അടച്ചുറപ്പുള്ളൊരു വീട്ടിൽ മുത്തച്ഛനൊപ്പം കട്ടിലിൽ കിടന്നുറങ്ങിയിരുന്ന പെൺകുട്ടി. പുലർച്ചെ നാലുമണിയാകുമ്പോൾ അവളെ കാണാനില്ല. അച്ഛനമ്മമാരും മുത്തച്ഛനും ഭയവിഹ്വലരായി ചുറ്റുപാടും വിളിച്ചുനടക്കുന്നതിനിടെ അര കിലോമീറ്റർ അകലെയുള്ളൊരു വീട്ടിൽ നിന്ന് ഒരു ഫോൺകോൾ. അവൾ അവിടെയുണ്ടെന്ന്.
ആശ്വാസവും ആശങ്കയും നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ പേടിച്ചരണ്ട പെൺകുട്ടിയെ വീട്ടിലെത്തിച്ചു. ഒരു മാമൻ തന്നെ കട്ടിലിൽനിന്ന് എടുത്തുകൊണ്ടുപോയി അകലെയുള്ള വയലിലെത്തിച്ച് ഉപദ്രവിച്ചെന്നും കാതിലെ കമ്മൽ അഴിച്ചെടുത്തു കൊണ്ടുപോയെന്നും പറഞ്ഞു. ഇങ്ങനെയൊക്കെ ശരിക്കും സംഭവിക്കുമോ എന്ന് എല്ലാവരും സംശയിച്ചുനിന്നു.
തൊട്ടുപിന്നാലെ പോലീസെത്തി. അവരുടെ സഹായത്തോടെ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. ആശങ്കകൾ ശരിവയ്ക്കുന്ന ഫലം വന്നു. കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരസഭാ പരിധിക്കുള്ളിലാണെങ്കിലും ഗ്രാമാന്തരീക്ഷമുള്ളൊരു പ്രദേശമാണ്. ഇതുപോലൊരു സംഭവം ഇതുവരെ അവിടെ കേട്ടുകേൾവി പോലുമില്ല. അതുകൊണ്ടുതന്നെ നാട്ടുകാരുടെ ആശങ്ക അകറ്റണമെങ്കിൽ അജ്ഞാതനായ അക്രമിയെ എത്രയും പെട്ടെന്ന് പിടിച്ചേ തീരൂ എന്ന് പോലീസിന് ഉറപ്പായിരുന്നു.
കുട്ടിയുടെ മുത്തച്ഛൻ ക്ഷീരകർഷകനാണ്. അദ്ദേഹം അതിരാവിലെ എഴുന്നേറ്റ് പാൽ കറക്കാൻ പോയിരുന്ന സമയത്താണ് അക്രമി വീട്ടിനകത്തു കയറി പെൺകുട്ടിയെ എടുത്തുകൊണ്ടുപോയത്. സാധാരണഗതിയിൽ പെൺകുട്ടിക്കൊപ്പം ഉണ്ടാകുമായിരുന്ന മുത്തശി നാട്ടുകാരായ സ്ത്രീകൾക്കൊപ്പം വിനോദയാത്ര പോയതാണ്. കുട്ടിയുടെ അച്ഛനും അമ്മയും അനിയത്തിയും തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം അറിയാവുന്ന, നാട്ടുകാരനായ ഒരാൾ തന്നെയാകും കുറ്റവാളിയെന്ന് പോലീസിന് ഏറെക്കുറെ ഉറപ്പായി. എടുത്തുകൊണ്ടുപോകുന്നതിനിടെ മിണ്ടിപ്പോയാൽ കൊന്നുകളയുമെന്ന് തന്നോട് മലയാളത്തിൽ പറഞ്ഞിരുന്നതായും അക്രമത്തിനും മോഷണത്തിനും ശേഷം തന്റെ വീട്ടിലേക്കുള്ള വഴി കാണിച്ചുതന്നിട്ടാണ് തന്നെ വയലിൽ ഉപേക്ഷിച്ചുപോയതെന്നും പെൺകുട്ടിയും മൊഴി നൽകിയിരുന്നു.
