കായംകുളം: കണ്ടല്ലൂരില്‍ യുവാവിനെ റോഡരികിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ഉന്നത ബന്ധമുണ്ടെന്ന സൂചന അന്വേഷണ സംഘത്തിനു ലഭിച്ചു. കണ്ടല്ലൂര്‍ തെക്ക് ശരവണസദനത്തില് സുമേഷി(30)നെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോള്‍ പ്രതികള്‍ക്കുവേണ്ടി അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം രാത്രി എട്ടരയോടെ കണ്ടല്ലൂര്‍ കളരിക്കല്‍ ജംഗ്ഷനു സമീപം വച്ചായിരുന്നു നിരവധി ക്രിമിനല്‍കേസിലെ പ്രതിയായ സുമേഷിനെ കാറിലെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന യുവാവിനെ കാറിലെത്തിയ അഞ്ചോളംവരുന്ന സംഘം ഓടിച്ചിട്ട് വെട്ടുകയായിരുന്നു.
സമീപത്തെ വയലിലേക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും സംഘം പിന്തുടര്ന്ന് വെട്ടി. ഇരുകൈയും കാലും വെട്ടി മാറ്റിയനിലയിലായിരുന്നു. പിന്നീട് സംഘം കാറില്‍ രക്ഷപ്പെട്ടു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ക്ക് ഉന്നത ബന്ധമുണ്ടെന്നും പ്രതികള്‍ ഉന്നത സഹായത്തോടെ രക്ഷപ്പെട്ടതായും ഇപ്പോള്‍ അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന നിഗമനത്തിലാണ് ഇപ്പോള്‍ പോലീസ് അന്വേഷണം നടത്തുന്നത്.
കൊലപാതകം നടന്നതുമുതല്‍ നിരവധിപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തെങ്കിലും യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നിരവധിപ്പേരെ ഇപ്പോഴും അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. മൂന്ന് വധശ്രമമുള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട സുമേഷ്. മുമ്പ് ആക്രമിക്കപ്പെട്ടവരുടെ പ്രതികാരമാണ് കൊലപാതകത്തിലേക്കു നയിച്ചതെനാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.