തലശേരി: ബിജെപി പ്രവർത്തകൻ ധർമടം അണ്ടല്ലൂർ ചോമന്റെവിട സന്തോഷ് കുമാറിനെ (53)വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം പോലീസ് ഉൗർജിതമാക്കി. ജില്ലാ പോലീസ് മേധാവി കെ.പി.ഫിലിപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ തലശേരി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം, പാനൂർ സിഐ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് കേസന്വേഷിക്കുന്നത്.
വെട്ടേറ്റ് വീണ സന്തോഷ് സഹായത്തിനായി വിളിച്ച ഭാര്യയുൾപ്പെടെയുള്ളവരുടെ ഫോണ് കോളുകളും അക്രമിക്കപ്പെടുന്നതിനു മുന്പ് സന്തോഷിന്റെ ഫോണിലേക്ക് വന്ന കോളുകളും കേസിൽ നിർണായക വഴിത്തിരിവാകും. സന്തോഷിന്റെ ഫോണ് കോളുകളുടെ വിശദമായ വിവരങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് ശേഖരിച്ചു വരികയാണ്. കൂടാതെ സന്തോഷിന്റെ ഭാര്യയുടെ മൊഴി അടുത്ത ദിവസം പോലീസ് രേഖപ്പെടുത്തും. തന്നെ അക്രമിച്ചവരെ കുറിച്ച് സന്തോഷ് ഭാര്യയോടെ പറഞ്ഞിട്ടുണ്ടാകുമെന്ന വിശ്വാസത്തിലാണ് പോലീസ്. സന്തോഷ് അണ്ടല്ലൂരിലെ വീട്ടിലുണ്ടെന്ന് വ്യക്തമായി അറിയാവുന്നവരാണ് കൊല നടത്തിയതെന്നാണ് പോലീസ് കരുതുന്നത്.
ചെറുതും വലുതുമായ 30 മുറിവുകളാണ് സന്തോഷിന്റെ ദേഹത്തുണ്ടായിരുന്നതെന്ന് മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ മട്ടന്നൂർ സിഐ ഷജു ജോസഫിന്റെ റിപ്പോർട്ടിലുണ്ട്. പുറത്തും ഇടതു തോളിനും തുടയ്ക്കുമാണ് ആഴത്തിൽ മുറിവേറ്റിട്ടുള്ളത്. ഇതിൽ പ്രത്യേക ആയുധം ഉപയോഗിച്ചുള്ള പുറത്തേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പ്രഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് എട്ട് സിപിഎം പ്രവർത്തകരാണ് ഇപ്പോൾ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. രണ്ട് ദിവസങ്ങളിൽ നടത്തിയ റെയ്ഡിലാണ് എട്ട് പേർ വലയിലായിട്ടുള്ളത്. കസ്റ്റഡിയിലുള്ളവർക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന കാര്യം വിശദമായ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് ജില്ലാ പോലീസ് ചീഫ് കെ.പി ഫിലിപ്പ് രാഷ്ട്രദീപികയോട് പറഞ്ഞു.
ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം കസ്റ്റഡിയിലുള്ളവരെ ഇന്ന് ചോദ്യം ചെയ്യും. ബ്രണ്ണൻ കോളജിൽ വച്ച് ഡിവൈഎഫ് പ്രവർത്തകൻ അരിലിനെ വെട്ടിയതിന്റെ പ്രതികാരമായിട്ടാണ് സന്തോഷിനെ അക്രമിച്ചതെന്നാണ് പോലീസിന് ലഭിച്ചിട്ടുളള സൂചന. കൊലപാതകം നടന്ന വീടും പരിസരവും ഫോറൻസിക് സംഘം പരിശോധിച്ചു. ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി.
കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുന്ന ധർമടം മേഖലയിൽ പോലീസ് കനത്ത ജാഗ്രത പുലർത്തി വരികയാണ്. രണ്ട് കന്പനി സായുധ സേനയെയാണ് സംഘർഷ മേഖലകളിൽ വിന്യസിച്ചിട്ടുള്ളത്.