പ്രതിയിലേക്ക്…
ആ സ്ഥലത്തെയും അതിനടുത്ത പ്രദേശങ്ങളിലെയും കുറ്റകൃത്യങ്ങളുമായി ബന്ധമുള്ളവരുടെയെല്ലാം പട്ടിക തയാറാക്കുകയാണ് പോലീസ് ആദ്യം ചെയ്തത്. അതിനു സമാന്തരമായി സംഭവം നടന്ന ഭാഗത്തെ സിസിടിവി കാമറകളും പരിശോധിച്ചു. മയക്കുമരുന്ന് കേസുകളും മറ്റുമായി ബന്ധമുള്ള നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ഒന്നുരണ്ടുപേർക്കെതിരേ നേരത്തേ മറ്റു കേസുകളിൽ വാറണ്ടുണ്ടായിരുന്നതിനാൽ അവരുടെ അറസ്റ്റ് തന്നെ രേഖപ്പെടുത്തി. പക്ഷേ ഇവരെയൊന്നും തന്നെ പെൺകുട്ടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്താൻ കൃത്യമായ തെളിവുകളൊന്നും ലഭിച്ചില്ല. എന്നിരുന്നാലും ശാസ്ത്രീയ തെളിവുകൾക്കായി ഇവരുടെ വസ്ത്ര സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കയച്ചു.
ഇതേ സ്ഥലത്ത് താമസിച്ചിരുന്ന ഒരാൾ സംഭവം നടന്നതിനു തൊട്ടുപിന്നാലെ സ്ഥലംവിട്ടതായി പോലീസിന് വിവരം ലഭിച്ചതും അതിനിടയിലാണ്. ആൾ കർണാടകയിലെ കുടക് സ്വദേശിയാണ്. പെൺകുട്ടിയുടെ വീടിനടുത്തുള്ള ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്. മലയാളിയല്ലാത്തതിനാലും നാട്ടിൽ പോയതിനാലും തുടക്കത്തിൽ സംശയിക്കത്തക്കതായി ഒന്നുമുണ്ടായിരുന്നില്ല. എന്നാലും ഇയാളുടെ ചുറ്റുപാടുകൾ അന്വേഷിച്ചപ്പോൾ ആകെയൊരു ദുരൂഹത.
പ്രതിയുടെ ജീവിതം ദുരൂഹത നിറഞ്ഞത്
ജനിച്ചുവളർന്നത് കർണാടകയിലെ കുടകിലാണെങ്കിലും മാതൃഭാഷ മലയാളമാണ്. കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാമുള്ളത് കാസർഗോട്ടും കണ്ണൂരിലും. 14 വർഷം മുമ്പാണ് കാഞ്ഞങ്ങാട് സ്വദേശിനിയെ കല്യാണം കഴിച്ചത്. പിന്നെ ഇവിടെവന്ന് താമസമാക്കി. പകൽ മുഴുവനും വീട്ടിൽതന്നെ കഴിച്ചുകൂട്ടും. ഇയാളെ നേരിട്ട് കണ്ടിട്ടുള്ളവർ അയൽവാസികൾക്കിടയിൽ പോലും ചുരുക്കം. ഭാര്യയുടെ കുടുംബത്തിലെയോ നാട്ടിലെയോ ചടങ്ങുകൾക്കൊന്നും പോകാറില്ല. രാത്രിയായാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങും. തോട്ടിൽ മീൻപിടിക്കാൻ പോവുകയാണെന്നൊക്കെയാണ് പറയുക. തിരിച്ചെത്തുന്നത് നേരം പുലർന്നിട്ടാകും.
