കോട്ടയം: ഭാര്യാ മാതാവിനെ ഉലയ്ക്കക്കു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൈപ്പുഴ മേക്കാവ് അംബിക വിലാസം ഹരിജൻകോളനിയിൽ ശ്യാമള(55)യാണ് കൊല്ലപെട്ടത്. സംഭവത്തിൽ ശ്യാമളയുടെ മകളുടെ ഭർത്താവ് ആർപ്പൂക്കര പൊന്നപ്പാറ (അത്താഴപ്പാടം) എ.ടി. നിഷാദിനെ (34) ഗാന്ധിനഗർ പോലിസ് അറസ്റ്റു ചെയ്തു. ഇയാൾ കൊലപാതകകേസുകളുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ പുലർച്ചെ അഞ്ചിനുശേഷമാണ് സംഭവം. സംഭവത്തെപ്പറ്റി പോലിസ് പറയുന്നതിങ്ങനെ. ഗൾഫിൽ ജോലി നോക്കിവരികയായിരുന്ന ശ്യാമള ജനുവരി 17നാണ് നാട്ടിലെത്തിയത്. ഇവർ പുതുതായി നിർമിക്കുന്ന വീടിെൻറ നിർമാണത്തിൽ സഹായിക്കാനാണു മകളും ഭർത്താവായ നിഷാദും ശ്യാമളയുടെ വീട്ടിലെത്തിയത്. കഴിഞ്ഞദിവസം വൈകുന്നേരം മുതൽ നിഷാദും ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബം ശ്യാമളയ്ക്കും മാതാവായ തങ്കമ്മ(70)യ്ക്കുമൊപ്പം വീട്ടിലുണ്ടായിരുന്നു.
പുലർച്ചെ അഞ്ചിനുശേഷം ഉറങ്ങി കിടന്ന ശ്യാമളയെ നിഷാദ് ഉലയ്ക്കക്ക് തലയ്ക്ക് അടിച്ച വിവരം വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ അറിഞ്ഞിരുന്നില്ലെന്നാണ് പറയുന്നത്. രാവിലെ 7.15ന് ശ്യാമളയുടെ മാതാവ് തങ്കമ്മയും നിഷാദിന്റെ ഭാര്യ സുനിയും നിഷാദിന്റെ സഹോദരിയും ചേർന്ന് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചു കൊണ്ടിരുന്ന നിഷാദിനെ ഡോക്ടറെ കാണിക്കുന്നതിനായ് മെഡിക്കൽ കോളജിലേക്ക് പോയതായി സുനി പോലീസിനു മൊഴിനൽകി.
എന്നാൽ അടുത്ത വീട്ടിലെ പെണ്‍കുട്ടിയാണ് കട്ടിലിൽ പുതപ്പിട്ട് മൂടിയ നിലയിൽ ശ്യാമളയെ കണ്ടത്. ഉടൻ അയൽവാസികൾ ചേർന്ന്് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ശ്യാമളയുടെ തലയുടെ വലതുഭാഗത്ത് മുറിവും വലതുചെവിയിൽ നിന്ന് രക്തവും വന്ന നിലയിലായിരുന്നു. മാനികാസ്വസ്ഥ്യം പ്രകടിപ്പിച്ച നിഷാദിനെ ഡോക്്ടറെ കാണിക്കുവാനാണ് ആശുപത്രിയിൽ പോയതെന്ന് സുനി പോലിസിനോട് മൊഴി നൽകിയിട്ടുണ്ട്. അമ്മ മരിച്ചതറിയാതെയാണ് പോയതെന്നും സുനി മൊഴി നൽകി. താൻ കൊല നടത്തിയെന്ന് നിഷാദും ഇവരെ അറിയിച്ചില്ല. മെഡിക്കൽ കോളജിൽ ചെന്നതിനുശേഷം സുനി വീട്ടിലെ ഫോണിലേക്ക് വിളിച്ചെങ്കിലും ആരും എടുത്തില്ല. പിന്നീട് അടുത്തവീട്ടിലെ പെണ്‍കുട്ടിയെ ഫോണ്‍ ചെയ്ത് അമ്മയെ അന്വേഷിക്കാൻ ആവശ്യപ്പെട്ടു.
തുടർന്ന് ആ വീട്ടിലെ പെണ്‍കുട്ടി ശ്യാമളയ്്ക്ക് ഫോണ്‍ കൊടുക്കുന്നതിനായി ചെന്നപ്പോഴാണ് പുതപ്പിട്ട് മൂടിയ നിലയിൽ കണ്ടത്. പിന്നീട് അയൽവാസികൾ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. നിഷാദിനെ മെഡിക്കൽകോളജ് ആശുപത്രിയിൽ നിന്നാണ് ഗാന്ധിനഗർ പോലിസ് പിടികൂടിയത്. ഗാന്ധിനഗർ സ്റ്റേഷനിൽ എത്തിച്ച് ചോദ്യംചെയ്തപ്പോഴാണ് നിഷാദ് കുറ്റം സമ്മതിച്ചത്.
ഉലക്കയ്ക്ക് രണ്ടുതവണ തലയ്ക്കടിച്ചതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
കോട്ടയം ഡിവൈഎസ്പി ഗിരീഷ് പി. സാരഥി, ഏറ്റുമാനൂർ സിഐ പി.ജെ. മാർട്ടിൻ, ഗാന്ധിനഗർ എസ്ഐ എം.ജെ. അരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. വിരലടയാളവിദഗ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവു ശേഖരിച്ചു. ശ്യാമളയും ഭർത്താവും അകന്ന് കഴിയുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ശ്യാമളയുടെ മകൻ ശ്യാം ജയിലാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ശ്യാമളയുടെ സംസ്കാരം നടത്തി.
നിഷാദിന്റെ ഭാര്യ പറഞ്ഞത് പച്ചക്കളളം: പോലീസ്
കോട്ടയം: കേസിലെ പ്രതിയായ നിഷാദിന് മാനസിക വിഭ്രാന്തിയുള്ളതായി ഇയാളുടെ ഭാര്യ സുനി പറഞ്ഞത് പച്ചക്കള്ളമെന്ന് പോലീസ്. നിഷാദ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് ഏറ്റുമാനൂർ സിഐ പി.ജെ.മാർട്ടിൻ പറഞ്ഞു. മാനസിക വിഭ്രാന്തിയ്ക്ക് ചികിത്സതേടിയതിന്റെ രേഖകളൊന്നും ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ക്രിമിനൽ കേസുകളിലെ പ്രതിയായ നിഷാദും കൊല്ലപ്പെട്ട ശ്യാമളയും സംഭവം നടന്ന ദിവസം തർക്കമുണ്ടായി. ഇതിൽ പ്രകോപിതനായ നിഷാദ് ഉറങ്ങിക്കിടന്ന ശ്യാമളയെ തലയ്ക്കടിയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.