കോട്ട റെയിൽവേ സ്റ്റേഷൻ- ഗുരുദ്വാര റോഡിലെ ജൈന ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ ചോരയിൽ കുളിച്ച് അമ്മയും മകളും. കേട്ട പാതി കേൾക്കാത്ത പാതി അയൽവാസികളും നാട്ടുകാരും ഓടിക്കൂടി. വിശാലമായ ആ വസതിയിലെ ഡൈനിംഗ് മുറിയോട് ചേർന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കാണപ്പെട്ടത്.
ശിരസിലും കഴുത്തിലും ശരീരത്തിലുമാകെ ചോര ഒഴുകിയ നിലയിലായിരുന്നു ചേതനയറ്റ ആ ശരീരങ്ങൾ. അവരുടെ മൃതദേഹങ്ങൾക്കരികിലും ചോര തളം കെട്ടിക്കിടന്നു. സ്വർണവ്യാപാരിയായ രാജേന്ദ്ര വിജയിന്റെ വീട്ടിൽ അരങ്ങേറിയ ഇരട്ടക്കൊലപാതകം കോട്ട പ്രദേശത്തെ മാത്രമല്ല, ജയ്പൂർ നഗരവാസികളിലും വല്ലാത്ത ഭീതിയുണർത്തി.
രാജേന്ദ്ര വിജയിന്റെ ഭാര്യ ഗായത്രി എന്ന വിനിത വിജയ് (45), മകൾ മിനി എന്ന പലക് (19) എന്നിവരാണ് കഴിഞ്ഞ ദിവസം ദാരുണമായി കൊല ചെയ്യപ്പെട്ടത്. ഭീംഗഞ്ച്മണ്ഡി പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ടതാണ് കോട്ട പ്രദേശം. കോട്ട സിറ്റി എസ്പി ദീപക് ഭാർഗവയുടെയും എഎസ്പി രാജേഷ് മില്ലിന്റെയും നേതൃത്വത്തിൽ വൻപോലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
വിനിതയ്ക്കും മകൾക്കും ഇരുന്പ് വടി കൊണ്ടാണ് തലയ്ക്കും മറ്റും അടിയേറ്റിരിക്കുന്നത്. രാത്രി 7.30 നും 8.45 നും മധ്യേയാണ് സംഭവം നടന്നിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. ഏഴര വരെ പലകിന്റെ മുത്തശൻ ചന്ദമാൽ വിജയ് വീട്ടിലുണ്ടായിരുന്നു. അദ്ദേഹം തൊട്ടടുത്ത ക്ഷേത്രത്തിൽ ദർശനം നടത്തി 8.45 നാണ് തിരികെ വന്നത്. വീട്ടിലെ മൃതദേഹങ്ങൾ ആദ്യമായി കാണുന്നതും അദ്ദേഹമാണ്.
കൊലപാതകത്തിനു പിന്നിൽ മോഷണം .. ?
കൊലപാതകത്തിനു പിന്നിൽ മോഷണമാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ അലമാരകളും ഷെൽഫുകളും തുറന്നു കിടന്നു. അവയിലെ സാധനസാമഗ്രികൾ വാരി വലിച്ചിട്ട നിലയിലുമായിരുന്നുവെന്ന് പോലീസ് ചൂണ്ടിക്കാട്ടി. പലതും നിലത്ത് ചിതറി കാണപ്പെട്ടു. ചന്ദമാൽ പുറത്തു പോയ സമയത്ത് വീടിനകത്ത് കടന്നുകൂടിയ അക്രമികൾ മോഷണശ്രമം നടത്തിയിരിക്കാമെന്നും അവരെ തടയുന്നതിനിടയിൽ അമ്മയും മകളും മൃഗീയമായ അടിയേറ്റ് മരണമടഞ്ഞതാകാമെന്നുമാണ് നിലവിൽ കണക്കാക്കപ്പെടുന്നത്.
സംഭവം വളരെ ആസൂത്രിതമാണെന്ന് തന്നെയാണ് പോലീസിന്റെ വാദം. വീടിനുള്ളിൽ സ്ഥാപിച്ചിരുന്ന സിസി ടിവി കാമറകളും അതോടനുബന്ധിച്ചുള്ള ഡിവിആറും അക്രമികൾ കൊണ്ടുപോയി. ആ പരിസരത്തു നിന്നും രണ്ട് ഇരുന്പു വടികൾ കണ്ടെത്തിയിട്ടുണ്ട്. വിനിതയെയും മകളെയും തലയ്ക്ക് അടിക്കാൻ ഉപയോഗിച്ചത് ഈ ആയുധങ്ങളാകാമെന്നും കരുതുന്നു. അതേ സമയം, തെളിവുകൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരീക്ഷണ കാമറകൾ കൈക്കലാക്കിയ അക്രമികൾ ആയുധങ്ങൾ ഉപേക്ഷിച്ച് പോയതിന്റെ കാരണം തികച്ചും അജ്ഞാതം.
വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള ആഭരണങ്ങളും പണവും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ എത്രത്തോളം നഷ്ടമായി എന്നതിന്റെ കൃത്യമായ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല. പോലീസ് ഉൗർജ്ജിതമായ തെരച്ചിൽ തുടുരുന്നുവെങ്കിലും പ്രതികളിലേക്ക് വെളിച്ചം വീശുന്ന മറ്റു തെളിവുകൾ ഇതുവരെയും പ്രാപ്തമായിട്ടില്ലായെന്നത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു. അക്രമിസംഘത്തിൽ ഒന്നിൽ കൂടുതൽ പേരുണ്ടായിരിക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. അതോടൊപ്പം മോഷണത്തെ സഹായിക്കുകയും പ്രതികൾക്ക് രക്ഷപ്പെടാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തതടക്കം ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ സാന്നിധ്യവും പോലീസ് അന്വേഷിക്കുന്നു.