14 വർഷത്തെ ദാമ്പത്യത്തിനിടയിൽ നാലു മക്കളുണ്ടായെങ്കിലും ഇയാൾ വീട്ടിലുണ്ടായിരിക്കുന്നത് ഭാര്യയ്ക്കുപോലും സന്തോഷമുള്ള കാര്യമല്ല. ഒരു ജോലിക്കും പോകാറില്ലെന്നതും ഇടയ്ക്കിടെ മദ്യപിച്ചെത്തി ഭാര്യയേയും കുട്ടികളേയും മർദിക്കാറുണ്ടെന്നതുമൊക്കെയാണ് കാരണം. രാത്രിസഞ്ചാരം കഴിഞ്ഞ് മടങ്ങുമ്പോൾ പലപ്പോഴും കൈയിൽ പണമുണ്ടാകാറുണ്ടെങ്കിലും അത് എങ്ങനെ കിട്ടിയെന്നു ചോദിക്കാൻ ഇവർക്ക് ധൈര്യമുണ്ടാകാറില്ല. ഇടയ്ക്കിടെ സ്വന്തം നാടായ കുടകിലേക്കും കാസർഗോഡ് മേൽപറമ്പിലെ ബന്ധുവീട്ടിലേക്കുമൊക്കെ പോകും. പിന്നെ മിക്കവാറും ആഴ്ചകൾ കഴിഞ്ഞാവും മടങ്ങിവരുന്നത്. ഭാര്യ പലതരം കൂലിപ്പണികൾക്കു പോയാണ് കുടുംബം പുലർത്തുന്നത്.
ഇങ്ങനെയൊക്കെയാണെങ്കിൽ ഇയാളെക്കുറിച്ചുകൂടി കാര്യമായി അന്വേഷിക്കണമെന്ന് പോലീസ് തീരുമാനിച്ചു. നേരെ കുടകിലേക്ക് വച്ചുപിടിച്ചു. അവിടെ കേട്ടതും അത്ര സുഖകരമല്ലാത്ത കാര്യങ്ങൾ. കുട്ടിക്കാലം മുതൽ ഇയാൾ ആടുമോഷണത്തിലും പിടിച്ചുപറിക്കേസിലുമൊക്കെ ഉൾപ്പെട്ടിരുന്നു. വിദ്യാഭ്യാസം സ്കൂൾ തലത്തിൽ തന്നെ നിർത്തിപ്പോന്നതാണ്. സ്വഭാവം നന്നാകട്ടെയെന്നു കരുതിയാണ് കേരളത്തിലെ ബന്ധുവീടുകളിൽ കൊണ്ടുവന്നാക്കിയത്. സ്വന്തം വീട്ടിൽ ഇപ്പോൾ കാര്യമായി സ്ഥാനമില്ലാത്തതുകൊണ്ട് കുടകിലെത്തിയാൽ മറ്റൊരു യുവതിയുടെ കൂടെയാണ് ഇയാൾ കഴിയുന്നത്.
ഇതിനിടയിൽ കൂടുതൽ ഞെട്ടിക്കുന്ന ഒരു സത്യം കാസർഗോഡ് നിന്നുതന്നെ അറിഞ്ഞു. മേൽപറമ്പ് പോലീസ് സ്റ്റേഷനിൽ ഏതാനും വർഷങ്ങൾക്കു മുമ്പ് ഇയാൾക്കെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തന്റെ ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റി കിലോമീറ്ററുകൾ അകലെ ആദൂർ വനത്തിലെത്തിച്ച് പീഡിപ്പിച്ചുവെന്നതാണ് കേസ്. ആ സംഭവത്തിൽ നാലുമാസം ജയിലിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതാണ്. കേസ് ഇപ്പോൾ വിചാരണാഘട്ടത്തിലാണ്. ഇതുംകൂടി അറിഞ്ഞതോടെ ഇയാൾ തന്നെയാണ് പ്രതിയെന്ന് പോലീസ് ഏറെക്കുറെ ഉറപ്പിച്ചു.
പക്ഷേ ഇയാളെ കണ്ടെത്തുകയെന്നത് ഇതിനേക്കാൾ വലിയ വെല്ലുവിളിയായിരുന്നു. കാരണം ഇയാൾ മൊബൈൽ ഫോൺ പോലും ഉപയോഗിക്കാറില്ല. കുടകിനു പുറമേ മൈസൂരിലും ബംഗളൂരുവിലും മഹാരാഷ്ട്രയിലെ രത്നഗിരിയിലും മുംബൈയിലുമെല്ലാം ഇയാൾക്ക് ബന്ധങ്ങളുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം ഇയാൾ താമസിച്ചിട്ടുമുണ്ട്. അപ്പോഴൊക്കെ ആരുടെയെങ്കിലും ഫോൺ കടംവാങ്ങിയാണ് വേണ്ടപ്പെട്ടവരെ വിളിക്കുന്നത്. ഇയാളുടെ ഭാര്യയുടെ ഫോൺ നമ്പർ പോലീസ് വാങ്ങിവച്ചിരുന്നു.
