കേരളത്തിലെ പ്രധാനമായ ഒരു കേസും അതിലെ പ്രതിയും മറ്റൊരു കുറ്റകൃത്യത്തിലൂടെ വിദഗ്ധമായി പിടിക്കപ്പെട്ട സംഭവം ഏറെ ശ്രദ്ധനേടിയതാണ്. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഓഫ് പോലീസ് പി.ആർ സന്തോഷിന് അത്തരമൊരു അനുഭവമാണ് പങ്കുവയ്ക്കാനുള്ളത്.
2011 ജൂലൈ ഏഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അന്ന് കോട്ടയം വെസ്റ്റ് പോലീ സ് സ്റ്റേഷനിൽ എസ്ഐയായിരുന്നു. രാവിലെ 11 മണിയായിക്കാണും. കോട്ടയം പട്ടണത്തിന് സമീപമുള്ള ഒരു സ്കൂളിൽ വിദ്യാർഥി സംഘട്ടനമുണ്ടായിട്ട് ഏതാനും കുട്ടികളെ കോട്ടയം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നുവെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഫോണ് സന്ദേശം വന്നു.
ഉടൻ തന്നെ എസ്ഐയും സംഘവും അവിടേയ്ക്ക് പുറപ്പെട്ടു. സ്റ്റേഷനിൽ രാവിലത്തെ സമയം ഏറെ തിരക്കുള്ളതായിരിക്കും. അതുകൊണ്ടുതന്നെ പത്തു മണിക്കുശേഷമൊന്നും നഗരത്തിലൂടെ ഇങ്ങനെ പട്രോളിംഗ് നടത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നു മനസിൽ ഓർത്തുകൊണ്ടായിരുന്നു എസ്ഐ ജീപ്പിൽ ഇരുന്നത്.
ജീപ്പ് ആശുപത്രിവളപ്പിൽ നിർത്തി എസ്ഐ വിദ്യാർഥികളുമായി സംസാരിച്ചുകൊണ്ടു നിൽക്കുന്പോൾ പെട്ടെന്ന് ജീപ്പിലെ വയർലെസ് കണക്ഷൻ കട്ടായി. എത്ര ആലോചിച്ചിട്ടും അതെങ്ങനെ സംഭവിച്ചുവെന്ന് മനസിലായില്ല. അതേസമയം, തന്നെ അദ്ദേഹം നിൽക്കുന്ന സ്ഥലത്തുനിന്ന് നൂറു മീറ്റർ അകലെ സെൻട്രൽ ജംഗ്ഷനിലുള്ള കുന്നത്തുകളത്തിൽ ജ്വല്ലറിയിൽ ഒരു വെടിവയ്പ്പും നടന്നു. സംഭവസ്ഥലത്തിന് ഏറ്റവും അടുത്തുണ്ടായിരുന്നതിനാൽ പോലീസ് സംഘം അങ്ങോട്ടു പാഞ്ഞു. എസ്പി അടക്കമുള്ള പോലീസ് സംഘവും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.
എസ്ഐയുടെ ജീപ്പ് മുന്നോട്ട് നീങ്ങിയപ്പോൾ പെട്ടെന്ന് റോഡിൽ ബ്ലോക്ക് രൂപപ്പെട്ടു. അൽപസമയം കൂടിയെടുത്ത് ജീപ്പ് കുന്നത്തുകളത്തിൽ ജ്വല്ലറിക്കു മുന്നിൽ എത്തിയപ്പോൾ രണ്ടു യുവാക്കൾ ജ്വല്ലറിയിൽ വെടിവയ്പ് നടത്തിയശേഷം സ്വർണം മോഷ്ടിച്ച് വെള്ള അപ്പാച്ചെ ബൈക്കിൽ മുന്നോട്ടു പോയതായി കണ്ടു. എന്നാൽ, അവർ തിരുനക്കര മൈതാനത്തിനടുത്ത് എത്തിയപ്പോൾ ജനം ചെറുതായി പ്രതിരോധം സൃഷ്ടിച്ചു. അപ്പോൾ വീണ്ടും ആകാശത്തേക്ക് വെടിവയ്പ് നടത്തി യുവാക്കൾ രക്ഷപ്പെടുകയായിരുന്നു.
