ആലപ്പുഴ മുഹമ്മയില്‍ മണ്ണഞ്ചേരിക്കു സമീപം യുവാവ് വെട്ടേറ്റു മരിച്ചു. കലവൂര്‍ പ്രീതികുളങ്ങര ഗോപാലസദനത്തില്‍ മധുക്കുട്ടന്റെ മകന് സുജിത്താണ് (25)മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുജിത്തിന്റെ അകന്ന ബന്ധുവും ആനിതാസ് ബണ്ടിനു സമീപം താമസിക്കുന്നയാളുമായ സൂജിത്തിനെ പോലിസ് കസ്റ്റഡിയിലെടുത്തു.
സ്ത്രീസംബന്ധമായ വിഷയമാണോ സംഭവത്തിനു പിന്നിലെന്നും പോലീസിന് സംശയമുണ്ട്. സുജിത്തിന് പുറമെ മറ്റാരെങ്കിലും കൃത്യത്തില്‍ പങ്കാളിയാണോ എന്നറിയാന്‍ ഫോണ്‍കോളുകള്‍ പരിശോധിക്കുന്നതടക്കമുള്ള നടപടികള്‍ പോലീസ് നടത്തുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കു ശേഷം ആര്യാട് നോര്‍ത്ത് കോളനിയിലെ അനിതാസ് ബണ്ടിനു സമീപമായിരുന്നു സംഭവം. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ മണ്ണഞ്ചേരി പോലീസുമാണ് വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ കിടന്നിരുന്ന സുജിത്തിനെ വണ്ടാനം മെഡിക്കല്‍ കോളജ് അശുപത്രിയില്‍ എത്തിച്ചത്.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. പോലീസ് കസ്റ്റഡിയിലുള്ള സുജിത്തിന്റെ വീടിനു സമീപമാണ് സംഭവം.പ്രീതികുളങ്ങരയിലെ വീട്ടില്‍ നിന്നും രണ്ടു കിലോമീറ്ററോളം അകലെയുള്ള അനിതാസ് ബണ്ടിന് സമീപം സുജിത്ത് രാത്രിയില്‍ എത്തിയത് എന്തിനെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അസയമത്ത് ദുരൂഹ സാഹചര്യത്തില്‍ കാണപ്പെട്ട സുജിത്തിന് വെട്ടേല്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അവിവാഹിതനാണ് സുജിത്ത്.