നേരത്തേ ഇയാളെ അന്വേഷിച്ച് കുടകിൽ പോയപ്പോൾ ഇയാളുടെ മാതാവിന്റെയും അവിടെയുള്ള പെൺസുഹൃത്തിന്റെയും മൊബൈൽ നമ്പറുകളും സംഘടിപ്പിച്ചിരുന്നു. പിന്നെ സൈബർ സെല്ലിന്റെ സഹായത്തോടെ ഈ നമ്പറുകളിലേക്ക് വരുന്ന കോളുകളെല്ലാം നിരീക്ഷിച്ചു. ദൂരസ്ഥലങ്ങളിൽ നിന്നും വരുന്ന കോളുകളുടെ ഉറവിടം അന്വേഷിച്ച് കണ്ടെത്തി. ഇതിനിടെ ഇയാളെ അന്വേഷിച്ച് മൈസൂരിലും രത്നഗിരിയിലുമെല്ലാം പോയെങ്കിലും ഇയാളിലേക്കെത്താവുന്ന കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല.
അറസ്റ്റിലേക്ക്…
അങ്ങനെ ദിവസങ്ങൾക്കു ശേഷമാണ് ആന്ധ്രപ്രദേശിലെ അഡോണി എന്ന സ്ഥലത്തുനിന്ന് ഇയാളുടെ പെൺസുഹൃത്തിന്റെ നമ്പറിലേക്ക് ഒരു കോൾ വരുന്നത്. ഉറവിടം അന്വേഷിച്ചപ്പോൾ അത് അവിടെയുള്ള റെഡ് ചില്ലീസ് എന്ന ഹോട്ടലിലെ ഒരു ജീവനക്കാരന്റെ നമ്പറിൽ നിന്നാണെന്ന് മനസിലായി. ആന്ധ്രാ പോലീസിന്റെ സഹായത്തോടെ അയാളോട് അന്വേഷിച്ചപ്പോൾ അവിടെ ജോലി തേടിയെത്തിയ ഒരാളാണ് ഫോൺ വാങ്ങി വിളിച്ചതെന്നറിഞ്ഞു. ആളിന്റെ ലക്ഷണങ്ങൾ പറഞ്ഞുകേട്ടപ്പോൾ പോലീസ് അന്വേഷിച്ചുനടക്കുന്ന പ്രതിയുമായി പത്തിൽ പത്ത് പൊരുത്തം. അപ്പോൾ മൈസൂരിലായിരുന്ന പോലീസ് സംഘം നേരേ അഡോണിയിലേക്ക് കുതിച്ചു. ആന്ധ്രാ പോലീസിന്റെ സഹായത്തോടെ ഹോട്ടലിലെത്തി അന്വേഷിച്ചു.
പക്ഷേ കാര്യങ്ങൾ വീണ്ടും കടുകിട വ്യത്യാസത്തിന് കൈവിട്ടുപോകുന്ന അവസ്ഥയായിരുന്നു. ആ ഹോട്ടലിലെ ജോലി ശരിയാകില്ലെന്നു പറഞ്ഞ് അയാൾ അവിടവും വിട്ടിരുന്നു. പക്ഷേ പോയിട്ട് അധികനേരമായിട്ടില്ലെന്ന് അയാൾ താമസിച്ചിരുന്ന ഇടത്തെത്തിയപ്പോൾ മനസിലായി. പോയത് റെയിൽവേ സ്റ്റേഷനിലേക്കാണെന്നും സൂചന കിട്ടി.
ചില സിനിമകളുടെ ക്ലൈമാക്സ് പോലെ തങ്ങളെത്തുന്നതിന് തൊട്ടുമുമ്പ് ഏതെങ്കിലും ട്രെയിൻ വന്ന് അയാൾ കയറിപ്പോകുന്ന അവസ്ഥയുണ്ടാവല്ലേയെന്ന് മനസാലേ പ്രാർഥിച്ച് പോലീസ് സംഘം നേരെ റെയിൽവേ സ്റ്റേഷനിലേക്ക് കുതിച്ചു. പക്ഷേ ഇത്തവണ ഭാഗ്യം പോലീസ് സംഘത്തിന്റെ കൂടെയായിരുന്നു. യാത്രചെയ്യാൻ ബാഗുമായി നിന്ന പ്രതിയെ കൺമുന്നിൽ തന്നെ കണ്ടു. ഒന്നിലധികം ഫോട്ടോ നേരത്തേ കണ്ടിട്ടുള്ളതിനാൽ ആളെ തിരിച്ചറിയാനും പ്രയാസമുണ്ടായില്ല. പിന്നെ കൈയോടെ ചെന്ന് പിടികൂടേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും സംഭവം നടന്ന് ഒമ്പതുനാൾ പിന്നിട്ടിരുന്നു.