ഉടൻതന്നെ എസ്പി, ഡിവൈഎസ്പി ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി നഗരത്തിലെ ഇടറോഡുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പരിശോധന നടത്താനായി പോലീസ് സംഘത്തെ നിയോഗിച്ചു. കോട്ടയം നഗരത്തിന്റെ മുക്കിലും മൂലയിലും വരെ പോലീസ് നിലയുറപ്പിച്ചു.
കച്ചിത്തുരുന്പായി സ്കൂൾ വിദ്യാർഥിയുടെ മൊഴി
എല്ലാ സ്ഥലങ്ങളിലും പോലീസ് സംഘം പരിശോധന തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ കോട്ടയത്തു നിന്ന് കുമരകത്തേക്കു പോയ ബസിലെ യാത്രക്കാരനായ ഒരു വിദ്യാർഥിയുടെ നിരീക്ഷണപാടവമാണ് നിർണായകമായ ഒരു തെളിവിലേക്ക് എത്തിക്കുന്നത്. യാത്രയിലുടനീളം എല്ലായിടത്തും പോലീസിനെ കണ്ടാണ് വിദ്യാർഥി കുമരകത്ത് ബസ് ഇറങ്ങിയത്. ബസ് സ്റ്റോപ്പിൽ കണ്ട പോലീസുകാരനോട് കാര്യമെന്താണെന്ന് അന്വേഷിച്ചു. കോട്ടയത്ത് വെടിവയ്പ് നടത്തി സ്വർണം കവർന്ന് രണ്ടു ചെറുപ്പക്കാർ വെള്ള അപ്പാച്ചെ ബൈക്കിൽ രക്ഷപ്പെട്ട വിവരം പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
എന്നാൽ, ആ സ്കൂൾ വിദ്യാർഥിക്ക് ബൈക്കുകളോട് പ്രത്യേക ഇഷ്ടമുള്ള ആളായിരുന്നു. അതുകൊണ്ടുതന്നെ ഏതു ബൈക്കും ശ്രദ്ധിക്കും. ഓടിക്കുന്ന ആളെയും അയാളുടെ സ്റ്റൈലുമൊക്കെ പെട്ടെന്ന് മനസിൽ പതിയും. പോലീസുകാരന്റെ മറുപടി കേട്ട് വിദ്യാർഥി പറഞ്ഞു. താൻ കയറിയ ബസിനു പിന്നിൽ സെൻട്രൽ ജംഗ്ഷനിൽ നിന്ന് രണ്ടു ചെറുപ്പക്കാർ വെള്ള അപ്പാച്ചെ ബൈക്കിൽ വന്നെന്നും അതിലൊരാൾ ആ ബസിന്റെ പുറകിലെ സീറ്റിൽ ഉണ്ടെന്നും മറ്റേ ആൾ ചുങ്കം ഭാഗത്തേക്ക് ബൈക്ക് ഓടിച്ചു പോയിയെന്നും അറിയിച്ചു.
ഈ സന്ദേശം ഉടൻതന്നെ വയർലെസിലൂടെ എല്ലായിടത്തേക്കും പാഞ്ഞു. വിവരം നൽകിയ വിദ്യാർഥിയുമായി പോലീസ് സംഘം ഓൾട്ടോ കാറിൽ ബസിനു പുറകേ കുതിച്ചു. ബസ് കുമരകം പോലീസ് സ്റ്റേഷനു മുന്നിലെത്തിയപ്പോൾ അവിടെ കാത്തുനിന്ന പോലീസ് സംഘം ബസ് തടഞ്ഞു. പുറകിലെ സീറ്റിൽ ഇരിക്കുകയായിരുന്ന തമിഴ്് വംശജനായ ചെറുപ്പക്കാരനോട് ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല.
പോലീസ് പിൻമാറില്ലെന്നു മനസിലാക്കിയ അയാൾ കൈയിലിരുന്ന ബിഗ്ഷോപ്പറുമായി പോലീസ് സംഘത്തിനൊപ്പം കുമരകം പോലീസ് സ്റ്റേഷനിലേക്കെത്തി. കൂടെ ഉണ്ടായിരുന്ന ആൾ എറണാകുളം സ്വദേശി മനോജ് സേവ്യറാണെന്നും അത് തന്റെ ബോസ് ആണെന്നും ചെറുപ്പക്കാരൻ അറിയിച്ചു. സാമാന്യം ആരോഗ്യമുളള ആ ചെറുപ്പക്കാരന്റെ കൈയിലുണ്ടായ ബിഗ്ഷോപ്പറിൽ സ്വർണം ആയിരുന്നു. ജ്വല്ലറിയിൽ വെടിവയ്പ്പ് നടത്തി മോഷ്ടിച്ചതാണ് ഇതെന്ന് അയാൾ സമ്മതിച്ചു.
