പയ്യന്നൂര്‍: പട്ടാപ്പകല്‍ ഭാര്യയെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വാക്കേറ്റത്തിനിടയില്‍ തലയ്ക്കടിച്ചു വീഴ്ത്തിയശേഷമാണ് കഴുത്തറുത്ത് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നരഹത്യാക്കുറ്റത്തിന് അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പിന്നീട് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നു പെരിങ്ങോം സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി. സുഭാഷ് പറഞ്ഞു.
പെരിങ്ങോം പോലീസ് സ്റ്റേഷന് പരിധിയിലെ കാങ്കോല്‍ പപ്പാരട്ടയിലെ ബമ്മാരടി കോളനിയില്‍ താമസിക്കുന്ന പള്ളിക്കുടിയന്‍ ഹൗസില്‍ ഷാജി (40)യാണ് ഭാര്യ കണ്ണൂര്‍ മയ്യില്‍ പെരുമാച്ചേരിയിലെ കെ.വി. പ്രസന്നയെ (36) ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതിനുശേഷം പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതിയെ പെരിങ്ങോം പോലീസിന് കൈമാറി.
ഭാര്യയുടെ ദ്രോഹം പരമാവധി സഹിച്ചുവെന്നും തുടര്‍ന്നും സഹിക്കാനാകാതെ വന്നപ്പോഴാണ് കൃത്യം നടത്തിയതെന്നും പ്രതി പോലീസിന് മൊഴി നല്‍കിയതായാണ് സൂചന. മുമ്പ് ജോലിസ്ഥലത്തുണ്ടായ വീഴ്ചയില്‍ പരിക്ക് പറ്റിയശേഷം നിര്‍മാണ തൊഴിലാളിയായ ഷാജി ജോലിക്ക് പോകാനാവാതെ കഴിയുകയായിരുന്നു.
പിന്നീട് പ്രസന്നയാണ് ഭര്‍ത്താവിനെയും മൂന്നു മക്കളെയും സംരക്ഷിച്ചു വന്നത്.അപകടമുണ്ടാകുന്നതിന് മുമ്പാരംഭിച്ച വീടുനിര്‍മാണത്തിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയില്‍ കുറച്ചുനാളുകളായി ദമ്പതികള്‍ക്കിടയില്‍ അസ്വാരസ്യങ്ങളും വാക്കേറ്റങ്ങളുമുണ്ടായിരുന്നു.
ഇതേതുടര്‍ന്നാണ് പ്രസന്ന മക്കളായ ജനഷ, പാര്‍ഥീവ് ശിവ, ശിവദര്ശക് എന്നിവരെയുംകൂട്ടി കണ്ണൂരിലെ വീട്ടിലേക്ക് പോയത്. ഭാര്യയുമായി വിവാഹബന്ധം വേര്‍പെടുത്തുന്നതിനുള്ള ശ്രമങ്ങളും നടന്നുവരികയായിരുന്നു.
അതിനിടയിലായിരുന്നു നിര്‍മാണം പൂര്ത്തീകരിച്ചുകൊണ്ടിരുന്ന വീട്ടില്‍ ഭാര്യയുടെ ജീവനെടുത്ത സംഭവം. മക്കളെ സ്കൂളിലയച്ചശേഷം കാങ്കോലിലെ വീടിനടുത്തുള്ള ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പ്രസന്ന അതിനിടയില്‍ കോളനിയിലെ വീട്ടിലെത്തിയപ്പോഴാണ് തലയ്ക്കടിച്ചുവീഴ്ത്തിയ ശേഷം ഭര്‍ത്താവ് ദേഹത്തില്‍നിന്നും തലയറുത്തു മാറ്റിയത്.
വിവാഹ വീട്ടിലേക്ക് പോയിരുന്നതിനാല്‍ അടുത്ത വീടുകളില്‍ ആരുമുണ്ടായിരുന്നില്ല. സംഭവത്തിനുശേഷം പ്രതി ബൈക്കില്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കൊന്ന വിവരമറിയിച്ച് കീഴടങ്ങുകയായിരുന്നു.
വീട്ടിലേക്ക് പോയ പ്രസന്നയെ കാണാത്തതിനാല്‍ പരിസരവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ശ്രദ്ധയില്‍പെട്ടത്. സംഭവത്തെപ്പറ്റിയുള്ള അയല്‍വാസിയുടെ പരാതിയിലാണ് പെരിങ്ങോം പോലീസ് നരഹത്യക്ക് കേസെടുത്തത്.