കോന്നി: ഭാര്യാ സഹോദരിയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് വെട്ടിരുന്പുമായി ഭീഷണിപ്പെടുത്തി ഭാര്യയെകൂട്ടി കാടുകയറിയത് പരിഭ്രാന്തി പരത്തി. കുമ്മണ്ണൂർ പത്തേക്കരമുരുപ്പ് വിളയിൽ വീട്ടിൽ വിനോദാ(35) ണ് പത്ത്മണിക്കൂറോളം നാട്ടുകാരെയും പോലീസിനെയും മുൾമുനയിൽ നിർത്തിയത്. വിനോദിന്റെ ഭാര്യാസഹോദരി ശ്രീലത(38) യെ പരിക്കേറ്റ നിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സംഭവങ്ങളുടെ തുടക്കം. കുടുംബ വഴക്കിനെ തുടർന്ന് വേറിട്ടു താമസിച്ചിരുന്ന വിനോദ് വീട്ടിൽ കടന്നു കയറി ശ്രീലതയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭാര്യ അനിതയെ ബലമായി വീടിനു സമീപത്തെ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പോലീസ് സ്ഥലത്ത് എത്തിയെങ്കിലും വിനോദ് ഭാര്യയെ ആക്രമിച്ചേക്കുമെന്ന ഭീതിയിൽ കാട്ടിൽ തെരച്ചിൽ നടത്താൻ തുനിഞ്ഞില്ല.
രാവിലെ എട്ടോടെ ജനപ്രതിനിധികളടക്കമുള്ളവർ കാട്ടിൽ ഇരുവരെയും കണ്ടെത്തി. അനിത സുരക്ഷിതയായിരുന്നു. എന്നാൽ ഉച്ചയോടെയാണ് വിനോദിനെ അനുനയിപ്പിച്ച് വനത്തിനു പുറത്തിറക്കാനായത്. ഇയാളെ പിന്നീട് കോന്നി പോലീസ് അറസ്റ്റു ചെയ്തു. ഒരു വർഷം മുന്പ് വിനോദ് തന്റെ രണ്ട് മക്കളെയും വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതേ തുടർന്ന് വീടുമായി ബന്ധമില്ലാതെ കഴിയുകയായിരുന്നു.