സിനിമകളില്‍ കണ്ടിട്ടുള്ള ഷോക്കേല്‍പ്പിച്ചുള്ള കൊലപാതകവും പിന്നീട് പ്രതി പിടിയിലായതുമെല്ലാം മലയോരം ഞെട്ടലോടെയാണ് ശ്രവിച്ചത്. കൃഷിയിടത്തില്‍ നടന്ന കൊലപാതകം അതുകൊണ്ടുതന്നെ വാര്‍ത്തകളില്‍ നിറഞ്ഞു. പ്രതിയുടെ ആസൂത്രിത കൊലപാതകത്തിന്റെ ദുരൂഹത ഒരാഴ്ചയ്ക്കകം നീക്കാന്‍ പോലീസിന്കഴിഞ്ഞു. അതാകട്ടെ തെളിയാതെ കിടക്കുന്ന ഒരുപാട് കേസുകള്‍ക്കിടയില്‍ അന്വേഷണസംഘത്തിന് പൊന്‍തൂവലായി.
“സ്വാഭാവിക മരണം’ കൊലപാതകമായപ്പോൾ..
കോഴിക്കോട് കക്കാടംപൊയില്‍ താഴേകക്കാട് അകമ്പുഴ ആദിവാസി കോളനിയിലെ രാധിക(38)യുടെ മരണമാണ് നാടിനെ മുള്‍മുനയിലാക്കിയത്. എട്ടിന് ഉച്ചയോടെയാണ് രാധികയെ കക്കാടംപൊയില്‍ അകമ്പുഴയിലുള്ള വാഴക്കൃഷി ചെയ്യുന്ന സ്ഥലത്തെ ഷെഡിനു മുന്നില്‍ ഷോക്കേറ്റ് മരിച്ചനിലയില്‍ കാണപ്പെട്ടത്.
മോട്ടോര്‍ സ്വിച്ച് ഓണ്‍ ചെയ്യുന്നതിനിടയില്‍ ഷോക്കേറ്റതാണ് മരണകാരണം എന്നാണ് നാട്ടുകാരെല്ലാം കരുതിയിരുന്നത്. വാഴക്കൃഷി നനക്കുന്ന പമ്പിന്റെ വൈദ്യുതി കണക്ഷനില്‍നിന്ന് അബദ്ധത്തില്‍ ഷേക്കേറ്റതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്നാണ് രാധികയോടൊപ്പം കൃഷിസ്ഥലത്ത് ജോലിചെയ്തിരുന്ന ഷെരീഫ് പറഞ്ഞത്. അപ്പോഴൊന്നും ഷെരീഫ് എന്നയാള്‍ പോലീസിന്റെ സംശയദൃഷ്ടിയിലേ ഇല്ലായിരുന്നു.
സമീപത്ത് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ട്രെയിനിങ് നടത്തിയിരുന്ന “കര്‍മ്മ ഓമശ്ശേരി’ യുടെ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് രാധികയെ തിരുവമ്പാടി ലിസ ആശുപത്രിയില്‍ എത്തിക്കുന്നത് .നാട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഷെരീഫ് ഇവരോടൊപ്പം വാഹനത്തില്‍ കയറിയത്. മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോഴാണ് ശരീരത്തില്‍ ബലപ്രയോഗം നടന്നതിന്റെയും മര്‍ദനമേറ്റതിന്റെയും പാടുകള്‍ കണ്ടത്. ഇത് സംശയത്തിനിടയാക്കി.
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ നിര്‍ദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്പി പി.ബിജുരാജിന്റെ നേതൃത്വത്തില്‍ തിരുവമ്പാടി എസ്ഐ സനല്‍രാജും താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതി കൂമ്പാറ ബസാര്‍ സ്വദേശി ചക്കാലപ്പറമ്പില്‍ ഷെരീഫ്(48) അറസ്റ്റിലാകുന്നത്.