മനോജിനായി പോലീസ് എറണാകുളത്തേക്ക്
മനോജിനെ പിടികൂടാനായി പോലീസ് സംഘം ഉടൻ എറണാകുളത്തേക്ക് പുറപ്പെട്ടു. നേരത്തെ പിടിയിലായ ചെറുപ്പക്കാരൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ പെട്ടെന്ന് അറസ്റ്റു ചെയ്യാനായി. തെളിവെടുപ്പിനുശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി. ചോദ്യം ചെയ്യുന്നതിനായി വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങി.
രണ്ടു ലക്ഷം രൂപ ശന്പളത്തിൽ വിദേശത്ത് ഇലക്ട്രോണിക്സ് എൻജിനിയറായി ജോലി ചെയ്ത ആളാണ് മനോജ്. സുഹൃത്തുക്കൾ കുറവ്.
എന്നാൽ ഉള്ള സുഹൃത്തുക്കളിൽ ആരെങ്കിലും കടം ചോദിച്ചാൽ എത്ര പണം നൽകാനും തയാറാണ്. ഈ ശീലം അയാളെ കടക്കെണിയിൽ എത്തിച്ചു. സാന്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് പലരിൽ നിന്നും അയാൾ കടം വാങ്ങാൻ തുടങ്ങി. കടം നൽകിയവർ പണം തിരികെ ചോദിച്ചപ്പോൾ നിർവാഹമില്ലാതെ ശാന്തൻപാറയിലെ ഒരു എസ്റ്റേറ്റിലേക്ക് താമസം മാറി. അവിടെ ചെറിയ ജോലികളൊക്കെ ചെയ്തു. ഗ്രാമവാസികളുമായി പെട്ടെന്ന് ബന്ധം സ്ഥാപിക്കാൻ ഇയാൾക്കായി.
കുറഞ്ഞ സമയത്തിനകം ഇയാൾ പ്രദേശവാസികളുടെ യജമാനനായി മാറി. അവിടെയുള്ള ചെറുപ്പക്കാരനുമായി ചേർന്ന് സാന്പത്തികബുദ്ധിമുട്ടുകൾ തരണം ചെയ്യാനുള്ള വഴികളെക്കുറിച്ച് ആലോചിച്ചു. മോട്ടോർബൈക്ക് ഏത് സാഹചര്യത്തിലും അനായാസേന ഓടിക്കാൻ കഴിവുള്ള തനിക്ക് അത്തരത്തിലുള്ള ഓപ്പറേഷനാകും നല്ലതെന്ന് മനോജ് മനസിലാക്കി. അങ്ങനെയാണ് ജ്വല്ലറിയിലെ മോഷണം എന്നതിലേക്ക് എത്തിച്ചേർന്നത്.
കവർച്ചയ്ക്കായി ഒരുക്കം
കായികബലവും ആരോഗ്യവുമുള്ള ഗ്രാമവാസിയായ ഒരു ചെറുപ്പക്കാരനെ കൂടെക്കൂട്ടി. പ്രദേശത്തുനിന്ന് ഒരു നാടൻതോക്കും സംഘടിപ്പിച്ചു. തുടർന്ന് അനുയോജ്യമായ ജ്വല്ലറി കണ്ടെത്തുന്നതിനായി ആ ചെറുപ്പക്കാരനെയും കൂട്ടി കോട്ടയത്തെത്തി. സിസിടിവി ഇല്ലാത്ത സ്ഥലങ്ങളായിരുന്നു ആദ്യം നോക്കിയത്.
ഒടുവിലാണ് മോഷണത്തിനായി കുന്നത്തുകളത്തിൽ ജ്വല്ലറി തെരഞ്ഞെടുത്തത്. കവർച്ചയ്ക്കു ശേഷം രക്ഷപ്പെടാനുള്ള റോഡ് മാർഗത്തെക്കുറിച്ചും വിശദമായി പഠിച്ചു. ജ്വല്ലറിയുടെ അടുത്തുനിന്നും ഏതു ഭാഗത്തേ ക്കും യാത്ര ചെയ്യാമെന്നതും നേട്ടമായി. ഒരാഴ്ചക്കാലം ഇരുവരും റോഡരുകിൽ നിന്ന് അതുവഴി പോകുന്ന സ്ഥിര സ്വഭാവമുള്ളവരെ നിരീക്ഷിച്ചു.
