താനെ: പ്രണയബന്ധത്തിന്റെ പേരിൽ പെണ്‍കുട്ടിയുടെ ബന്ധുക്കൾ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണു സംഭവം.
കൽപേഷ് ചൗധരി എന്ന ഇരുപത്തിമൂന്നുകാരനാണു കൊല്ലപ്പെട്ടത്. അംബർനാഥ് സ്വദേശിനിയായ പെണ്‍കുട്ടിയുമായി കൽപേഷിനു ബന്ധമുണ്ടായിരുന്നു. എന്നാൽ ഇത് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഇഷ്ടമായിരുന്നില്ല. കൽപേഷിന്റെയും പെണ്‍കുട്ടിയുടെയും കുടുംബങ്ങൾ തമ്മിൽ ഇതുസംബന്ധിച്ചു തർക്കമുണ്ടായി.
ഈ മാസം തുടക്കത്തിൽ കൽപേഷിനെ കാണാതായി. വ്യാഴാഴ്ച മുർബാദ്-മാസ റോഡിലെ ഒരു ഫാംഹൗസിനു പിന്നിലെ കുറ്റിക്കാട്ടിൽനിന്ന് അഴുകിയ നിലയിൽ കൽപേഷിന്റെ മൃതദേഹം കണ്ടെത്തി.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ടു യുവാക്കൾ പിടിയിലായി. കൽപേഷിനെ പെണ്‍കുട്ടിയുടെ ബന്ധുക്കൾ ചേർന്ന് അടിച്ചുകൊല്ലുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. മൂന്നു പേർ ചേർന്നാണ് കൽപേഷിനെ കൊലപ്പെടുത്തിയത്. ഇതിൽ രണ്ടുപേർ പേരെ പോലീസ് അറസ്റ്റ് ചെയ്തു.