ന്യൂഡൽഹി: മാതാപിതാക്കളെയും സഹോദരിയേയും കുത്തിക്കൊന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശികളും തെക്കൻ ഡൽഹിയിലെ വസന്ത്കുഞ്ചിന് സമീപം താമസക്കാരുമായ മിഥിലേഷ്(45) ഭാര്യ സിയ(40) മകൾ നേഹ(16) എന്നിവരാണ് കുത്തേറ്റ് മരിച്ചത്.
സംഭവത്തിൽ മിഥിലേഷിന്റെ മകൻ സുരാജ്(18) ആണ് അറസ്റ്റിലായത്. മൂന്നുപേരെ കുത്തിക്കൊലപ്പെടുത്തിയിട്ടും സുരാജിന് മാത്രം നിസാരമുറിവേറ്റതാണ് പോലീസിന്റെ സംശയം ബലപ്പെടുത്തിയത്.
വീട്ടിൽ അതിക്രമിച്ചുകയറിയ രണ്ടുപേർ തങ്ങളെ ആക്രമിച്ചെന്നും, അമ്മ മുന്പിൽനിന്നതിനാൽ തനിക്ക് വലിയ പരിക്കേറ്റില്ലെന്നുമാണ് ഇയാൾ പോലീസിന് മൊഴി നൽകിയത്. എന്നാൽ പോലീസ് ചോദ്യം ചെയ്യൽ കടുപ്പിച്ചതോടെ ഇയാൾ സത്യം പറയുകയായിരുന്നു.
തന്നിഷ്ടപ്രകാരം ജീവിക്കാൻ മാതാപിതാക്കൾ സമ്മതിക്കാത്തതിനെത്തുടർന്നാണ് കൃത്യം നടത്തിയത്. ചൊവ്വാഴ്ച മെഹറുലിയിൽ നിന്നാണ് ഇയാൾ കത്തിവാങ്ങിയത്. ബുധനാഴ്ച മൂന്നോടെയാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയത്. ആദ്യം പിതാവിനെയും പിന്നീട് അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തുകയായിരുന്നു.
ബുധനാഴ്ച രാവിലെ സുരാജാണ് കുടുംബാംഗങ്ങളുടെ മരണം പുറംലോകത്തെ അറിയിച്ചത്. ബാൽക്കണിയിൽ നിന്ന് ഇയാൾ അലറിവിളിക്കുകയായിരുന്നുവെന്നു. വീട് അകത്ത് നിന്ന് പൂട്ടിയതിനാൽ സു രാജ് ബാൽക്കണിയിൽ നിന്ന് താക്കോൽ എറിഞ്ഞു കൊടുക്കുകയായിരുന്നു. വാതിൽ അകത്തു നിന്ന് പൂട്ടിയതും താക്കോൽ ഇയാളുടെ കൈവശമുണ്ടായിരുന്നതുമെല്ലാം സംശയം ബലപ്പെടുത്തുകയായിരുന്നു.