ഒരു പോലീസ് വാഹനം പോയതിനുശേഷം എത്ര സമയം പിന്നിട്ടാണ് അടുത്ത പോലീസ് സംഘം അതുവഴി പോകുന്നതെന്ന് വിശദമായി നിരീക്ഷിച്ചു. തോക്കിലേക്കുള്ള തിരകളും സംഘടിപ്പിച്ചു. ഇത് പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പിന്നീടുള്ള ശ്രമം. ശാന്തൻപാറയിലേക്ക് പോകുംവഴി ഒരു ബർത്ത്ഡേ പാർട്ടി നടക്കുന്ന വീട്ടിൽ പടക്കം പൊട്ടുന്നതുകേട്ട് അവിടെ റോഡരുകിൽ വണ്ടിനിർത്തി.
എന്നിട്ട് ആകാശത്തേക്ക് ഒരു പ്രാവശ്യം വെടി വച്ചു തോക്ക് പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കി. തുടർന്ന് മോഷണം നടത്തുന്നതിനായുള്ള തീയതി നിശ്ചയിച്ചു. കൃത്യദിവസം ജ്വല്ലറിക്കു മുന്നിൽ ബൈക്കിൽ മനോജ് കാത്തുനിന്നു. സഹായിയായ ചെറുപ്പക്കാരനെ സ്വർണക്കടയിലേക്ക് അയച്ചു. മുഖം മറച്ചു ചെല്ലുന്ന ആൾ താഴേക്ക് രണ്ടു വെടിവയ്ക്കണമെന്നായിരുന്നു നിർദേശം.
ചെറുപ്പക്കാരൻ ജ്വല്ലറിയിൽ ചെന്ന് അവിടെയുള്ളവരെ കണ്ടപ്പോൾ ഒരു നിമിഷം പരിഭ്രമിച്ച് അന്ധാളിച്ചു നിന്നു. പുറത്തു കാത്തു നിന്ന മനോജിന് അകത്ത് എന്താണ് നടക്കുന്നതെന്ന് സംശയം തോന്നി. എങ്കിലും ചെറുപ്പക്കാരൻ ധൈര്യ ത്തോടെ രണ്ടു റൗണ്ട് താഴേക്ക് വെടിയുതിർത്തു. സ്വർ ണക്കടയിലുണ്ടായിരുന്നവർ പരിഭ്രമിച്ച് നാലുപാടും ഓടുന്നതിനിടെ റോഡിന്റെ എതിർവശത്ത് നിന്നിരുന്ന മനോജ് കടയിലേക്ക് ചാടി ക്കയറി സ്വർണം മോഷ്ടിച്ച് ബിഗ്ഷോപ്പറിലാക്കി പുറത്തിറങ്ങി.
തുടർന്ന് സ്റ്റാർട്ട് ചെയ്ത് വച്ചിരുന്ന ബൈക്കിൽ ഇരുവരും തിരുനക്കര ഭാഗത്തേക്ക് പോയി. ഗാന്ധിസ്ക്വയറിന് അടുത്തെത്തിയപ്പോൾ ജനങ്ങൾ റോഡിൽ ചെറിയൊരു പ്രതിരോധം സൃഷ്ടിച്ചപ്പോഴാണ് ആകാശത്തേക്ക് ഒരുതവണ വെടിയുതിർത്തത്. ഇതോടെ ജനങ്ങളും ഭയചകിതരായി പിൻമാറി.
തിരുനക്കരയിൽ നിന്ന് വലതുവശത്തേക്ക് തിരിഞ്ഞ് നാഗന്പടം പാലത്തിന്റെ മുകളിലൂടെ പോകാനായിരുന്നു ആദ്യ പ്ലാൻ. നാഗന്പടം പാലത്തിനടുത്തായി ചതുപ്പു പിടിച്ച ചെറിയ തോടുകൾ ഉണ്ടായിരുന്നു. കൂടെയുള്ള ചെറുപ്പക്കാരനെ ഈ തോട്ടിലേക്ക് തള്ളിയിട്ട് ബൈക്കുമായി പോകാനായിരുന്നു മനോജ് ശ്രമിച്ചത്. ഏതു സാഹചര്യത്തിലും കഴിയാനുള്ള കെൽപുളളവനായിരുന്നു കർഷകത്തൊഴിലാളിയായ ആ ചെറുപ്പക്കാരൻ.
