ചാലക്കുടി: മദ്യപിച്ച് ബഹളമുണ്ടാക്കിയ പിതാവിനെ കസേരയിൽ ഇരുത്തി കഴുത്തിൽ തുണികൊണ്ട് ബന്ധിച്ചതിനെ തുടർന്ന് പിതാവ് മരിച്ച സംഭവത്തിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കാരൂർ വേളയിൽ ഇക്കോരകുട്ടി മകൻ സുരേഷ്(55)ന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞതിനെ തുടർന്നാണ് മകൻ ശ്രീദേവി(23)നെ മാള സിഐ റോയി, ചാലക്കുടി എസ്ഐ ജയേഷ് ബാലൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സ്വകാര്യ കന്പനിയിലെ ഡ്രൈവറായ സുരേഷ് ദിവസേന മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുക പതിവായിരുന്നു. സംഭവദിവസം മദ്യപിച്ചെത്തിയ സുരേഷ് വഴക്കുണ്ടാക്കിയപ്പോൾ മകൻ ശ്രീദേവ് അച്ഛനെ കസേരയിൽ പിടിച്ചിരുത്തി തുണികൊണ്ട് കഴുത്തു ചേർത്തു കെട്ടി. ഏറെനേരം കഴിഞ്ഞപ്പോൾ സുരേഷ് അനങ്ങാതെ വന്നപ്പോൾ ശ്രീദേവും അമ്മയും കൂടി സുരേഷിനെ കുണ്ടായി ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ മരണം സംഭവിച്ചിരുന്നു. സംശയം തോന്നിയ ഡോക്ടർ വിവരം പോലീസിനെ അറിയിച്ചു. പോലീസ് മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് പോസ്റ്റ് മോർട്ടത്തിനയച്ചു. പോസ്റ്റ് മോർട്ടത്തിലാ ണ് സുരേഷിന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞത്. ശ്രീദേവിനെ ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.