ഇരിട്ടി: ഹൈദരാബാദ് സ്വദേശിയായ റിയൽഎസ്റ്റേറ്റ് ഉടമ രമേഷ്കുമാറിനെ കൊന്നശേഷം കുടകിലെ സുണ്ടികുപ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ കാപ്പിത്തോട്ടത്തിൽ പെട്രോൾ ഒഴിച്ച് കത്തിച്ച കേസിലെ മുഖ്യപ്രതി അങ്കൂർ റാണ തെളിവെടുപ്പിനിടയിൽ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. തെലങ്കാനയിലെ ഉപ്പൽ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസസ്ഥലത്തു നിന്നാണ് പ്രതി രക്ഷപ്പെട്ടത്.
കുടക് പോലീസിന് ഏറെ പ്രശംസ ലഭിച്ച കേസ് അന്വേഷണത്തിലെ പ്രതിയാണ് രാത്രിയിൽ കാവലിൽ ഉണ്ടായിരുന്ന പോലീസിനെയും കബിളിപ്പിച്ച് ജനൽ വഴി ചാടി രക്ഷപെട്ടത്.കുറ്റകൃത്യം നടന്ന സ്ഥലത്ത് ഹൈദരാബാദിൽ നിന്ന് 30 കിലോമീറ്റർ അകലെ ഉപ്പലിന് സമീപം, ഉഡുപ്പി ഗാർഡൻ ഹോട്ടലിന്റെ മൂന്നാം നിലയിലാണ് പ്രതികൾ ഉൾപ്പെടെ എല്ലാവരും താമസിച്ചിരുന്നത്.
രക്ഷപ്പെടുമ്പോൾ പ്രതി പോലീസിന്റെ പക്കലുണ്ടായിരുന്ന ആശയവിനിമയ ഉപകരണവും കൈക്കലാക്കി കടന്നുകളഞ്ഞതായാണ് ലഭിക്കുന്ന വിവരം. ചെവ്വാഴ്ചയാണ് പ്രതികളെയും കൊണ്ട് 13 അംഗ പോലീസ് സംഘം ബാംളുരുവിൽ നിന്നു തെലങ്കാനയിലേക്കു പോകുന്നത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. തെലുങ്കാന പോലീസിന്റെ സഹായത്തോടെ രക്ഷപ്പെട്ട പ്രതിക്കായുള്ള തെരച്ചിൽ പോലീസ് തുടരുകയാണ്. സംഭവം അറിഞ്ഞതോടെ ഉന്നത ഉദ്യോഗസ്ഥർ അടക്കം കുടക് പോലീസിന്റെ കൂടുതൽ സംഘം സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
രമേഷ്കുമാറിനെ കൊന്നശേഷം കുടകിലെ സുണ്ടികുപ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ കാപ്പിത്തോട്ടത്തിൽ പെട്രോൾ ഒഴിച്ച് കത്തിച്ച കേസിലാണ് രണ്ടാം ഭാര്യ അടക്കം മൂന്ന് പ്രതികൾ കർണാടക പോലീസിന്റെ പിടിയിലായത്. രണ്ടാം ഭാര്യ ബാംഗളൂരിലെ ഐ ടി ജീവനക്കാരിയയായ തെലങ്കാന സ്വദേശിനി നിഹാരിക, ഹരിയാന സ്വദശി അങ്കൂർ റാണ, തെലങ്കാന സ്വദേശിയും ബാംഗ്ളൂരിലെ താമസക്കാരനുമായ നിഖിൽ എന്നിവരാണ് കേസിലെ പ്രതികൾ.
അങ്കൂർ റാണയാണ് കൊലപാതകത്തിലെ മുഖ്യപ്രതി. രണ്ടാം ഭാര്യയും കൂട്ടാളികളും ചേർന്ന് രമേഷ്കുമാറിന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ നടത്തിയ ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഹൈദരാബാദിൽ വച്ച് അംങ്കൂർ റാണയും നിഹാരികയും ചേർന്ന് കൊല നടത്തിയ ശേഷം നിഖിലിന്റെ സഹായത്തോടെയാണ് കൊടകിലെ കാപ്പിത്തോട്ടത്തിൽ എത്തിച്ച് മൃതദേഹം കത്തിച്ചത്.കൃത്യം കഴിഞ്ഞ ശേഷം മുങ്ങിയ പ്രധാനപ്രതി അംങ്കൂർ റാണയെ ഹരിദ്വാറിൽ വച്ചായിരുന്ന കർണാടക പോലീസ് പിടികൂടിയത്.