നാൽപ്പത്തിരണ്ടുകാരനായ പോൾ വർഗീസ് ഒരു തുണിക്കടയിലായിരുന്നു ജോലി ചെയ്തിരുന്നത്. 16 വർഷമായി ഇവിടെത്തന്നെയായിരുന്നു ജോലി. 14 വർഷം മുന്പ് അങ്കമാലി സ്വദേശിനിയായ സജിതയെ വിവാഹം കഴിച്ചു. ഇവർക്ക് പന്ത്രണ്ടും ഏഴും വയസുള്ള രണ്ടു പെണ്കുട്ടികളും ഉണ്ട്. കാക്കനാട് ഉൾപ്രദേശത്തേക്കു മാറി കുടുംബവീട്ടിലായിരുന്നു താമസം. വീടിനുചുറ്റും കൈതച്ചക്കയുടെ കൃഷിയുണ്ടായിരുന്നു. ഈ കുടുംബത്തിനൊപ്പം പോൾ വർഗീസിന്റെ പ്രായമായ അമ്മയും താമസിച്ചിരുന്നു.
വിദേശത്തു നിന്ന് മിഠായിയുമായെത്തിയ സുഹൃത്ത്
സജിതയുടെ ഒരു ബന്ധു യുകെയിൽ ഉണ്ടായിരുന്നു. കോട്ടയം പാന്പാടി സ്വദേശി പാന്പാടിക്കണ്ടത്തിൽ ടിസൻ കുരുവിളയ്ക്കൊപ്പമായിരുന്നു അയാൾ ജോലി ചെയ്തിരുന്നത്. ടിസൻ നാട്ടിലേക്കു പോരുന്ന സമയം ബന്ധുവായ സജിതയ്ക്ക് കുറച്ച് മിഠായി ഇയാൾ കൊടുത്തുവിട്ടു. അങ്ങനെയാണ് ആദ്യമായി ടിസനും സജിതയും കണ്ടുമുട്ടുന്നത്. യുകെയിലെ സൂപ്പർമാർക്കറ്റിൽ സെയിൽസ്മാനായിരുന്നു ടിസൻ. നഴ്സായ ഭാര്യയുടെ കുടുംബവീസയിലാണ് ഇയാൾ യുകെയിൽ എത്തിയത്.
മിഠായി നൽകാനെത്തിയ ടിസൻ സജിതയുടെ കുട്ടികളോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. വീട്ടിൽ വന്ന് തിരികെ പോയതിനുശേഷവും സജിതയെ സ്ഥിരമായി വിളിക്കും. മക്കളുടെ കാര്യങ്ങൾ തിരക്കും. പിന്നീട് ഫോണ് വിളി തുടർച്ചയായി. ആ അടുപ്പം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. പലപ്പോഴും ഇയാൾ സജിതയുടെ കാക്കനാട്ടെ വീട്ടിൽ വരുമായിരുന്നു. രാവിലെ ജോലിക്കു പോകുന്ന പോൾ രാത്രി വൈകിയാണ് വീട്ടിൽ എത്തിയിരുന്നത്. ഇത് ടിസന്റെ വരവിന് സൗകര്യമൊരുക്കി.
ടിസൻ ആരാണെന്ന് ചോദിച്ച അയൽവാസികളോട് കൃഷി ഓഫീസർ എന്നാണ് സജിത പറഞ്ഞിരുന്നത്. പോളിന്റെ അമ്മയോടും അങ്ങനെ തന്നെ പറഞ്ഞു. തുടർച്ചയായുള്ള ഫോണ് സംഭാഷണത്തിലൊടുവിൽ ടിസൻ കുരുവിളയ്ക്കൊപ്പം ജീവിക്കണമെന്നായി സജിത. എന്നാൽ, മക്കളെ ഒഴിവാക്കാൻ അവർ ഒരുക്കമല്ലായിരുന്നു. ടിസനുമായി ചേർന്ന് ഭർത്താവിനെ വകവരുത്താനായിരുന്നു സജിതയുടെ തീരുമാനം. ഇരുവരും ചേർന്ന് പോൾ വർഗീസിനെ കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്തു.
ഉറക്കഗുളിക നൽകി, മരിക്കാതെ വന്നപ്പോൾ ശ്വാസം മുട്ടിച്ചു കൊന്നു
2011 ഡിസംബർ 22. പോൾ വർഗീസിന്റെ കൊലയ്ക്കായി സജിതയും ടിസനും തീരുമാനമെടുത്ത ദിവസം അന്നായിരുന്നു. പോൾ ജോലി കഴിഞ്ഞ് എത്തുന്നതിനു മുന്പേ ടിസൻ വീട്ടിലെത്തി. സജിത അയാൾക്ക് ചായയും പലഹാരങ്ങളും നൽകിയ ശേഷം സ്റ്റോർ റൂമിൽ ഒളിപ്പിച്ചു.
