തുളസീദാസന്‍പിള്ള വധക്കേസ്: വിധി നവംബര്‍ മൂന്നിലേക്ക് മാറ്റി

LD-CRIMEBLOODകോട്ടയം: ബിസിനസുകാരനായ തുളസീദാസന്‍പിള്ളയെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തി കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകള്‍ ഭാര്യ കൈവശപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് നവംബര്‍ മൂന്നിലേക്ക് മാറ്റി.  ഇന്നു കേസ് പരിഗണിക്കവേ കോട്ടയം അഡീഷണല്‍ ജില്ലാ ജഡ്ജിയാണ്  വിധി പ്രസ്താവിക്കുന്നത് മാറ്റിവച്ചത്.   ഭാര്യയുടെ അവിഹിത ബന്ധങ്ങളെ എതിര്‍ത്തതിലുള്ള വിരോധമായിരുന്നു കൊലപാതകത്തിന് കാരണം.

തുളസീദാസന്‍ പിള്ളയുടെ ഭാര്യ ചങ്ങനാശേരി തൃക്കൊടിത്താനം ചാഞ്ഞോടി ലീലാഭവനില്‍ ലീലാമണി കേസിലെ എട്ടാം പ്രതിയാണ്. ഫാത്തിമാപുരം കുന്നക്കാട് ഭാഗത്തു ളാക്കുള്ളത്ത് ഷാജുദ്ദീന്‍(മൊബൈല്‍ ഷാജി), പീരുമേട് കരടിക്കുഴി പുത്തന്‍വീട്ടില്‍ ഷെമീര്‍, പീരുമേട് കരടിക്കുഴി ഭാഗത്ത് ആന്താംപറമ്പില്‍ നാസര്‍, മന്ദിരം വെള്ളൂക്കുന്ന് തെക്കനാല്‍ നിരപ്പേല്‍ പ്രസാദ്, ഫാത്തിമാപുരം കുന്നക്കാട് ളാക്കുളത്ത് നജീബ്, നാലുകോടി അമ്പിത്താഴേ പി.സത്യ, ചങ്ങനാശേരി പുതുപ്പറമ്പില്‍ സിനോജ് എന്നിവരാണ് മറ്റു പ്രതികള്‍.

തുളസീദാസന്‍പിള്ളയെ കൊലപ്പെടുത്താന്‍ പലതവണ ശ്രമിച്ച് പരാജയപ്പെട്ട ക്വട്ടേഷന്‍ സംഘം 2006 ഫെബ്രുവരി നാലിന് രാത്രി 8.30ന് ചങ്ങനാശേരി-മല്ലപ്പള്ളി റോഡിലുടെ വീട്ടിലേക്ക് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന തുളസീദാന്‍ പിള്ളയെ ടാറ്റാ സുമോ ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ചങ്ങനാശേരി എസ്‌ഐയായിരുന്ന കെ. ഉല്ലാസ് അപകടമരണമായി രജിസ്റ്റര്‍ ചെയ്ത കേസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന പി. ബിജോയ് നടത്തിയ സമഗ്ര അന്വേഷണത്തിന്റെ ഫലമായാണ് മൃഗീയമായ കൊലപാതകത്തിന്റെ ചുരുള്‍ നിവരുന്നത്.

പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.ഗോപാലകൃഷ്ണനും, പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ ബോബന്‍ ടി.തെക്കേല്‍, സി.എസ് അജയന്‍, റോയിസ് ചിറയില്‍, ഗോപാലകൃഷ്ണകുറുപ്പ്, സോജന്‍ പവിയാനോസ് എന്നിവര്‍ കോടതിയില്‍ ഹാജരായി. ജില്ലയില്‍ നിലവിലുള്ളതില്‍ ഏറ്റവും പഴക്കം ചെന്ന കേസാണ് തുളസീദാസന്‍പിള്ള വധക്കേസ്.

Related posts