ച് ഒരു മുറിയില്‍ കിടന്നുറങ്ങുകയും ചെയ്തു.
രാവിലെ 4.45-ഓടെ എഴുന്നേറ്റ് മുറിക്ക് പുറത്തുവന്നപ്പോള്‍ റെജി ഹാളില്‍ തുങ്ങി നില്‍ക്കുന്നതു കണ്ടു. അടുത്ത മുറിയിലേക്ക് നോക്കിയപ്പോള്‍ മകന്‍ അഭിനോവ് കിടക്കുന്നതും മകള്‍ ആല്‍വിയ ജനലില്‍ ചാരിയിരിക്കുന്നതുപോലെയുമാണ് തോന്നിയത്. ഉടനെ വീടിന് പുറത്തിറങ്ങി കരഞ്ഞു ബഹളം കൂട്ടി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരെത്തി മുറിയില്‍ കയറി നോക്കിയപ്പോഴാണ് മക്കളും മരിച്ചിരിക്കുന്ന വിവരമറിയുന്നത്. ഹാളിലെ മേശപ്പുറത്ത് റെജി ആത്മഹത്യകുറിപ്പ് എഴുതിയിരുന്നു. “അയാം സോറി, ഞങ്ങളുടെ മരണത്തിനുത്തരവാദി. റെജി ‘ എന്നിങ്ങനെയാണ് എഴുതിയിരുന്നത്. ഇതു റെജിയുടെ കൈപ്പടയാണന്ന് വ്യക്തമായിട്ടുണ്ട്.
മക്കളെ ഇരുവരേയും കഴുത്ത് ഞെരിച്ചുകൊല്ലുകയായിരുന്നുവെന്ന് സിഐ കെ.ബി. ശിവന്‍കുട്ടി പറഞ്ഞു. ഇതിന് ശേഷം മകളെ പ്ലാസ്റ്റിക് കയറില്‍ ജനലിനോട് ചേര്‍ത്ത് കെട്ടിതൂക്കി. കയറിന്റെ ബാക്കിഭാഗം മുറിച്ചാണ് ഹാളിലെ മേല്‍ത്തട്ടിലെ ഹുക്കില്‍ റെജി തൂങ്ങിയത്. തൊട്ടടുത്ത് വീടുകളുണ്ടെങ്കിലും സമീപവാസികളുമായി ബന്ധമൊന്നുമില്ലായിരുന്നു. കുട്ടികള്‍ മാത്രമാണ് അയല്‍ക്കാരുമായി കൂടുതലും സംസാരിച്ചിരുന്നത്. വീട്ടില്‍ ബഹളമുണ്ടാകാറുള്ളത് പുറത്തറിയുന്നത് റെജിക്ക് വലിയ നാണക്കേടായിരുന്നു. ബഹളമുണ്ടാകാറുള്ളത് പുറത്ത് പറയരുതെന്നും സന്ധ്യയോട് പറയാറുണ്ട്.
സന്ധ്യയെ കൊലപ്പെടുത്താന്‍ റെജി തയാറാകാത്തത് മക്കളുടേയും തന്റേയും മരണത്തിലൂടെ, സന്ധ്യക്ക് മനോവിഷമുണ്ടാക്കാനാണ് ലക്ഷ്യമിട്ടതെന്ന് കരുതുന്നതായി സിഐ പറയുന്നു. പെയിന്റിംഗ് തൊഴിലാളിയായ റെജി, ഹോട്ടല്‍ ജോലിയടക്കം പലതും ചെയ്തിട്ടുണ്ട്. മകന്‍ അഭനോവ് പഠനത്തില്‍ മിടുക്കനായിരുന്നു. കുട്ടിക്ക് ഹൃദയവാല്‍വിന് തകരാറുള്ളതിനാല്‍ റോട്ടറി ക്ലബിന്റെ സഹായത്തോടെ ഡല്‍ഹിയില്‍ ഓപ്പറേഷന്‍ നടത്തിയാണ് സുഖപ്പെടുത്തിയത്. ക്വിസ് മത്സരങ്ങളിലെല്ലാം പങ്കെടുത്തിരുന്ന അഭിനോവിനെ കൂട്ടൂകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. മൂന്നുപേരുടേയും സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് പിറമാടത്തുള്ള ശ്മശാനത്തില്‍ നടക്കും. കുട്ടികള്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ ഇവര്‍ പഠിച്ചിരുന്ന പിറവം എംകെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാവിലെ പൊതുദര്‍ശനത്തിനുവച്ചു.