എരുമപ്പെട്ടി: രാജസ്ഥാനിൽ ബാർമറിൽ ദാരുണമായി കൊല്ലപ്പെട്ട മണ്ടംപറന്പ് കോഴിക്കാട്ടിൽ വിജയൻ നായരുടെ മകൻ വൈശാഖിന്റെ മരണം സിബിഐ അനേഷിക്കണമെന്ന് ആക്ഷൻ കൗണ്‍സിൽ എരുമപ്പെട്ടിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി ബന്ധപ്പെട്ട് മെയ് രണ്ടിന് എരുമപ്പെട്ടി കടങ്ങോട് റോഡ് ജംഗ്ഷനിൽ ധർണ ആക്ഷൻ കൗണ്‍സിൽ സംഘടിപ്പിക്കും. അന്യസംസ്ഥാനത്ത് നടന്ന സംഭവമായതിനാലാണ് സിബിഐ തന്നെ അനേഷിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.
ബാർമറിൽ പ്രസർവ് ഇൻഫ്രാക്ച്ചർ പ്രൈവറ്റ് ലിമിറ്റഡിൽ എൻജിനീയറായാണ് വൈശാഖ് ജോലി ചെയ്തിരുന്നത്. തൊഴിലാളികളെ കന്പനി ചൂഷണം ചെയ്യുന്നതിനെതിരെ വൈശാഖ് പരാതി നൽകിയിരുന്നതായും, സ്റ്റോക്കിലെ തിരിമറികൾ വൈശാഖ് കണ്ടെത്തുകയും ചെയ്തതായി പറയുന്നു.ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വൈരാഗ്യമാണ് വൈശാഖിന്റെ മരണത്തിനു കാരണമെന്ന് കരുതുന്നതായി നാട്ടുകാർ ആരോപിച്ചു.
ഫെബ്രുവരി 24 ന് ബാർമർ റയിൽവേ സ്റ്റേഷനിൽ നിന്ന് കുറച്ച് ദൂരെ റെയിൽവേ ട്രാക്കിലാണ് വൈശാഖിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അനേഷണത്തിൽ ആത്മഹത്യയാണെന്ന് പോലീസ് നിഗമനം.ബന്ധുക്കളുടെ ആവശ്യപ്രകാരം പോസ്റ്റുമോർട്ടം നടത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഡോക്ടർ നടത്തിയ പത്രസമ്മേളനത്തിൽ ശരീരത്തിൽ മാരകമായ മുറിവുകൾ ഉണ്ടായിരുന്നതായും, ട്രെയിൻ വരുന്നതിനുമൂന്നു മണിക്കൂർ മുന്‍പ് മരണം സംഭവിച്ചെന്നും പറഞ്ഞിരുന്നു. സംഭവം പിന്നീട് ആരും അറിയാതെ ഒതുക്കിതീർക്കുകയായിരുന്നു.
വൈശാഖിന്റെ പിതാവ് ഇതിനകം പ്രധാനമന്ത്രി, കേന്ദ്ര അഭ്യന്തര മന്ത്രി, മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവ്, സ്ഥലം എംപി, വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവരെ കണ്ട് നിവേദനം നൽകിയിരുന്നെങ്കിലും നടപടികൾ എങ്ങുമെത്തിയിട്ടില്ല. എരുമപ്പെട്ടിയിലെയും സമീപ പ്രദേശങ്ങളിലെയും നാട്ടുകാർ ചേർന്നാണ് ആക്ഷൻ കൗണ്‍സിൽ രൂപികരിച്ചിട്ടുള്ളത്. കടങ്ങോട് പഞ്ചായത്ത് അംഗവും വാർഡ് അംഗവുമായ ടി.പി.ജോസഫ് ചെയർമാനും, പി.പി.നന്ദകുമാർ കണ്വീനവും രമേഷ് വെളുത്താർ, പി.ടി.ജോസഫ് ജോ.. കണ്‍വീനർമാരായി ആക്ഷൻ കൗണ്‍സിൽ പ്രവർത്തിക്കുന്നു