കൊച്ചി: ഉഴുന്നുവടയുടെ രുചിവ്യത്യാസത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നു വൈറ്റിലയില്‍ ഹോട്ടല്‍ ഉടമ കൊലചെയ്യപ്പെട്ട കേസില്‍ പോലീസ് തെളിവെടുപ്പ് ആരംഭിച്ചു. വൈറ്റിലയിലെ ഹോട്ടല്‍ ഉടമ എം.ജെ. ജോണ്‍സണെ (ആല്ബിന്-45) പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കട്ടപ്പന പുളിയന്മല കമ്പിനിപ്പടി പരുത്തിക്കാട്ടില്‍ പി.എസ്. രതീഷിനെ (28) സ്ഥലത്ത് എത്തിച്ചാണു പോലീസ് തെളിവെടുപ്പ് നടത്തുന്നത്. ഇന്നു രാവിലെ ആറരയോടെ ആരംഭിച്ച തെളിവെടുപ്പ് ഉച്ചയോടെ അവസാനിക്കും.
സൗത്ത് സിഐ വി.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയുമായി വൈറ്റില മേജര്‍ റോഡിലും പാരഡൈസ് റോഡിലും ഉള്‍പ്പെടെ തെളിവെടുപ്പ് നടത്തി. ഹോട്ടലിലും സമീപ പ്രദേശങ്ങളിലും തെളിവെടുപ്പു നടത്തിയശേഷം വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുമെന്നു സിഐ വ്യക്തമാക്കി. അതേസമയം കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തി ഇതുവരെ പോലീസിനു കണ്ടെത്താനായിട്ടില്ല. പ്രതി പരസ്പര വിരുദ്ധമായി മൊഴി നല്‍കുന്നതാണു കത്തി കണ്ടെത്താന്‍ പോലീസിനു സാധിക്കാത്തതെന്നാണു സൂചന.
കൊലപാതകം നടത്തിയ രീതിയും കൊലപാതകശേഷം ഓടി രക്ഷപ്പെട്ട വഴിയും പലതരത്തിലാണു പ്രതി പോലീസിനോട് വിവരിച്ചത്. ഹോട്ടലില്‍ ഭക്ഷണം കഴിച്ചശേഷം കൃത്യം ചെയ്യാന്‍ കാത്തിരുന്ന സ്ഥലം ഉള്‍പ്പെടെ പ്രതി കാട്ടികൊടുെത്തങ്കിലും പരസ്പര വിരുദ്ധമായ വിവരങ്ങള്‍ പറയുന്നതു പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. പ്രതി താമസിച്ചുവന്നിരുന്ന കടവന്ത്രയില്‍ വീട്ടില്‍ ഇന്നലെതന്നെ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പ് നടക്കുന്നുവെന്നറിഞ്ഞു സ്ഥലത്തു നൂറുകണക്കിന് ആളുകളാണു തടിച്ചുകൂടിയത്.
നാട്ടുകാര്‍ തടിച്ചുകൂടുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണു പോലീസ് തെളിവെടുപ്പു നടത്തിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു കൊലപാതകം നടന്നത്. ജോണ്‍സന്റെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ രതീഷ് താന്‍ കഴിച്ച ഉഴുന്നുവടയ്ക്കു പുളിപ്പുണ്ടെന്നു പറഞ്ഞു ബഹളമു ണ്ടാക്കുകയും ഹോട്ടലിനു പുറത്തുവച്ചു കത്തികൊണ്ടു കഴുത്തിനു കുത്തി ജോണ്‍സണെ കൊലപ്പെടുത്തിയെന്നുമാണു കേസ്. സംഭവത്തിനുശേഷം രാത്രി ബസില്‍ കട്ടപ്പനയിലേക്കു പുറപ്പെട്ട പ്രതി വാഴവരയില്‍ എത്തിയപ്പോള്‍ പോലീസിനു ഫോണ്‍ ചെയ്തു കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചു. തുടര്‍ന്നു
കട്ടപ്പന സിഐ വി.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കട്ടപ്പനയ്ക്കു സമീപം വാഴവരയില്നിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി കീഴടങ്ങിയ വിവരം കൊച്ചി പോലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ കട്ടപ്പനയിലെത്തിയ എറണാകുളം സൗത്ത് സിഐ സിബി ടോമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മദ്യലഹരിയിലാണു കൊലപാതകം നടത്തിയതെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. രതീഷിന്റെ ബന്ധുക്കളും എറണാകുളത്ത് താമസിക്കുന്നുണ്ട്. സ്ഥിര മദ്യപാനിയായ ഇയാള്‍ എറണാകുളം ജില്ലയില്‍ രണ്ടു കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു. അതേസമയം, ജോണ്‍സന്റെ സംസ്കാരം നടത്തി. ഇന്നലെ ഉച്ചയോടെ വൈറ്റില ജൂണിയര്‍ ജനതാ റോഡിലെ വീട്ടിലെത്തിച്ചു പൊതുദര്‍ശനത്തിനു വച്ചശേഷം തൈക്കൂടം സെന്റ് റാഫേല്‍ പള്ളിയിലായിരുന്നു സംസ്കാരം.