സ്ഥിതിഗതികൾ ശാന്തമായതിനു ശേഷം പിന്നീട് അയാളെ തിരിച്ചുകൊണ്ടു പോകാനായിരുന്നു ഉദ്ദേശ്യം. എന്നാൽ, ആ ഭാഗത്ത് ഗതാഗതക്കുരുക്ക് ഉണ്ടായതിനാൽ ശ്രമം ഉപേക്ഷിച്ച് ചുങ്കം റോഡിലേക്ക് പോകേണ്ടിവന്നു. അതോടെ കുമരകത്തേക്ക് പോകുകയായിരുന്ന ബസിൽ കൂട്ടാളിയായ ചെറുപ്പക്കാരനെ കയറ്റിവിട്ട് മനോജ് മെഡിക്കൽ കോളജ് ഭാഗത്തേക്ക് ബൈക്ക് ഓടിച്ചുപോയി. ഒരിക്കലും പോലീസിന്റെ കണ്ണിൽ പെടില്ലെന്ന് അയാൾക്ക് ബോധ്യമുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം ചോദ്യം ചെയ്യലിൽ മനോജ് പോലീസിനോട് വെളിപ്പെടുത്തി.
മനസിൽ പതിഞ്ഞ സംസാരം
പ്രതികളെ ചോദ്യം ചെയ്യുന്പോൾ പല കാര്യങ്ങളും മനസിൽ പതിയും. മനോജിന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യുന്ന സമയത്ത് അയാളുടെ ഓരോ രീതികളും ശൈലികളും ഭാഷയുമൊക്കെ അന്വേഷണോദ്യോഗസ്ഥനായ സന്തോഷ് പ്രത്യേകം നിരീക്ഷിച്ചു. അയാളുടെ ഓരോ ചിന്തയും എന്തിനേറെ പറയുന്നു നിശ്വാസം പോലും എവിടെയെത്തുമെന്ന് അദ്ദേഹത്തിന് ഉൗഹിക്കാമായിരുന്നു.
ചോദ്യം ചെയ്യുന്നതിനിടെ അയാൾ പറഞ്ഞു, സാറെ, എനിക്ക് ഈ ഏഴു കിലോ സ്വർണമൊന്നുംവേണ്ട. എന്റെ ബാധ്യത തീർക്കാനുള്ള അഞ്ചു കിലോ സ്വർണം മാത്രം എടുത്ത് ബാക്കിയുള്ള രണ്ടു കിലോ ഞാൻ ഉടമയ്ക്ക് കൊറിയർ ചെയ്തുകൊടുക്കുമായിരുന്നു.’ അയാളുടെ ഈ വാക്കുകൾ അദ്ദേഹത്തിന്റെ മനസിൽ നന്നായി പതിഞ്ഞിരുന്നു.
ഈ സംഭവത്തിനു ശേഷം എവിടെ മോഷണം നടന്നുവെന്നു കേൾക്കുന്പോഴും മോഷണരീതികളും മറ്റും ആ അന്വേഷണ ഉദ്യോഗസ്ഥരോടു ചോദിച്ച് അറിയാൻ അദ്ദേഹം ശ്രമിച്ചിരുന്നു. അത്തരത്തിലുള്ള ഒരു അന്വേഷണമാണ് മനോജ് സേവ്യർ എന്ന കുറ്റവാളിയുടെ രണ്ടാമത്തെ കുറ്റകൃത്യത്തിന്റെ ചുരുൾ അഴിക്കാൻ കഴിഞ്ഞതും. കോട്ടയത്തെ ജ്വല്ലറി കവർച്ചാക്കേസിൽ ഇയാൾക്ക് 15 വർഷം കഠിന തടവിന് കോട്ടയം സെഷൻസ് കോടതി ശിക്ഷ വിധിച്ചിരുന്നു.
തയാറാക്കിയത്- സീമ മോഹൻലാൽ