പോലീസ് പറയുന്നത്
പോസ്റ്റ്മോര്‍ട്ടം നടത്തിയ സമയത്ത് തോന്നിയ സംശയത്തില്‍നിന്ന് വിശദമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ദാരുണമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി മരിച്ച രാധികയും പ്രതി ഷെരീഫും ഒരുമിച്ചാണ് അകമ്പുഴയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വാഴക്കൃഷി ചെയ്തുകൊണ്ടിരുന്നത്.
ദീര്‍ഘകാലമായി ഒരുമിച്ച് താമസിക്കുന്ന ഇരുവരും ചേര്‍ന്നാണ് വാഴക്കൃഷി നടത്തുന്നത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഷെരീഫും രാധികയുമായി ഇതിനെചൊല്ലി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കൊലനടന്ന ദിവസം ഇരുവരും നന്നായി മദ്യപിച്ചിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ എത്തിയത്. മദ്യലഹരിയില്‍ പരസ്പരം കൈയേറ്റം ചെയ്യുകയും തുടര്‍ന്ന് ഷെരീഫിന്റെ കഴുത്തില്‍ രാധിക പിടിമുറുക്കിയതോടെ ഷെരീഫ് രാധികയെ മര്‍ദിക്കുകയും പുറത്തേക്ക് ഓടുകയും ചെയ്തു.
കുറച്ചു സമയത്തിനുശേഷം ഷെഡില്‍ തിരിച്ചെത്തിയ ഷെരീഫ് മദ്യലഹരിയില്‍ നിലത്തുകിടക്കുന്ന രാധികയെ എടുത്തുകൊണ്ടുപോയി ഷെഡിനുള്ളിലെ മുറിയില്‍ കിടത്തി വൈദ്യുത മീറ്ററില്‍ നിന്നും വരുന്ന കണക്ഷനില്‍ വയര്‍ ഘടിപ്പിച്ച് രാധികയുടെ കൈയില്‍ ചുറ്റിയ ശേഷം ഷോക്കേല്‍പ്പിക്കുകയായിരുന്നു. ഷോക്കേറ്റ രാധികയുടെ മരണവെപ്രാളം കണ്ട് ഷെഡിനു പുറത്തേക്കോടിയ ഷെരീഫ് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് എടുത്ത് ആരുംകാണാതെ രക്ഷപ്പെടാന്‍ ശ്രമിച്ചു.
കൊലപാതകത്തിനുശേഷം പരാക്രമം
നാളുകളായി കൃഷിയിടത്തില്‍ താന്‍ നടത്തിവന്നിരുന്ന വൈദ്യുതി മോഷണം നാട്ടുകാരും അധികൃതരും കാണാന്‍ ഇടയാകുമെന്ന് മനസിലാക്കിയ പ്രതി കൊലപാതകത്തിനുശേഷം റോഡരികിലുള്ള മറ്റൊരു പറമ്പില്‍ ബൈക്ക് കയറ്റി നിര്‍ത്തി ഷെഡിനു പുറകിലൂടെ വന്നു തെളിവ് നശിപ്പിക്കുന്നതിനായി ഷെഡിനുള്ളിലുള്ള മുഴുവന്‍ ഇലക്ട്രിക് വയറുകളും കത്തിയെടുത്തു മുറിക്കുകയും മീറ്റര്‍ ബോര്‍ഡും മറ്റും അടിച്ചുതകര്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് രാധികയുടെ മൃതദേഹം സംഭവസ്ഥലത്തു നിന്നും പുറത്തേക്ക് വലിച്ചു ഷെഡിനു മുന്‍വശം എത്തിച്ചു. പിന്നീട് കരഞ്ഞു ബഹളം വച്ച് ആളുകളെ അറിയിക്കുകയായിരുന്നു. ഷെരീഫിന്റെ കരച്ചില് കേട്ട് ഓടിക്കൂടിയ അയല്‍വാസികളും തൊട്ടടുത്ത് ക്യാമ്പ് നടത്തുകയായിരുന്ന കര്‍മ്മ ഓമശേരിയുടെ പ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴും ആശുപത്രിയിലേക്ക് പോകാന്‍ തയാറാകാതെ മാറിനിന്ന ഷെരീഫിനെ അന്നുതന്നെ നാട്ടുകാര്‍ക്ക് സംശയം തോന്നിയിരുന്നു.
