കോഴിക്കോട്: കുറ്റിയാടി കെഎംസി ഹോസ്പിറ്റല്‍ ജീവനക്കാരിയായ ദളിത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കണ്ടെത്തല്‍. കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനം മുക്കാഞ്ഞിരം മനോഹരന്റെ മകളും ആശുപത്രി എക്സ്റേ ടെക്നീഷ്യനുമായ ആതിര(19) കഴിഞ്ഞ മാസം 10നാണ് ജീവനൊടുക്കിയത്. ആതിരയെയും കൂട്ടുകാരിയെയും രാത്രി പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച് ശേഷമായിരുന്നു ആതിര ജീവനൊടുക്കിയത്. എന്നാല്‍ ആതിരയ്ക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരി ഷബാനയുടെ മൊഴിയില്‍ നിന്നാണ് പോലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന നിഗമനത്തിലേക്ക് എത്തിയത്.
ആതിരയും കൂട്ടുകാരി ഷബാനയും രാത്രി സ്കൂട്ടര്‍ പഠിക്കുന്നതിനിടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്ത് ആശുപത്രി അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. ഹോസ്റ്റലില്‍ തിരിച്ചെത്തിയ ആതിര പിന്നീട് ജീവനൊടുക്കുകയായിരുന്നു. പോലീസ് പീഡനത്തെ തുടര്‍ന്നാണ് ആതിര ജീവനൊടുക്കിയതെന്ന പ്രചാരണം സംഭവത്തെ വിവാദമാക്കി. പോലീസ് അപമര്യാദയായി പെരുമാറുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ഷബാന മൊഴി നല്കി.
പോലീസിനെതിരായ ആരോപണം പോലീസ് തന്നെ അന്വേഷിക്കുന്നത് പിന്നീട് വിവാദങ്ങള്ക്കിടയാക്കുമെന്നു കണ്ടാണ് മജിസ്ട്രേട്ടിനു മുമ്പാകെ ഷബാനയുടെ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്. 164-ാം വകുപ്പ് പ്രകാരം വയനാട് സ്വദേശിനി ഷബാനയുടെ മൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ വടകര ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ജയ്സണ്‍.കെ.അബ്രഹാം മജിസ്ട്രേറ്റിന് അപേക്ഷ നല്‍കിയിരുന്നു. ഇതനുസരിച്ച് നാളെ ഷബാനയുടെ മൊഴി മജിസ്ട്രേറ്റ് രഹസ്യമായി രേഖപ്പെടുത്തും.
164-ാം വകുപ്പ് പ്രകാരം രേഖപ്പെടുത്തുന്ന മൊഴി പിന്നീട് മാറ്റിപ്പറയാനാവില്ല. പോലീസ് തങ്ങളെ സുരക്ഷിതമായി ആശുപത്രി അധികൃതര്‍ക്ക് കൈമാറിയിരുന്നതായി ഷബാന നേരത്തെ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പോലീസ് നടപടിയെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് നിരവധി സംഘടനകള്‍ പ്രശ്നം ആളിക്കത്തിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രി പടിക്കല്‍ ഒട്ടേറെ പ്രതിഷേധങ്ങളും നടത്തി.
സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് നിരവധി പോസ്റ്ററുകളും കുറ്റിയാടി ടൗണിലും പരിസരത്തും പ്രത്യക്ഷപ്പെട്ടിരുന്നു. ആതിരയുടെ മരണം കുറ്റിയാടിയില്‍ സിപിഎമ്മില്‍ പോലും വലിയ ഭിന്നത ഉളവാക്കയിരുന്നു. ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലീസിനെ പിന്തുണച്ചപ്പോള്‍ മറു വിഭാഗം എതിര്‍പ്പുമായി എത്തിയതാണ് പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പുണ്ടാക്കിയത്. അതേസമയം ആശുപത്രി മാനേജ്മെന്റ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്്. പിരിച്ചുവിടല്‍ ഭീഷണിയടക്കം ഉണ്ടായതായാണ് സൂചന.