ചങ്ങനാശേരി: ബംഗാൾ സ്വദേശിനിയായ യുവതി പായിപ്പാട്ടുള്ള വാടകവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം ഒപ്പം താമസിച്ചിരുന്ന ബംഗാൾ സ്വദേശി റൂഹുൾ (44) നെ പോലീസ് ചെയ്യുന്നു. ഇയാൾ ചോദ്യങ്ങളോടു കാര്യമായി പ്രതികരിക്കാത്തത് പോലീസിനെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ബംഗാളിലെ മാൾഡ സ്വദേശിനി തസ്ലീമ (22) ആണ് ഇന്നലെ രാവിലെ 10.30-ഓടെ പായിപ്പാട് വെള്ളാപ്പള്ളിക്കടുത്തുള്ള കീഴടി ഭാഗത്തു വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയു ടെ മരണത്തെത്തുടർന്നു കാണാതായ മാൽഡ സ്വദേശി റൂഹുളിനെ ഇന്നലെ വൈകുന്നേരം നാലിനു എറണാകുളം സൗത്ത് റെയിൽവേസ്റ്റേഷനിൽനിന്നും ആർപിഎഫ് പിടികൂടി. തൃക്കൊടിത്താനം പോലീസിനു കൈമാറിയിരുന്നു.
ഇന്നലെ രാത്രിയോടെ ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെത്തിച്ച റൂഹുളിനെ കേസിന്റെ അന്വേഷണ ചുമതലയുള്ള സർക്കിൾ ഇൻസ്പെക്ടർ കെ.പി. വിനോദിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തുവരുന്നു. ഇതുവരെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, പോലീസ് ഇൻക്വസ്റ്റിനും ഫോറൻസിക് വിദഗ്ധരുടെ പരിശോധനയ്ക്കും ശേഷം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച യുവതിയുടെ മൃതദേഹം ഇന്നു പോസ്റ്റുമോർട്ടം നടത്തും. ഇതിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നാണു പോലീസ് പറയുന്നത്.
റൂഹുൾ ഒന്നിലേറെ വിവാഹങ്ങൾ നടത്തിയിട്ടുള്ളതായി സൂചന
ചങ്ങനാശേരി: ബംഗാളിലെ മാൾഡ സ്വദേശിയായ റൂഹുൾ ഒന്നിലേറെ സ്ത്രീകളെ വിവാഹം ചെയ്തിട്ടുണ്ടെന്നു പോലീസിനു സൂചന. റൂഹുളിന്റെ സുഹൃത്തുക്കളെ ചോദ്യംചെയ്തതിൽനിന്നാണു പോലീസിന് ഈ വിവരം ലഭിച്ചിരിക്കുന്നത്.
ഇയാൾക്കു മാൾഡയിൽ മൂന്നു ഭാര്യമാരും മക്കളും ഉണ്ടെന്നാണു സുഹൃത്തുക്കൾ പോലീസിനു നൽകിയ വിവരം. മൂന്നുമാസം മുന്പാണു തസ്ലീമ പായിപ്പാട്ട് എത്തിയത്. കഴിഞ്ഞ അഞ്ചുവർഷത്തിലേറെയായി റൂഹുൾ പായിപ്പാട്ട് വിവിധ ക്യാന്പുകളിൽ താമസിച്ച് ജോലിചെയ്തുവരികയായിരുന്നു.
തസ്ലിമ എത്തിയതോടെയാണു വെള്ളാപ്പള്ളി ഭാഗത്തുള്ള വാടകവീട്ടിലേക്കു താമസം മാറ്റിയത്. ഇരുവരും ഒരുമുറിയിലും മറ്റ് ആറ് ഇതര സംസ്ഥാന തൊഴിലാളികൾ ഇതേവീടിന്റെ മറ്റൊരു മുറിയിലുമാണു താമസിച്ചിരുന്നത്. തീരെ ചെറിയ വീട്ടിൽ ചുരുങ്ങിയ സൗകര്യങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഏകദേശം 50 ചതുരശ്ര അടി മാത്രം വിസ്തൃതിയുള്ള ഒരു മുറിയിൽ വളരെ ബുദ്ധിമുട്ടിലായിരുന്നു ഇവരുടെ താമസം. വീട്ടിൽ സ്ഥിരമായി റൂഹുളും തസ്ലിമയും തമ്മിൽ വഴക്കു കൂടാറുണ്ടായിരുന്നുവെന്നും സുഹൃത്തുക്കൾ പോലീസിനു മൊഴിനൽകിയിട്ടുണ്ട്.
ഇന്നലെ രാവിലെ വീടിനു പുറത്തേക്കു തസ്ലിമയെ കാണാതിരുന്നതും സുഹൃത്തുക്കൾക്കിടയിൽ സംശയം ജനിപ്പിച്ചിരുന്നു.തസ്ലിമയ്ക്ക് പനി കൂടുതലാണെന്നും താൻ മരുന്നുവാങ്ങാനായി പോകുകയാണെന്നും റൂഹുൾ ഫോണിൽ മറ്റുസുഹൃത്തുക്കളോടു പറഞ്ഞിരുന്നു. ജോലിക്കുപോയ സുഹൃത്തുക്കൾ തിരികെ വന്നു വീട്ടിൽ മുട്ടിവിളിച്ചപ്പോൾ തസ്ലിമ കതക് തുറന്നില്ല. തുടർന്നു കതകു തുറന്നുനോക്കിയപ്പോഴാണു തസ്ലിമയെ ബോധരഹിതയായി കണ്ടത്. ഇവർ വീട്ടുടമയെയും പോലീസിലും അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ തൃക്കൊടിത്താനം പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണു തസ്ലിമയെ മരിച്ച നിലയിൽ കണ്ടെത്തിയത്.