പേരൂർക്കട: സ്ത്രീസുഹൃത്തിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. വഴയില പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ 9 നാണ് നഗരത്തെ നടുക്കിയ ക്രൂരമായ സംഭവം നടന്നത്.
നന്ദിയോട് സ്വദേശിനി സിന്ധു (50) ആണ് വെട്ടേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം പത്തനാപുരം സ്വദേശി രാജേഷിനെ (46) പേരൂർക്കട പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: രാജേഷും സിന്ധുവും തമ്മിൽ കഴിഞ്ഞ 12 വർഷമായി ഒന്നിച്ച് താമസിച്ചു വരികയാണ്.
ഇടയ്ക്കിടെ ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു. രാജേഷ് കിളിമാനൂർ ജംഗ്ഷന് സമീപം ഒരു സർബത്ത് കട നടത്തിവരികയായിരുന്നു. സിന്ധുവിന് ദിവസ വേതനാടിസ്ഥാനത്തിലുള്ള ജോലിയാണ്.
കഴിഞ്ഞ ഒരുമാസമായി സിന്ധുവിനോടു പിണങ്ങി രാജേഷ് പത്തനാപുരത്തുരത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു താമസം.
ഇന്ന് നെടുമങ്ങാട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിൽ സിന്ധു വരുന്നതായി രാജേഷ് മനസിലാക്കിയിരുന്നു. ഇതിനെ തുടർന്ന് ഇയാൾ മറ്റൊരു ബസിൽ കയറുകയും വഴയില പെട്രോൾ പമ്പിന് സമീപത്ത് വച്ച് സിന്ധു ബസിറങ്ങുന്നത് ശ്രദ്ധിക്കുകയും ചെയ്തു.
പെട്രോൾ പമ്പിന് സമീപത്ത് വച്ച് ഇവർ തമ്മിൽ സംസാരിക്കുകയുണ്ടായി. പ്രശ്നങ്ങൾ പറഞ്ഞു തീർക്കുന്നതിന് വേണ്ടി രാജേഷ് സിന്ധുവിനോട് സംസാരിക്കുന്നതിനിടെ വാക്കു തർക്കം ഉണ്ടാകുകയും അത് പ്രകോപനമാകുകയും ചെയ്തു.
അടുത്ത നിമിഷം രാജേഷ് കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് സിന്ധുവിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സിന്ധുവിന് കഴുത്തിനാണ് വെട്ടേറ്റത്.
മാരകമായി മുറിവേറ്റ സിന്ധുവിനെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച രാജേഷിനെ പേരൂർക്കട പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.
സിന്ധുവുമായി കലഹം നിലനിൽക്കുന്നതിനാൽ രാജേഷ് എപ്പോഴും കയ്യിൽ വെട്ടുകത്തി കരുതാറുണ്ട് എന്നാണ് പോലീസ് പറയുന്നത്. ഇയാളെ പേരൂർക്കട പോലീസ് കൂടുതൽ ചോദ്യം ചെയ്തു വരുന്നു.