കൊല ചെയ്യപ്പെട്ടെന്നു കരുതിയ യുവാവിന്റെ മൃതദേഹമല്ല കണ്ടെത്തിയതെന്ന് 14 വര്‍ഷത്തിനു ശേഷം ബോധ്യമായ കേസ്… അന്വേഷണത്തിനിടെ വീണ്ടും മറ്റൊരാളാണ് മരിച്ചതെന്നുറപ്പിച്ച കേസില്‍ ഡിഎന്‍എ ഫലം വന്നതോടെ പോലീസ് ഞെട്ടി..! മരിച്ചെന്ന് കരുതിയ ആളല്ലെന്ന് ഡിഎന്‍എ ഫലം വന്നതോടെ കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരും അസ്വസ്ഥരായി. എവിടെ തുടങ്ങും… എങ്ങനെ അവസാനിപ്പിക്കുമെന്ന ചിന്തയുമായി തുറന്നുവച്ച കേസ് ഫയലുകളില്‍ ഓരോ ദിവസം കഴിയും തോറും സംശയങ്ങളും ഊഹാപോഹങ്ങളും നിറഞ്ഞു. അവ്യക്തമായ വഴികളിലൂടെ സഞ്ചരിച്ച് മരിച്ചതാരെന്നതിനെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചത് 16 വര്‍ഷത്തിനുശേഷം ഇപ്പോഴാണ്. ആ സൂചനകള്‍ യാഥാര്ത്ഥ്യമാവണേയെന്ന പ്രാര്‍ത്ഥനയാണ് കേസ് അന്വേഷിക്കുന്ന ഓരോ പോലീസുകാരനുള്ളത്.
കേസ് ഇങ്ങനെ…
2001 ലാണു പൊന്നാനി പെരുമ്പടപ്പ് മാറഞ്ചേരി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുറൂറി (23) നെ കാണാതായത്. സുറൂറിനെ കാണാതായി നാലു മാസത്തിനുശേഷം പെരുമ്പടപ്പ് പോലീസില്‍ സുറൂറിന്റെ ഉമ്മ പരാതി നല്കി. ഇതേ പോലീസ് സ്റ്റേഷന് പരിധിയില്‍ തിരിച്ചറിയാത്ത വിധം ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട അജ്ഞാതന്റെ മൃതദേഹം സുറൂറിന്റെതായിരിക്കുമെന്നു പോലീസ് സംശയിച്ചു. തുടര്‍ന്നു സുറൂറിന്റെ പുതിയ ഫോട്ടോയും തലയോട്ടിയും തമ്മില്‍ താരതമ്യപഠനം നടത്തി.
ഫോറന്‍സിക് സയന്‍സ് ലാബിലെ ബയോളജിസ്റ്റ് സൂപ്പര്‍ ഇംപോസിഷന്‍ പരിശോധന നടത്തി മൃതദേഹം സുറൂറിന്റെതാണെന്ന് ലോക്കല്‍ പോലീസ് ഉറപ്പിച്ചു. സുറൂറിന്റെ കൊലയാളികളെന്നു പറഞ്ഞു പെരുമ്പടപ്പ് സ്വദേശികളായ പ്രസാദ്, ബിജോയ്, സുരേഷ്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു. അവിഹിതബന്ധം സംശയിച്ചു സുറൂറിനെ കൊലപ്പെടുത്തി എന്നായിരുന്നു കേസ്. എന്നാല്‍ കേസിന് ആവശ്യമായ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. 2014ല്‍ കേസ് കോഴിക്കോട് ക്രൈംബ്രാഞ്ച് (എച്ച്എച്ച്ഡബ്ല്യു-3) നു കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്. മുരളീധരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
അന്വേഷണസംഘം മൃതദേഹത്തിന്റെ പ്രായം അറിയുന്നതിനായി ഫോറന്‍സിക് ഡെന്റോളജി പരിശോധനയ്ക്ക് അയച്ചു. പല്ലു പരിശോധിച്ചാണു പ്രായം നിര്‍ണയിക്കുന്നത്. ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ബി. ഉമാദത്തന്റെ നേതൃത്വത്തില്‍ മൃതദേഹത്തിന്റെ പല്ലു പരിശോധിച്ചപ്പോള്‍, 37 അല്ലെങ്കില്‍ 38 വയസുള്ളയാളുടേതാണ് ഇതെന്നു കണ്ടെത്തി. തുടര്‍ന്ന് അന്വേഷണസംഘം സുറൂറിന്റെ അമ്മയുടെ രക്തവും മൃതദേഹത്തിന്റെ തലയോട്ടിയും ഹൈദരാബാദ് സെന്റര്‍ ഫോര്‍ ഡി.എന്‍.എ. ഫിംഗര്‍ പ്രിന്റിംഗ് ആന്‍ഡ് ഡയഗ്നോസ്റ്റിക്സില്‍ (സിഡിഎഫ്ഡി) ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലത്തില്‍ മൃതദേഹം സുറൂറിന്റെതല്ലെന്നു വ്യക്തമായി. ഇതോടെയാണു സുറൂര്‍ എവിടെപ്പോയി എന്നും കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്നുമുള്ള ചോദ്യം ഉയര്‍ന്നതും അന്വേഷണം ആരംഭിച്ചതും.
