ന്യൂഡൽഹി: ഡൽഹിയിൽ ഭാര്യയെ കൊന്നു മൃതദേഹം പെട്ടിക്കുള്ളിൽ ഒളിപ്പിച്ച ടാക്സി ഡ്രൈവറായ യുവാവ് അറസ്റ്റിൽ. ഭാര്യക്കു മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊല.
ഭാര്യയുടെ ആൺ സുഹൃത്തിനെയും കൊല്ലാനും യുവാവ് പദ്ധതിയിട്ടിരുന്നു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജനക്പുരിയിലാണു സംഭവം. ദീപിക ചൗഹാൻ (26) ആണ് കൊല്ലപ്പെട്ടത്. തുടർന്ന് ഭർത്താവ് ധൻരാജ് മൃതദേഹം പെട്ടിക്കുള്ളിൽ ഒളിപ്പിക്കുകയായിരുന്നു.
ധൻരാജ് കടുത്ത മദ്യപാനിയായിരുന്നു. ദീപിക ജോലി ചെയ്തുണ്ടാക്കുന്ന വരുമാനം കൊണ്ടാണ് വീട്ടിലെ കാര്യങ്ങൾ നടന്നിരുന്നത്. ഡിസംബർ 29നാണ് ദീപിക കൊല്ലപ്പെട്ടത്.
സംഭവത്തിനു പിന്നാലെ അമൃത്സറിലേക്കു പോയ പ്രതി മടങ്ങി വരുന്നതിനിടെയാണ് പോലീസിന്റെ പിടിയിലാകുന്നത്. മൃതദേഹം കഷ്ണങ്ങളാക്കി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കാനായിരുന്നു പദ്ധതിയെന്നും യൂട്യൂബിൽ മൃതശരീരം വെട്ടിമുറിക്കുന്നതിനുള്ള മാർഗങ്ങൾ അന്വേഷിച്ചിരുന്നതായും പോലീസിനോടു പ്രതി പറഞ്ഞു.