കൊച്ചി: വിവിധ കുറ്റകൃത്യങ്ങളിലും അഴിമതി, അധികാര ദുർവി നിയോഗം തുടങ്ങിയ കാരണങ്ങളാലും സസ്പെൻഡ് ചെയ്യപ്പെടുകയോ ശിക്ഷാ നടപടി നേരിടുകയോ ചെയ്യുന്ന പോലീസു ദ്യോഗസ്ഥരുടെ ഫോട്ടോ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാം.
കുറ്റോരോപിതരുടെ ഫോട്ടോ കൊടുക്കാത്തത് ന്യായീകരിക്കാനാവില്ലെന്നും ഇത്തരം ഉദ്യോഗസ്ഥരുടെ ഫോട്ടോ മാധ്യമങ്ങളിൽ നൽകുന്നത് അഴിമതി കുറയ്ക്കുന്നതിന് ഏറെ പ്രയോജനകരമാണെന്ന് കാണിച്ച് മനുഷ്യാവകാശ പ്രവർത്തകനായ കോട്ടയം സ്വദേശി കെ.ജെ. ജോസ്പ്രകാശ് സംസ്ഥാന പോലീസ് മേധാവിക്ക് ഇ-മെയിൽ സന്ദേശമയച്ചിരുന്നു. പോലീസ് വകുപ്പിൽനിന്നും ഇക്കാര്യത്തിൽ നടപടികളുണ്ടായില്ലെങ്കിൽ പൊതു സമൂഹം ഈ ഉത്തരവാദിത്തമേറ്റെടുത്ത് സോഷ്യൽ മീഡിയ യിലൂടെ കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ തുറന്നു കാട്ടുമെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.
സംസ്ഥാന പോലീസ് മേധാവിക്കുള്ള തുറന്ന കത്ത് എന്ന തലക്കെട്ടിൽ ഇത് കഴിഞ്ഞ വർഷം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതാണ്. ജോസ്പ്രകാശിന്റെ അഭിപ്രായം പോലീസ് ആസ്ഥാനത്തെ പെറ്റീഷൻ മോണിട്ടറിംഗ് സെല്ലിലേയ്ക്ക് കൈമാറിയതായി അറിയിപ്പു കിട്ടി.
പിന്നീട് ഈ വിഷയത്തിലുള്ള നടപടികൾ അറിയാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചതിനു മറുപടി ലഭിച്ചു. പോലീസ് ആസ്ഥാനത്തെ ഹൈടെക്ക് ക്രൈം എൻക്വയറി സെല്ലിൽ വിശകലനം ചെയ്തതിൽ ഈ വിഷയം സൈബർ കുറ്റകൃത്യത്തിൽ ഉൾപ്പെടുകയില്ലന്നാണ് രേഖാമൂലമുള്ള മറുപടിയിൽ അറിയിച്ചിരിക്കുന്നത്.