ലുധിയാന: കുട്ടികളില്ലെന്ന് പറഞ്ഞ് കളിയാക്കിയ അയല്‍വാസികളായ മൂന്നുപേരെ യുവാവ് തലയ്ക്കടിച്ച് കൊന്നു. പഞ്ചാബിലെ ലുധിയാനയിലെ താബ്രിയിലാണ് സംഭവം.
സുരീന്ദര്‍ കൗര്‍(70), ഭര്‍ത്താവ് ചമന്‍ലാല്‍(75), ഭര്‍തൃമാതാവ് സൂര്‍ജിത്(90) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ റോബിന് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
മൂന്നുവര്‍ഷം മുന്‍പായിരുന്നു റോബിന്റെ വിവാഹം. വിവാഹം കഴിഞ്ഞിട്ട് ഇത്രയും നാളുകളായിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ ചൊല്ലി അയല്‍വാസികളായ ഇവര്‍ റോബിനെ നിരന്തരം കളിയാക്കുമായിരുന്നു.
ഭാര്യയുടെ മുന്നില്‍വച്ചും ഇക്കാര്യം പറഞ്ഞത് റോബിനില്‍ പകയുണ്ടായി. ഇതേതുടര്‍ന്ന് അയല്‍വാസികളുടെ വീട്ടിലെത്തിയ റോബിന് ചുറ്റിക കൊണ്ട് ഇവരുടെ തലയില്‍ അടിച്ചുകൊല്ലുകയായിരുന്നു.
പാല്‍ക്കാരനാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണം റോബിനില്‍ എത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഓട്ടോ ഡ്രൈവറാണ് റോബിന്.