രാത്രി പത്തോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പോൾ വർഗീസിനെ പതിവുപോലെയാണ് സജിത സ്വീകരിച്ചത്. മക്കളെ മറ്റൊരു മുറിയിൽ ഉറക്കിക്കിടത്തി. അതിനുശേഷം ഭർത്താവിന് നൽകാനായി ഭക്ഷണമെടുത്തു വച്ചു. പോളിനൊപ്പം സജിതയും ഭക്ഷണം കഴിച്ചു.
എന്നാൽ, പോളിന്റെ ഭക്ഷണത്തിൽ അവർ ഉറക്ക ഗുളികകൾ ചേർത്തിരുന്നു. പക്ഷേ പരിധിയിൽ കൂടുതൽ മരുന്ന് അകത്തു ചെല്ലാതിരുന്നതിനാൽ പോൾ വർഗീസ് മരിച്ചില്ല. ഇതിനെല്ലാം സാക്ഷിയായ ടിസൻ കുരുവിള അവിടെ ഉണ്ടായിരുന്നു. പോൾ വർഗീസ് മരിച്ചില്ലെന്നു മനസിലാക്കിയ ടിസൻ സജിതയോട് നീ അയാളുടെ കഴുത്തിൽ തോർത്ത് ചുറ്റിക്കോളൂ.
ഞാൻ വലിച്ചു മുറുക്കിക്കോളാമെന്നു പറഞ്ഞുവെന്നും അങ്ങനെ ഗാഢനിദ്രയിൽ കിടക്കുന്ന പോളിന്റെ കഴുത്തിൽ സജിത തോർത്ത് ചുറ്റിയെന്നും തുടർന്ന് ഇരുവരും ചേർന്ന് അത് വലിച്ചു മുറുക്കി ശ്വാസം മുട്ടിച്ച ശേഷം തലയിണ അമർത്തി മരണം ഉറപ്പാക്കുകയായിരുന്നുവെന്നുമാണ് കേസ് ചാർജ് ചെയ്തത്. തുടർന്ന് ടിസനെ അയാളുടെ വീട്ടിലേക്ക് യാത്രയാക്കി. കൊലപാതകം നടക്കുന്ന സമയത്ത് സജിതയുടെ കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നു.
ഉറക്കത്തിലുള്ള മരണമെന്ന് ബന്ധുക്കളെ അറിയിച്ചു
പോൾ വർഗീസിന്റെ മരണം ഉറപ്പാക്കിയ ശേഷം സജിത അയാളുടെ ബന്ധുക്കളെ വിളിച്ചിട്ട് പോൾ വർഗീസിനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി എന്ന് അറിയിച്ചു. തുടർന്ന് അയൽവാസികളുടെ സഹായത്തോടെ മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ പരിശോധനയിൽ മരണം നടന്നിട്ട് ഏറെ സമയമായെന്നും കഴുത്തിൽ ചില പാടുകൾ കാണപ്പെട്ടതും കാരണം ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് ആശുപത്രിയിലേക്ക്
ആശുപത്രിയിൽ നിന്ന് വിവരം അറിയിച്ചതിനെത്തുടർന്ന് ഇൻക്വസ്റ്റ് തയാറാക്കാനായി ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐയും മറ്റൊരു ഉദ്യോഗസ്ഥനും അവിടേയ്ക്ക് ചെന്നു. സജിതയുടെ മൊഴികളിൽ വൈരുധ്യം കണ്ടതോടെ സംശയമുണ്ടായി. തുടർന്ന് ഞാൻ ആശുപത്രിയിലെത്തി. ഭർത്താവ് മരിച്ചു കിടക്കുന്ന സ്ത്രീയോട് സംസാരിക്കാൻ പല തടസങ്ങളും ഉണ്ടാകും. എന്നാലും ഞാൻ സജിതയുമായി സംസാരിച്ചു.