രാജേന്ദ്ര വിജയിന്റെയും വിനിതയുടെയും ബന്ധുക്കൾ മുതൽ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാർ വരെ നീളുന്ന നിരവധി പേരെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ചോദ്യം ചെയ്തേക്കാം. വീടിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് അക്രമത്തിനു പിറകിലെന്നും പോലീസ് സംശയിക്കുന്നു. മാത്രമല്ല, വളരെ വേഗത്തിലാണ് അക്രമികൾ തങ്ങളുടെ ഉദ്യമം പൂർത്തിയാക്കി മടങ്ങിയത്. ഒരു മണിക്കൂറോളം നേരം പരമാവധി അക്രമികൾ ആ വീട്ടിൽ ചെലവഴിച്ചിരിക്കാം.
വീട്ടിലെ അലമാരകളും ഷെൽഫുകളും തുറന്ന് വില പിടിപ്പുള്ളവ കൈവശപ്പെടുത്തുന്നതു മുതൽ കൊലപാതകം വരെ നീളുന്ന പ്രവൃത്തികൾ നിശ്ചിത സമയത്തിനുള്ളിൽ നിർവഹിച്ച് മടങ്ങിയവർ ഇത്തരം ദൗത്യങ്ങളിൽ മുൻപരിചയവും വൈദഗ്ധ്യവുമുള്ളവരാകാമെന്നതും പോലീസിന്റെ അന്വേഷണത്തിൽ ഉൾപ്പെടുന്ന വിഷയങ്ങളാണ്.
15 ദിവസം മുന്പ് കാണാതായി; മൃതദേഹം അഴുക്കുചാലിൽ…
ദ്വാരകയ്ക്കു സമീപത്തെ അഴുക്കുചാലിൽ മധ്യവയസ്കന്റെ ചീഞ്ഞളിഞ്ഞ ശരീരം കാണാനിടയായ വഴിയാത്രക്കാരൻ വിവരം പോലീസിൽ അറിയിച്ചു. പോലീസ് മൃതദേഹം മെഡിക്കൽ കോളജിലെ മോർച്ചറിയിലേയ്ക്ക് മാറ്റി. അന്പതിലേറെ പ്രായം തോന്നിക്കുന്ന ഇയാളെ തിരിച്ചറിയുക എന്നതായിരുന്നു പോലീസിന്റെ ആദ്യ കടന്പ. ജർമ്മൻ എംബസിയിലെ ഡാറ്റാ ഓപ്പറേറ്ററായ പ്രേം പാലിന്റെ മൃതദേഹം ആണെന്ന് ഒടുവിൽ തെളിഞ്ഞു.
രണ്ടാഴ്ചയ്ക്കു മുന്പ് ഡൽഹി ചാണക്യപുരിയിലെ തന്റെ വീട്ടിൽ നിന്നും എംബസിയിലേക്ക് പോയതായിരുന്നു പ്രേം പാൽ. അദ്ദേഹത്തെ കാണാനില്ലെന്ന പരാതി അടുത്ത ദിവസം തന്നെ ബന്ധുക്കൾ ചാണക്യപുരി പോലീസിന് കൈമാറിയിരുന്നു. മൃതശരീരത്തിൽ പരിക്കുകളോ ചതവുകളോ ഏതെങ്കിലും ആക്രമണത്തിനു വിധേയനായതിന്റെ അടയാളങ്ങളോ ഇല്ലെന്ന് പോലീസ് പറഞ്ഞു. രണ്ടു വർഷം മുന്പ് എംബസിയിൽ സെക്യൂരിറ്റി ഗാർഡായാണ് പ്രേം ജോലിയിൽ പ്രവേശിച്ചത്. പിന്നീടാണ് അദ്ദേഹത്തിന് ഡാറ്റാ ഓപ്പറേറ്ററായി അവിടെത്തന്നെ നിയമനം ലഭിച്ചതെന്നും ബന്ധുക്കൾ മൊഴി നൽകിയതായി പോലീസ് കൂട്ടിച്ചേർത്തു.
വെട്ടിനുറുക്കിയ നിലയിൽ…
മുംബൈയിൽ താനെ തിത്വാല റെയിൽവേ ട്രാക്കിനു സമീപം ഒരു കുട്ടിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായി കല്യാണ് പോലീസിന് കഴിഞ്ഞ ദിവസം ഒരു സന്ദേശം ലഭിച്ചു. കുട്ടിയുടെ ശിരസും കാലുകളും അധികം അകലെയല്ലാതെ ഒരു ബാഗും പോലീസ് കണ്ടെടുത്തു.
പത്തോ പന്ത്രണ്ടോ വയസ് പ്രായമുള്ള കുട്ടിയാകാമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. കുട്ടിയെ കൊലപ്പെടുത്തിയതിനുശേഷം മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കുകയും ബാഗിൽ നിറച്ച് ട്രെയിനിൽ നിന്നും വലിച്ചെറിയുകയും ചെയ്തതാകാമെന്നും പോലീസ് സംശയിക്കുന്നു.
ഇത്തരം അരുംകൊലകൾ ഓരോ പ്രദേശത്തെയും പോലീസിനെ സംബന്ധിച്ചിടത്തോളം തീരാ തലവേദനകളായി തുടരുകയാണ്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന്റെ തുടക്കം മുതൽ ഓരോ ഘട്ടത്തിലും പോലീസ് നിതാന്തജാഗ്രത പുലർത്തിയേ മതിയാകൂ.
ഗിരീഷ് പരുത്തിമഠം