നാട്ടുകാരുടെ നിര്‍ബന്ധംമൂലം വാഹനത്തില്‍ കയറിയ ഷെരീഫ് ഭ്രാന്തമായ രീതിയില്‍ അഭിനയിച്ചതും സമനില നഷ്ടപ്പെട്ട രീതിയില്‍ സംസാരിച്ചതും അന്നുതന്നെ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അന്നേദിവസം ആശുപത്രിയില്‍ ചികിത്സതേടി പിറ്റേദിവസം പുറത്തിറങ്ങിയതോടെ ഷെരീഫ് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് കണ്ണൂരില്‍നിന്ന് വന്ന സയിന്റിഫിക് ഓഫീസര്‍ ശേഖരിച്ച തെളിവുകളും പോലീസിന്റെ ചോദ്യം ചെയ്യലിലുമാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
മദ്യപാനം നിര്‍ത്തിയിട്ട് ഒന്നരവര്‍ഷം
മൊഴിയിലെ വൈരുദ്ധ്യമാണ് ഷെരീഫിനെ കുടുക്കിയത്. ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചതോടെ ഷെരീഫിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ചോദ്യചെയ്യലില്‍ ഷെരീഫിന്റെ മൊഴിയിലെ വൈരുദ്ധ്യം പോലീസിന് പിടിവള്ളിയായി. ആദ്യമൊക്കെ താന്‍ ഷെഡിലേക്ക് എത്തിയപ്പോള്‍ രാധിക മരിച്ചു കിടക്കുന്നതാണ് കണ്ടതെന്നായിരുന്നു ഷെരീഫ് പറഞ്ഞത്. വീണ്ടും ചോദിച്ചപ്പോള്‍ ഇതിനു വൈരുദ്ധ്യമായാണ് മൊഴി നല്‍കിയത്. ഇതോടെ ഷെരീഫില്‍ പോലീസിന് കൂടുതല്‍ സംശയമുണ്ടായി.
മാത്രമല്ല, അന്നേദിവസം നന്നായി മദ്യപിച്ചിരുന്ന ഷെരീഫ് താന്‍ മദ്യം കഴിച്ചിട്ടില്ല എന്നും മദ്യപാനം നിര്‍ത്തിയിട്ട് ഒന്നര വര്‍ഷത്തോളമായി എന്നും പോലീസിനോട് പറഞ്ഞത് കളവാണെന്ന് തെളിഞ്ഞു. ഷെരീഫ് പലതവണകളായി ഒരുലക്ഷത്തോളം രൂപ രാധികയുടെ കൈയില്‍നിന്ന് കടം വാങ്ങിയിരുന്നു. അത് തിരികെ ചോദിച്ചു പലപ്പോഴും രാധിക ഷെരീഫുമായി കലഹിച്ചു. മാത്രമല്ല ഇത്തവണ കൃഷിയിറക്കുമ്പോള്‍ തനിക്ക് തരാനുള്ള തുക നിര്‍ബന്ധമായും തന്നു തീര്‍ക്കണമെന്ന് രാധിക ഷെരീഫിനോട് പറയുകയും ചെയ്തിരുന്നു.
കോഴിക്കോട് റൂറല്‍ എസ്പി ജി. ജയദേവിന്റെ നിര്‍ദ്ദേശപ്രകാരം താമരശേരി ഡിവൈഎസ്പി പി.ബിജുരാജിന്റെ നേതൃത്വത്തില്‍ തിരുവമ്പാടി എസ്ഐ സനല്‍ രാജ്, ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ രാജീവ് ബാബു, സീനിയര്‍ സിപിഒ ഷിബില്‍ ജോസഫ്, സിപിഒ ഷെഫീഖ് നീലിയാനിക്കല്‍ തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ എസ്ഐ സദാനന്ദന്, എഎസ്ഐ സൂരജ്, മനോജ് സിപിഒമാരായ പ്രജീഷ്, രാംജിത്ത്, സപ്നേഷ്, ജിനേഷ് കുര്യന് ,ഷിജു, ബോബി,വനിതാ സിപിഒ സ്വപ്ന എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്.