പൊൻകുന്നം: തെക്കേത്തുകവലയിൽ ഒരു കുടുംബത്തിലെ നാലുപേർ വീടിനുള്ളിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ടിട്ടുള്ള അന്വേഷണം നടന്നു വരുന്നതായി പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ആർ. മോഹൻദാസ് അറിയിച്ചു. തെക്കേത്തുകവല താന്നുവേലികുന്നേൽ ഭാഗത്തു മൂഴിമേൽ ബിജുവിന്റെ ഭാര്യ ദീപ്തി (മനു32), ബിജുവിന്റെ അമ്മ പൊന്നമ്മ (65), മക്കളായ ഗൗരിനന്ദ (10), ഗാഥാനന്ദ (5) എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
സാന്പത്തിക പ്രശ്നവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളിയിലെ ഒരു സ്വകാര്യ സ്ഥാപത്തിലെ ജീവനക്കാർ സംഭവ ദിവസം ജൂവലറിയിലെ കളക്ഷൻ ഏജന്റായി പ്രവർത്തിക്കുന്ന ദീപ്തിയെ അന്വേഷിച്ചെത്തിയെങ്കിലും ആരേയും കാണാത്തതിനാൽ മടങ്ങിപ്പോയതായി സമീപവാസികൾ പറയുന്നു.
ബുധനാഴ്ച രാത്രി ഏഴിനാണ് വീടിനുള്ളിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ബിജു പാലായിൽ ഗൃഹോപകരണ വിൽപ്പനശാലയിലെ ജീവനക്കാരനാണ്. ബിജു വൈകിട്ട് വീട്ടിലേക്കു വിളിച്ചപ്പോൾ ആരെയും കിട്ടാതായപ്പോൾ അയൽവാസികളെ വിളിച്ചു വിവരം തേടി. അവർ ചെന്നു അന്വേഷിച്ചപ്പോഴാണ് വീട്ടിൽ എല്ലാവരും മരിച്ചു കിടക്കുന്നതായി കാണപ്പെട്ടത്.
ജീവനുണ്ടെന്നു സംശയമുയർന്നതിനെത്തുടർന്ന് ഗാഥാനന്ദയെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.
ആശാ വർക്കാറായ ദീപ്തിയുടെ അരികിൽ സിറിഞ്ചുണ്ടായിരുന്നതായി കാണാപ്പെട്ടു. അതിനാൽ വിഷം കുത്തി വച്ച് ഭർത്താവിന്റെ മാതാവിനേയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം.
മരിച്ച ദീപ്തിയുടെ ഫോണ് കോളുകൾ പരിശോധിക്കുകയും ബിജുവിനെ ചോദ്യം ചെയ്യുകയും ചെയ്യും. മരണം നടന്ന വീട് സീൽ വെച്ച് കാവൽ ഏർപ്പെടുത്തിയതായി പോലീസ് പറഞ്ഞു. രാവിലെ പത്തു മണിയോടെ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ട നടപടികൾ ആരംഭിച്ചു. പൊൻകുന്നം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.