മൂന്നാർ: മൂന്നാർ എല്ലപ്പെട്ടി സ്വദേശികളായ രണ്ടു യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതി മണി കുറ്റം സമ്മതിച്ചതായി സൂചന. പ്രതിക്ക് ചെണ്ടുവരൈ എസ്റ്റേറ്റിലുള്ള സ്ത്രീയുമായുള്ള രഹസ്യബന്ധം പടക്കം പൊട്ടിച്ച് നാട്ടുകാർ അറിയാൻ ഇടയാക്കിയ തിലുള്ള വിദ്വേഷമാണ് കൊലപാതകത്തിലെത്തിച്ചത്. തിരുനെൽവേലി സ്വദേശിയായ മണി നാട്ടിലെത്തുന്പോൾ ഈ സ്ത്രീയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.
കഴിഞ്ഞ തവണ ഇത്തരത്തിൽ സ്ത്രീയുടെ വീട്ടിലെത്തിയപ്പോൾ ഈ വീടിനു സമീപം പടക്കം പൊട്ടിക്കുകയും ഈ ബന്ധം നാട്ടുകാർ അറിയുകയും ചെയ്തതിന്റെ പക മൂലം കൊലപാതകം ചെയ്തുവെന്നാണ് പ്രതി മണിയുടെ മൊഴി. ഇതു കൂടാതെ മണി വ്യാജമദ്യം വിറ്റ കേസിൽ ചെല്ലദുരൈയെ രണ്ടു തവണ പോലീസിനെ കൊണ്ട് യുവാക്കൾ പിടിപ്പിച്ചതും മറ്റൊരു കാരണമായി.
എന്നാൽ പോലീസ് പൂർണമായി ഈ മൊഴി മുഖവിലയ്ക്കെടുത്തിട്ടില്ല. ഒരാൾക്ക് മാത്രമായി ഈ കൃത്യം ചെയ്യാനാവില്ലെന്നും കേസിൽ മറ്റുള്ളവർക്കും പങ്കുണ്ടാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സൂര്യനെല്ലി ആദിശങ്കരൻ, ചെന്നൈ സ്വദേശിയായ ഇനിയ എന്നിവരെയും അന്വേഷിച്ചു വരുന്നുണ്ട്.
കേസ് അന്വേഷിക്കുന്ന ബോഡിനായ്ക്കന്നൂർ പോലീസിന്റെ കസ്റ്റഡിയിലാണ് പ്രതി. രണ്ടു ദിവസം മാത്രമാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടിയിട്ടുള്ളത് എന്നതിനാൽ ത്വരിതഗതിയിലായിരുന്നു അന്വേഷണം. ചുരുങ്ങിയ സമയം മാത്രം ഉള്ളൂ എന്നതിനാൽ വിശദമായ തെളിവെടുപ്പിന് ഇതു വരെ അവസരം ലഭിച്ചിട്ടില്ല. കസ്റ്റഡി ഇന്ന് അഞ്ചിന്് അവസാനിക്കും.
പ്രതിയുടെ മൊഴിയാണ് ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. പോലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ച ഉത്തമപാളയം കോടതിയാണ് രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡി അനുവദിച്ചത്.
ആസൂത്രിതമായ കൊലപാതകമെന്നാണ് പോലീസിന്റെ നിരീക്ഷണം. മൂന്നാറിലുള്ള യുവാക്കളെ തമിഴ്നാട് അതിർത്തിയിൽ എത്തിച്ച് കൊലപ്പെടുത്തിയത് അതിനാലാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ 14 നു കേരള – തമിഴ്നാട് അതിർത്തിയിലുള്ള ബോഡിമെട്ടിനു സമീപത്തുള്ള മണപ്പട്ടിയിൽ വച്ചായിരുന്നു യുവാക്കളായ ശരവണൻ, ജോണ്പീറ്റർ എന്നിവർ കൊല്ലപ്പെട്ടത്.
സംഭവത്തെ തുടർന്ന് മുങ്ങിയ പ്രതി കഴിഞ്ഞ 20 നു ചെന്നൈ സെയ്ദാപ്പെട്ട് കോടതിയിലാണ് കീഴടങ്ങിയത്. തേനി എസ്.പി സേതു, ബോഡി ഡിവൈഎസ്പി പ്രഭാകരൻ, കൊരങ്ങാത്തി സി.ഐ സഹദേവൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.