ഉറക്കത്തിൽ മരിച്ചു കിടക്കുന്നതായി കണ്ടെന്നാണ് സജിത ആദ്യം പറഞ്ഞത്. പല കുടുംബങ്ങളിലും തൂങ്ങിമരണം ഉണ്ടായാൽ നാണക്കേടു മൂലം അതു പറയാതിരിക്കുന്ന അവസ്ഥ കണ്ടിട്ടുണ്ട്. പോൾ വർഗീസിന്റെ കഴുത്തിലെ പാട് കണ്ടതിനെത്തുടർന്ന് ഞാൻ അവരോട് അതേക്കുറിച്ചു ചോദിച്ചു.
അച്ചായൻ അന്ന് വൈകിട്ട് ബൈക്ക് സ്കിഡായി വീണു, ഹെൽമറ്റിന്റെ സ്ട്രാപ്പ് ഉടക്കിയ പാടാണെന്നാണ് അവർ പിന്നീട് പറഞ്ഞത്. എന്നാൽ അത്തരത്തിലുള്ള സാഹചര്യമല്ലെന്നു മനസിലായി. തുടർന്ന് അന്ന് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന അലക്സ് കെ.ജോണ് സാറും സ്ഥലത്തെത്തി. അദ്ദേഹം സജിതയോട് സംസാരിച്ചപ്പോൾ ഞാൻ ആരോടൊക്കെ ഇതെക്കുറിച്ച് പറയണമെന്ന് പറഞ്ഞ് അവർ തട്ടിക്കയറി.
പഴുതില്ലാത്ത അന്വേഷണം
സജിതയുടെ മൊഴികളിലെ വൈരുധ്യം മൂലം അവർ പോലീസ് നിരീക്ഷണത്തിൽത്തന്നെയായിരുന്നു. തുടർന്ന് ഞങ്ങൾ പോൾ വർഗീസ് മരിച്ചുകിടന്ന മുറി പരിശോധിച്ചു. സയിന്റിഫിക് അസിസ്റ്റന്റും ഫിംഗർ പ്രിന്റ് വിദഗ്ധരും ഒപ്പം ഉണ്ടായിരുന്നു. മുറി സീൽ ചെയ്തു.
ഇതിനിടയിൽ പോൾ വർഗീസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നു. തൂങ്ങിമരണമല്ല, കഴുത്തിനു ചുറ്റും ശക്തിയായി അമർത്തിയതുമൂലമാണ് മരണം സംഭവിച്ചതെന്നായിരുന്നു റിപ്പോർട്ട്. അതോടെ പുറത്തുനിന്നുള്ള ഒരാളുടെ സഹായമില്ലാതെ സജിതയ്ക്ക് കൊല ചെയ്യാനാവില്ലെന്ന നിഗമനത്തിൽ ഞങ്ങൾ എത്തി. സജിതയുടെ ഫോണ് ഞാൻ അന്വേഷിച്ചു.
ബന്ധുവായ ഒരു സ്ത്രീ അവരുടെ രണ്ടു ഫോണുകളും എന്റെ കൈയിൽ ഏൽപിച്ചു. ഈ സമയം കരഞ്ഞുകൊണ്ടിരുന്ന സജിത ഓടി എന്റെ അടുത്തേക്ക് വന്നു. ഫോണ് കൈക്കലാക്കുകയായിരുന്നു അവരുടെ ഉദ്ദേശം. അതിനുമുന്പേ ഞാൻ വീടിനു പുറത്തേക്ക് ഇറങ്ങി. ഭർത്താവ് മരിച്ച ദുഃഖത്തിൽ ഇരിക്കുന്ന സ്ത്രീ ഒരിക്കലും ഫോണിന്റെ പുറകെ വരില്ലെന്നത് സംശയം ദൃഢമാകക്കി.
ഫോണ് പരിശോധിച്ചപ്പോൾ അതിൽ കുറച്ച് മോസേജുകൾ കണ്ടു. Sweet Dreams, Darling എന്ന സന്ദേശം ഡ്രാഫ്റ്റ് ചെയ്തിരിക്കുന്നത് കണ്ടു. ആരാണ് അത് അയച്ചതെന്നു മനസിലായില്ല. പോളിന്റെ സംസ്ക്കാരം 23ന് നടന്നു. അവിടെ വച്ച് സജിതയുടെ ബന്ധുവായ ഒരു പുരോഹിതനോട് ഇത് കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് ഞാൻ അറിയിച്ചു. ഇതേക്കുറിച്ച് സജിതയോട് സംസാരിച്ചിട്ട് വിവരങ്ങൾ ശേഖരിച്ച് എന്നെ അറിയിക്കാൻ ആവശ്യപ്പെട്ടു.
(തുടരും)
തയാറാക്കിയത്: സീമ മോഹൻലാൽ