കൊല്ലങ്കോട്: എലവഞ്ചേരി കാരക്കാട് കുടുംബവഴക്കിനെ തുടർന്ന് അടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. കാരക്കാട് പരേതനായ നാരായണൻ സ്വാമി യുടെ മകന് പ്രകാശൻ (32) ആണ് മരിച്ചത്. സഹോദരൻ കൃഷ്ണദാസിനെ (29) പോലീസ് അറസ്റ്റുചെയ്തു.
വെൽഡിംഗ് തൊഴിലാളിയാണ് പ്രകാശൻ. അയൽ ജില്ലകളിൽ ജോലിചെയ്ത് അവധിക്ക് വീട്ടിലെത്തിയാൽ മദ്യപിച്ച് പ്രശനങ്ങൾ ഉണ്ടാക്കുക പതിവാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ വീണ്ടും വഴക്കുണ്ടായി. വീടിന് സമീപത്തുള്ള മൈതാനത്തിൽവച്ച് ഇരുന്പു പൈപ്പ് കൊണ്ട് സഹോദരൻ ജ്യേഷ്ഠന്റെ തലയിൽ അടിക്കുകയായിരുന്നത്രേ.
കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച പ്രകാശനെ വിദഗ്ധ ചികിത്സക്കായി തൃശൂരിലെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്ന വഴി മരിച്ചു. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. ആലത്തൂർ ഡിവൈഎസ്പി ഷംസുദീൻ, കൊല്ലങ്കോട് സി ഐ കെ പി ബെന്നി, എസ് ഐ പി.ബി അനീഷ്, ഫോറൻസിക് വിദഗ്ധ റിനി തോമസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
അറസ്റ്റിലായ കൃഷ്ണദാസിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൃത്യം നടത്താൻ ഉപയോഗിച്ച ഇരുന്പ് പൈപ്പും പോലീസ് കണ്ടെത്തി. മാതാവ്: അമ്മു. സഹോദരങ്ങൾ: ശെൽവൻ, മണികണ്ഠൻ