തൊടുപുഴ: ടാപ്പിംഗ് തൊഴിലാളി റബർ തോട്ടത്തിൽ വെട്ടേറ്റു മരിച്ചു. വണ്ണപ്പുറം സ്വദശിയും കാളിയാർ എസ്റ്റേറ്റിൽ താമസക്കാരനുമായ കോടന്തറയിൽ സദാനന്ദൻ (60) ആണ് വെട്ടേറ്റു മരിച്ചത്. കോടിക്കുളം- നെയ്യശേരി റോഡിൽ പാറത്തട്ടയിലാണ് സംഭവം. സദാനന്ദൻ ഇവിടെ സ്വകാര്യ വ്യക്തിയുടെ റബർതോട്ടത്തിൽ ടാപ്പിംഗ് നടത്തുന്നുണ്ടായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെയാണ് ജോലിക്കിടയിൽ സദാനന്ദന് വെട്ടേറ്റത്.
ബൈക്കിലെത്തിയ അക്രമി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സദാനന്ദന്റെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയപ്പോഴേക്കും അക്രമി ബൈക്കിൽ രക്ഷപെട്ടു. നാട്ടുകാർ സദാനന്ദനെ ഉടൻ തന്നെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പിന്നിൽ നിന്നുള്ള വെട്ടേറ്റ് കഴുത്തിന് ഗുരുതര പരിക്കേറ്റിരുന്നു. കാളിയാർ എസ്റ്റേറ്റിൽ നിന്ന് പിരിഞ്ഞെങ്കിലും എസ്റ്റേറ്റ് ലയത്തിൽ താമസിക്കുകയായിരുന്നു. കാളിയാർ സിഐ പി.എ.യൂനസിന്റെ നേതൃത്വത്തിൽ പോലീസ് കൊലപാതകിക്കായി അന്വേഷണം ആരംഭിച്ചു.