തൊട്ടടുത്ത ദിവസം, പത്തുവയസുകാരിയായ പെൺകുട്ടി ആക്രമിക്കപ്പെട്ടതിന്റെ കൃത്യം പത്താം നാൾ, പ്രതിയായ കുടക് സ്വദേശി പി.എ. സലീമി(35)നെ പോലീസ് കാഞ്ഞങ്ങാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി. ചുറ്റും തടിച്ചുകൂടിയ സ്ത്രീകളുടെ ശകാരവാക്കുകൾക്കും ആൾക്കൂട്ടത്തിന്റെ കൈയേറ്റശ്രമത്തിനുമിടയിൽ നിർവികാരനായി പ്രതി നിന്നു. പക്ഷേ നാടിനെയാകെ ഭീതിയിലാഴ്ത്തിയ അജ്ഞാതനായ കുറ്റവാളി പിടിയിലായതിന്റെ ആശ്വാസം എല്ലാവരിലുമുണ്ടായിരുന്നു. കാഞ്ഞങ്ങാട്ടെ രാത്രിസഞ്ചാരത്തിനിടയിൽ വീടുകളിൽ ഒളിഞ്ഞുനോട്ടവും സ്ത്രീകളുടെ മാലപൊട്ടിക്കലും മൊബൈൽ ഫോൺ മോഷണവുമൊക്കെ ഇയാൾ നടത്തിയിരുന്നു. ഇയാൾ താമസിച്ച വീടിന്റെ സമീപപ്രദേശങ്ങളിൽ തെളിയാതെ കിടക്കുന്ന ഒട്ടേറെ പിടിച്ചുപറിക്കേസുകൾക്കു പിന്നിൽ ഇയാളായിരുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
കണ്ണൂർ റെയ്ഞ്ച് ഡിഐജി തോംസൺ ജോസ്, കാസർഗോഡ് ജില്ലാ പോലീസ് മേധാവി പി. ബിജോയി, കാഞ്ഞങ്ങാട് ഡിവൈഎസ്പി വി.വി. ലതീഷ്, ഹോസ്ദുർഗ് ഇൻസ്പെക്ടർ എം.പി. ആസാദ്, നീലേശ്വരം ഇൻസ്പെക്ടർ കെ.വി. ഉമേശൻ, എസ്ഐമാരായ അബൂബക്കർ കല്ലായി, വി.പി. അഖിൽ, എം.ടി.പി. സെയ്ഫുദ്ദീൻ, കെ.ടി. ഹരിദാസൻ എന്നിവരുടെ നേതൃത്വത്തിൽ അമ്പതിലേറെ പോലീസ് ഉദ്യോഗസ്ഥരാണ് അന്വേഷണസംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ചത്.
നേരത്തേ കാഞ്ഞങ്ങാട് സേവനമനുഷ്ഠിച്ചിരുന്ന ഡിവൈഎസ്പിമാരായ പി. ബാലകൃഷ്ണൻ നായരേയും സി.കെ. സുനിൽ കുമാറിനെയും അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. എസ്ഐ അബൂബക്കർ കല്ലായിയുടെ നേതൃത്വത്തിൽ ഷാജു കരിവെള്ളൂർ, രാജേഷ് മാണിയാട്ട്, ജിനേഷ് കുട്ടമത്ത്, സജീഷ് കാസർഗോഡ്, നിഖിൽ അച്ചാംതുരുത്തി എന്നിവരടങ്ങിയ സംഘമാണ് അഡോണിയിലെത്തി പ്രതിയെ പിടികൂടിയത്.
ശ്രീജിത് കൃഷ്ണൻ