തൃശൂർ: തൃശൂരിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചു. മുക്കാട്ടുകര നെട്ടിശേരി പൊറാടൻ വീട്ടിൽ ബാലന്റെ മകൻ നിർമൽ(20) ആണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. മുക്കാട്ടുകര കോക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിലാണ് നിർമൽ കുത്തേറ്റു മരിച്ചത്.
നിർമലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് തൃശൂർ ജില്ലയിൽ ഹർത്താലിന് ആഹ്വാനം നൽകിയിട്ടുണ്ട്. രാവിലെ ആറിന് ഹർത്താൽ തുടങ്ങി. ഹർത്താലറിയാതെ നിരത്തിലിറങ്ങിയ വാഹനങ്ങൾ ഹർത്താലനുകൂലികൾ പലയിടത്തും തടഞ്ഞു.കോക്കുളങ്ങര ഉത്സവത്തിനിടെ നിർമലിനേയും മറ്റും ഒരു സംഘമാളുകൾ ആക്രമിക്കുകയും നിർമലിനെ കുത്തുകയുമായിരുന്നുവെന്ന് പറയുന്നു.
കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ നിർമലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പരിക്കേറ്റ നായരങ്ങാടി ചിറയൻകണ്ട ത്ത് ജോണിയുടെ മകൻ മിഥുൻ എന്നു വിളിക്കുന്ന തോമസിനെ (29) ഗുരുതരമായ പരിക്കുകളോടെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ഒന്നാംവർഷ ബിഎ ഹിസ്റ്ററി വിദ്യാർഥിയാണ് കൊല്ലപ്പെട്ട നിർമൽ.
കോക്കുളങ്ങര ക്ഷേത്രത്തിലെ കാവടി ഉത്സവവുമായി ബന്ധപ്പെട്ടുണ്ട ായ തർക്കമാണ് സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് സൂചന. ഇന്നലെ രാത്രി പതിനൊന്നരയോടെ മാവിൻചുവട്ടിൽ വെച്ചാണ് നിർമലിനും മിഥുനിനും കുത്തേറ്റത്. അഞ്ചംഗസംഘമാണ് ആക്രമിച്ചതെന്നാണ് സൂചന. ഇന്നു പുലർച്ചെയാണ് ബിജെപി ജില്ലയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്തത്.