സുറൂറിനെ കാണാതായ സമയത്തുതന്നെ തമിഴ്നാട് സ്വദേശി രാജേന്ദ്രനേയും കാണാതായിരുന്നു. 15 വര്‍ഷം മുമ്പാണ് രാജേന്ദ്രന് സഹോദരിയുമൊത്ത് മാറഞ്ചേരിയില്‍ എത്തിയത്. അച്ഛന്റെയും അമ്മയുടെയും മരണശേഷമായിരുന്നു ഈ വരവ്. സുറൂറിന്റെതല്ല മൃതദേഹമെന്ന് കണ്ടെത്തിയതോടെ രാജേന്ദ്രന്റെതായിരിക്കുമെന്നായിരുന്നു ക്രൈംബ്രാഞ്ച് സംശയിച്ചത്.
രാജേന്ദ്രന്റെ സഹോദരിയുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോഴാണ് മരിച്ചത് രാജേന്ദ്രനുമല്ലെന്ന് തെളിഞ്ഞത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഡിഎന്‍എ ഫലം ലഭിച്ചത്. ഇതോടെ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്നത് വീണ്ടും അന്വേഷിക്കുകയാണ് ക്രൈംബ്രാഞ്ച്. അതേസമയം തന്നെ സുറൂറും രാജേന്ദ്രനും എവിടെയാണെന്നതും കണ്ടെത്തണം. ഇരുവരും കൃത്യം നടത്തിയ ശേഷം മുങ്ങിയതാണോയെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.
അന്വേഷണം ഇപ്പോള്‍…
കൊല ചെയ്യപ്പെട്ടതിന് രണ്ടുവര്‍ഷം മുമ്പും അതിന് ശേഷവും സംസ്ഥാനത്തിന് അകത്തും പുറത്തുമായി കാണാതായവരെ കുറിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലും ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് പരിഗണിക്കുന്നത്. മുഴുവന്‍ കേസുകളും പരിശോധിച്ച് മരിച്ചയാളുടെ മൃതദേഹത്തിന്റെ ഉയരവും പല്ലിന്റെ ഘടനയുമായും സമാനതകളുള്ളത് കണ്ടെത്തുകയാണ് ചെയ്യുന്നത്.
ഇപ്രകാരം ചിറ്റൂരിലും കൊരട്ടിയിലും കാണാതായവര്‍ക്ക് മൃതദേഹവുമായി സാമ്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് അടുത്ത ബന്ധുക്കളുടെ രക്തസാമ്പിള്‍ ശേഖരിക്കാനും ഡിഎന്‍എ പരിശോധന നടത്താനുമാണിപ്പോള് തീരുമാനിച്ചിരിക്കു ന്നത്. അതിനിടെയാണ് ക്രൈംബ്രാഞ്ചിനെ പുനഃസംഘടിപ്പിച്ചത്. ഇതോടെ കേസിന്റെ അന്വേഷണം മലപ്പുറം എസ്പിക്ക് കീഴിലേക്ക് മാറ്റാനുള്ള നടപടികളാണിപ്പോള്‍ പുരോഗമിക്കുന്നത്.
കെ. ഷിന്റുലാല്‍