ന്യൂഡൽഹി: ഡൽഹിക്കടുത്ത് ഗുഡ്ഗാവിൽ ജഡ്ജിയുടെ ഭാര്യയെയും മകനെയും സുരക്ഷ ഉദ്യോഗസ്ഥൻ വെടിവച്ചു. അഡീഷണൽ സെഷൻസ് ജഡ്ജ് കൃഷ്ണകാന്ത് ശർമയുടെ ഭാര്യക്കും മകനുമാണു വെടിയേറ്റത്. ഇരുവരെയും ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജഡ്ജിയുടെ ഭാര്യ റിതു അപകടനില തരണം ചെയ്തെങ്കിലും മകൻ ധ്രുവിന്റെ നില ഗുരുതരമാണ്.
ഭാര്യയെയും മകനെയും കാറിലിരുത്തി ജഡ്ജി മാർക്കറ്റിനകത്തേക്കു പോയ നേരത്താണ് മഹിപാൽ ഭാര്യക്കും മകനും നേർക്കു വെടിയുതിർത്തത്. സംഭവത്തിൽ ഹെഡ് കോണ്സ്റ്റബിൾ മഹിപാലിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഗുഡ്ഗാവ് സെക്ടർ 49ലെ അർക്കാഡിയ മാർക്കറ്റിന് സമീപം ശനിയാഴ്ച മൂന്നരയോടെയാണു സംഭവം. ഒന്നര വർഷമായി ജഡ്ജിയോടൊപ്പമുള്ള ഗണ്മാൻ മഹിപാലാണ് വെടിയുതിർത്തത്. ആദ്യം ജഡ്ജിയുടെ ഭാര്യയുടെ നേർക്ക് നിറയൊഴിച്ചു. തുടർന്ന് മകനെയും വെടിവെച്ചു വീഴ്ത്തി.
പിന്നീട് വെടിയേറ്റു വീണ ജഡ്ജിയുടെ മകനെ ഇവർ വന്ന കാറിലേക്കു വലിച്ചുകയറ്റി ഇയാൾ രക്ഷപെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടിയെ റോഡിൽ ഉപേക്ഷിച്ച് ഇയാൾ കാറുമെടുത്ത രക്ഷപെടാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ ദൃക്സാക്ഷികൾ മൊബൈൽ ഫോണ് കാമറയിൽ പകർത്തിയത് പോലീസിന് കൈമാറിയിട്ടുണ്ട്.
സംഭവത്തിന് ശേഷം സദർ പോലീസ് സ്റ്റേഷനിലെത്തിയ മഹിപാൽ അവിടെയും തോക്കെടുത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് അവിടെ നിന്നു കടന്നു കളഞ്ഞു. പിന്നീട് പോലീസ് പിൻതുടർന്നു പിടികൂടുകയായിരുന്നു.
അക്രമത്തിനു പിന്നിലെ കാരണത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് കിഴക്കൻ ഗുഡ്ഗാവ് ഡിസിപി പറഞ്ഞു. ജഡ്ജിയുടെ കുടുംബാംഗങ്ങളിൽ നിന്നുണ്ടായ മോശം പെരുമാറ്റമാണ് മഹിപാലിലെ അക്രമത്തിനു പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.