കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമിലെ അന്തേവാസിയായ ആറു വയസുകാരനെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തല്‍. ഒപ്പമുണ്ടായിരുന്ന അന്തേവാസികളുടെ ക്രൂരമായ മര്‍ദമേറ്റാണ് അജിന് മരിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
തലയോട്ടിക്കേറ്റ ക്ഷതമാണ് അജിന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കല്‍കോളജിലെ ഫോറന്‍സിക് വിദഗ്ധരുടെ കണ്ടെത്തല്‍.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിനായിരുന്നു ചേവായൂര്‍ പോലീസ് കേസെടുത്തത്. ഇന്ന് കൊലപാതക കുറ്റം ചുമത്തി കേസ് വീണ്ടും രജിസ്റ്റര്‍ ചെയ്യുമെന്ന് ചേവായൂര്‍ സിഐ ശംബുനാഥ് “രാഷ്ട്രദീപിക’യോട് പറഞ്ഞു.
അജിന്റെ തല ബലമായി ചുവരിനോട് ചേര്‍ത്തു നിര്‍ത്തി ഇടിച്ചതിന്റെ ലക്ഷണങ്ങളാണുള്ളതെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചു.
വയറിലും നെഞ്ചിലും അടിലേറ്റതിന്റെ ലക്ഷണങ്ങളുണ്ട്. കൂടാതെ കൈയിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലുമെല്ലാം പിടിവലി നടന്നതിന്റെ അടയാളങ്ങളും പരിക്കുകളും ഉണ്ട്.
അടിപിടി നടന്നാലുണ്ടാവുന്ന ലക്ഷണങ്ങളാണ് മൃതദേഹത്തില്‍ കണ്ടെത്താനായതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ തന്നെ പോലീസിന് കൈമാറും.
പ്രാഥമിക വിവരങ്ങള്‍ മാത്രം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് ചേവായൂര്‍ പോലീസ് അറിയിച്ചു.
അതേസമയം സാമൂഹ്യ നീതി ഓഫീസറും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഇന്ന് തന്നെ സാമൂഹ്യ നീതി ഡയറക്ടര്‍ക്ക് കൈമാറും.
ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാണ് സാമൂഹ്യനീതി വകുപ്പ് തീരുമാനം. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് അജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടിയുടെ ശരീരത്തില്‍ ആരോ ഉപദ്രവിച്ചതന്റെതു പോലുള്ള പരിക്കുകള്‍ ആദ്യഘട്ടത്തില്‍ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. ആര്‍ഡിഒയുടെ സാന്നിധ്യത്തിലാണ് പിന്നീട് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
ശനിയാഴ്ച രാവിലെ ആറരക്ക് ജുവനൈല്‍ ഹോമിലെ കുട്ടികളെ വിളിച്ചുണര്‍ത്തുന്ന സമയത്ത് അജിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ പോലീസിനെ അറിയിച്ചത്.
ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഓട്ടിസം ബാധിച്ച കുഞ്ഞ് ഒന്നര വര്‍ഷമായി വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമിലാണ് കഴിയുന്നത്.
താമരേശ്ശരി കൈതപ്പൊയില്‍ സ്വദേശിയായ കോട്ടമുറിക്കല്‍ വീട്ടില്‍ നിത്യയുടെയും ജിഷോയുടെയും മകനാണ്. മാനസിക വെല്ലുവിളി നേരിടുന്ന മാതാവ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പിതാവ് കുടുംബത്തെ ഉപേക്ഷിച്ചു പോയി.
മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. ഒന്നര വര്‍ഷം മുമ്പാണ് കുട്ടിയെ ജുവനൈല്‍ ഹോമിലാക്കിയത്. കുട്ടിക്ക് ജലദോഷമല്ലാതെ മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ജുവനൈല്‍ ഹോം അധികൃതര്‍ പോലീസിനോട് പറഞ്ഞത്.