ഇരിങ്ങാലക്കുട: സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത സുജിത്ത് വേണുഗോപാൽ എന്ന യുവാവിനെ കന്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ പ്രതി മിഥുനെ തെളിവെടുപ്പിന് കൊണ്ടുവന്നു. സംഭവം നടന്ന ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിലെ ഓട്ടോറിക്ഷാ പേട്ടയിലാണ് പോലീസ് പ്രതിയെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്.
ഇന്ന് രാവിലെ സിഐ എം.കെ. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പിന് എത്തിച്ചത്. സംഭവത്തിനുശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ കഴിഞ്ഞദിവസം ആശുപത്രിയിൽനിന്നും വിടുതൽ വാങ്ങി സബ് ജയിലിൽ എത്തിച്ചിരുന്നു. തെളിവെടുപ്പിനും മറ്റു നടപടികൾക്കുമായി പ്രതിയെ പോലീസ് രണ്ട് ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
നഗരമധ്യത്തിൽ നടന്ന ക്രൂരമായ കൊലപാതകത്തിൽ വൻ ജനരോക്ഷമാണ് പ്രതീയ്ക്കെതിരെ ഉയർന്നിരുന്നത് . കൊലപാതകം നടന്നത് എങ്ങനേ നടത്തിയതെന്ന് മിഥുൻ പോലിസിനോട് വിശദികരിച്ചു.കൊലപാതകം നടത്താൻ ഉപയോഗിച്ച ഇരുന്പ് വടി മിഥുന്റെ പടിയൂരിലെ വീട്ടിലെ മോട്ടോർ ഷെഡിൽ ഒളിപ്പിച്ച നിലയിൽ പോലീസ് കണ്ടെടുത്തു.
മിഥുനെ തെളിവെടുപ്പിന് കൊണ്ട് വരുന്ന സമയത്ത് സുജിത്തിന്റെ അച്ഛനും സഹോദരി ഭർത്താവും സ്ഥലത്ത് ഉണ്ടായിരുന്നു.സുജിത്തിന്റെ മരണ ശേഷം ആശുപത്രിയിൽ കഴിയുന്ന മകളെ കാണാൻ പോകുന്നതിനിടെയാണ് അച്ഛൻ വേണുഗോപാൽ മിഥുനെ ബസ് സ്റ്റാന്റിൽ തെളിവെടുപ്പ് നടത്തുന്നത് ശ്രദ്ധയിൽപെട്ട് ഇവിടെയെത്തിയത്.
പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണ് എന്നും മിഥുനെ രക്ഷപെടുത്താൻ ആരോക്കെയോ പുറകിൽ ഉണ്ടെന്നും അതിന്റെ ഭാഗമാണ് ആത്മഹത്യ നാടകമെന്നും അദ്ദേഹം പറഞ്ഞു.