വെസ്റ്റ് വെർജിനിയ: അഞ്ചു പിഞ്ചുകുട്ടികളെ വെടിവച്ചു കൊലപ്പെടുത്തിയശേഷം വീടിനു തീയിട്ടശേഷം അമ്മ ജീവനൊടുക്കി.
ഒരു വയസ് മുതൽ ഏഴു വയസുവരെ പ്രായമുള്ള അഞ്ചു കുട്ടികളെ ഒരോരുത്തരായി തലയ്ക്ക് വെടിവച്ചു കൊലപ്പെടുത്തിയശേഷം വീടിനു തീയിട്ടാണ് അമ്മ ജീവനൊടുക്കിയത്. വെസ്റ്റ് വെർജിനിയായിലെ വില്യംസ് ബർഗിൽ ഡിസംബർ എട്ടിനായിരുന്നു സംഭവം.
ഭർത്താവിന്റെ മുൻ വിവാഹത്തിൽ ജനിച്ച രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേരാണ് 25 വയസുള്ള മാതാവ് ഒറിയാൻ മെയേഴ്സിന്റെ ക്രൂര കൃത്യത്തിന് വിധേയരായതെന്ന് ലോ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ജനുവരി 21 വ്യാഴാഴ്ച വെളിപ്പെടുത്തി.
സ്വന്തം വീട്ടിൽ താമസിക്കാതെ ഭർത്താവ് തന്നെയും കുട്ടികളേയും തനിച്ചാക്കി രണ്ടാഴ്ചയോളം സ്വന്തം പിതാവിനോടൊപ്പം ജീവിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചതെന്ന് ഗ്രീൻ ബ്രിയർ കൗണ്ടി ഷെറിഫ് ബ്രൂസ് സ്ലോൻ പറഞ്ഞു. ഇവർ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ഷെറിഫ് പറഞ്ഞു.
സംഭവ ദിവസം സ്കൂളിൽ നിന്നും രണ്ടു കുട്ടികളേയും കൂട്ടി വീട്ടിലെത്തി രണ്ടു മണിക്കൂറിനുശേഷം വീടിന് തീപിടിച്ചുവെന്ന വിവരമാണ് പോലീസിന് ലഭിച്ചത്.
അഗ്നിശമന സേനാംഗങ്ങളെത്തി തീ അണച്ചപ്പോൾ വീടിനകത്ത് വെടിയേറ്റു മരിച്ചു കിടക്കുന്ന 7, 6, 4, 3, 1 വയസ്സുള്ള കുട്ടികളുടെ കത്തികരിഞ്ഞ ശരീരവും തൊട്ടടുത്ത് പിക്നിക് ടേബിളിൽ വെടിയേറ്റു മരിച്ചു കിടക്കുന്ന മാതാവിനേയുമാണ് കണ്ടത്. ഇവരുടെ സമീപം ഒരു റിവോൾവറും കണ്ടെത്തി.
ഇത് ഓട്ടോമാറ്റിക് തോക്കായിരുന്നില്ലെന്നും ഓരോ തവണയും റീലോഡ് ചെയ്തതാണ് അഞ്ചു കുട്ടികളേയും കൊലപ്പെടുത്തിയതുമെന്നാണ് പോലീസ് നിഗമനം.
റിപ്പോർട്ട്: പി.പി. ചെറിയാൻ