പേരാമ്പ്ര: ചക്കിട്ടപാറ മുതുകാട് കഴിഞ്ഞ ദിവസം ആദിവാസി സ്ത്രീ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത മൂത്ത മകനെ പോലീസ് ഇന്നു കോടതിയിൽ ഹാജരാക്കും. മുതുകാട് കുളത്തൂര്‍ കോളനിയിലെ ഒന്നാം നമ്പര്‍ വീട്ടില്‍ വിത്സന്റെ ഭാര്യ റീന (വാക- 45) മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മകന് സുനില്‍ എന്ന അപ്പു (21)വിനെയാണ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് റീനയെ മരിച്ച നിലയില്‍ കാണുന്നത്.
കഴിഞ്ഞ ദിവസം സുനിലിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇന്നലെ കാലത്ത് 10 മണിയോടെ നാദാപുരം എഎസ്പി അംഗിത് അശോക് പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകം പുറത്ത് വരുന്നത്. കൂടുതല്‍ ചോദ്യം ചെയ്തതോടെ രണ്ട് കൊലപാതകങ്ങള്‍ നടത്തിയതായി പ്രതി വെളിപ്പെടുത്തി. മരിച്ച റീനയുടെ മകന് അനുവിനെ കഴിഞ്ഞ വര്‍ഷം ജൂലായ് 24 ന് വീടിനോട് ചേര്‍ന്ന റബ്ബര്‍ മരത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.
സുനിലിന്റെ അനുജനായ അനുവിനെയും താന്‍ കൊന്ന് കെട്ടിതൂക്കിയതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. അമ്മയെ കൊന്നത് മദ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം മൂലമാണ്. വിത്സനും റീനയും സുനിലും വീട്ടിലുള്ളപ്പോള്‍ നടന്ന തര്ക്കതിന്റെ തുടര്‍ച്ചയായാണ് കൊലപാതകം നടന്നത്. ഈ സമയത്ത് റീനയും സുനിലും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കഴുത്തില്‍ കയറിട്ട് കുടുക്കി മേൽക്കുരയില്‍ കെട്ടി വലിക്കുകയായിരുന്നെന്നും പിന്നീട് മുറ്റത്തു കിടത്തുകയുമായിരുന്നു.
പുറത്തുപോയി പന്നിയിറച്ചിയുമായി തിരിച്ചെത്തിയ വിത്സനോട് അമ്മ കുഴഞ്ഞ് വീണതായി സുനില്‍ അറിയിച്ചു. ഇരുവരൂം ചേര്‍ന്ന് എടുത്ത് അകത്തുകിടത്തുകയായിരുന്നു. ഇന്നലെ കാലത്ത് മുതല്‍ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട് മൂന്നരവരെ തുടര്‍ന്നു. റൂറല്‍ എസ്പി കെ.ജി സൈമണും സ്റ്റേഷനിലെത്തി. കേസിന്റെ അന്വേഷണ ചുമതല എഎസ്പിക്കു കീഴില്‍ വളയം പൊലീസ് ഇന്‍സ്പക്ടര്‍ എ.വി. ജോണിന് കൈമാറി. നാലു മണിയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പിനായ് മുതുകാട്ടെ വീട്ടിലേക്ക് കൊണ്ടു പോയി.
വടകര ഫോറന്‍സിക് അസിസ്റ്റന്റ് കെ.എസ്. ശ്രീലേഖ, പെരുവണ്ണാമൂഴി സബ് ഇന്‍സ്പക്ടര്‍മാരായ എ.കെ. ഹസ്സന് , കെ. ബാബുരാജന് എന്നിവരും തെളിവെടുപ്പിനായ് കൂടെ ഉണ്ടായിരുന്നു. പോലീസ് കസ്റ്റഡില്‍ സൂക്ഷിക്കുന്ന പ്രതിയെ ഇന്നു പേരാമ്പ്ര കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ വര്‍ഷം മരിച്ച അനുവിന്റെ മരണം അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നെങ്കിലും അത് ആത്മഹത്യയാണെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു. ഇതും കൊലപാതകമാണെന്ന വെളിപ്പെടുത്തലുണ്ടായതോടെ കേസ് പുനരന്വേഷണം നടത്തുമെന്ന് എഎസ്പി അംഗിത് അശോക് അറിയിച്ചു.