സ്വന്തംലേഖകന്‍
കോഴിക്കോട്: സംസ്ഥാന പോലീസിന്റെ ചരിത്രത്തിലാദ്യമായി ക്രൈംബ്രാഞ്ച് യൂണിറ്റുകളില്‍ കേസന്വേഷിക്കാന്‍ വനിതകളെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് ഹെഡ്ക്വാട്ടേഴ്സിലും എല്ലാ ജില്ലകളിലുമുള്ള ക്രൈംബ്രാഞ്ചിന്റെ വിവിധ യൂണിറ്റുകളിലേക്കുമാണ് 51 വനിതാ പോലീസുദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
ഇതുവരേയും ക്രൈംബ്രാഞ്ചില്‍ വനിതകളെ നിയമിച്ചിരുന്നില്ല. ഇത് കേസന്വേഷണത്തെ ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിപി ലോക്നാഥ് ബഹ്റ വനിതാ സേനാംഗങ്ങളെ വിന്യസിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഒഴിവുകള്ക്കനുസൃതമായാണ് ഇവരെ നിയമിക്കുന്നത്. വനിതാ നിയമനം സംബന്ധിച്ച് നേരത്തെ തന്നെ ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പുതുവത്സര പിറവിയില്‍ തന്നെ പുതിയ നിയമനം നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ക്രൈംബ്രാഞ്ച് ഐജി ഓഫീസുകളില്‍ ഓരോ വനിതാ പോലീസ് ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നത്. ഇതിനു പുറമേ നാലുപേരെ ക്രൈംബ്രാഞ്ച് ഹെഡ്ക്വാട്ടേഴ്സിലും നിയമിക്കും. തിരുവനന്തപുരത്തെ മറ്റ് യൂണിറ്റുകളിലായി ഏഴുപേരെയും കൊല്ലം ജില്ലയില്‍ രണ്ടുപേരെയും നിയമിക്കും.
പത്തനംതിട്ട, ആലുപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും രണ്ടുപേരെ വീതമാണ് നിയമിച്ചിട്ടുള്ളത്. ഇടുക്കിയില്‍ മൂന്നുപേരെയും നിയമിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലും മറ്റു വിവിധ യൂണിറ്റുകളിലായി ഏഴു പേരെയാണ് ചുമതലപ്പെടുത്തിയത്. തൃശൂരില്‍ മൂന്നുപേരെയും പാലക്കാടും മലപ്പുറത്തും രണ്ടുപേരെയുമാണ് നിയമിച്ചത്. കോഴിക്കോട് ജില്ലയില്‍ അഞ്ചുപേരെയും വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി രണ്ടുപേരെ വീതവും നിയമിച്ചിട്ടുണ്ട്.