റാഞ്ചി: വിവാഹത്തിന് വിസമ്മതിച്ച ആൺസുഹൃത്തിനെ പ്രലോഭിച്ച് വിളിച്ചു വരുത്തിയ ശേഷം വെട്ടി കൊന്ന് യുവതി. ജാർഖണ്ഡിലെ പലാമു ജില്ലയിലെ പാടാൻ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കൊൽഹുവ ഗ്രാമത്തിലാണ് സംഭവം.
ധർമൻ ഒറോൺ (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഞ്ജലി കുമാർ(20)നെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിന്റെ രക്തം പുരണ്ട യുവതിയുടെ വസ്ത്രം കൊലപാതകത്തിന് ഉപയോഗിച്ച കോടാലി എന്നിവ പോലീസ് കണ്ടെടുത്തു.
ധർമൻ ഒറോണുമായി അഞ്ജലിക്ക് ബന്ധമുണ്ടായിരുന്നു. ധർമനെ വിവാഹം കഴിക്കാൻ യുവതി ആഗ്രഹിച്ചു. എന്നാൽ വിവാഹാഭ്യർഥന ധർമൻ നിരസിച്ചു. തുടർന്ന് ധർമനെ വകവരുത്താൻ തീരുമാനിച്ച യുവതി ശനിയാഴ്ച ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇയാളെ വിളിച്ചുവരുത്തി.
കുറച്ചു നേരം സംസാരിച്ചതിന് ശേഷം ഉറങ്ങിപ്പോയ ധർമനെ കൈവശം സൂക്ഷിച്ച കോടാലി കൊണ്ട് അഞ്ജലി വെട്ടി കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹം കുറ്റിക്കാട്ടിൽ ഒളിപ്പിച്ച ശേഷം യുവതി സ്ഥലം വിട്ടു. ഞായറാഴ്ച നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ജലിയെ അറസ്റ്റ് ചെയ്തത്.