ഇരിങ്ങാലക്കുട: ഈസ്റ്റ് കോന്പാറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിന് പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചു. കേസന്വേഷണത്തെ സഹായിക്കുന്ന നിർണായകമായ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. രണ്ടുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഈസ്റ്റ് കോന്പാറ കൂനൻ വീട്ടിൽ പരേതനായ പോൾസൻ ഭാര്യ ആലീസ് (58) എന്ന വീട്ടമ്മയുടെ കൊലപാതകത്തെ സംബന്ധിച്ച് നടക്കുന്ന അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചുവെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് കരുതുന്നതെന്നും ഡിവൈഎസ്പി ഫേമസ് വർഗീസ് പറഞ്ഞു. 38 പേരടങ്ങുന്ന സംഘം പന്ത്രണ്ട് ടീമുകളായി തിരിഞ്ഞാണ് പ്രതികൾക്കായി അന്വേഷണം നടത്തുന്നതെന്ന് സ്ഥലം സന്ദർശിച്ച ഡിഐജി എസ്. സുരേന്ദ്രൻ പറഞ്ഞു.
അന്യ സംസ്ഥാന തൊഴിലാളികളെയും ഗൃഹോപകരണങ്ങൾ വില്ക്കാനെത്തിയവരും കിളികൾ വാങ്ങാനെത്തിയവരും പോലീസിന്റെ അന്വേഷണ പരിധിയിലുണ്ട്. കൊല്ലം, തിരുവനന്തപുരം, എറണാക്കുളം ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചീട്ടുണ്ട്.
വീടും പരിസരവും പോലീസ് പരിശോധിച്ചീട്ടും കൊലക്കുപയോഗിച്ച ആയുധങ്ങളോ ഒന്നും തന്നെ പോലീസിന് കണ്ടെത്താനായിട്ടില്ല. വീടിനു സമീപമുള്ള കിണർ പരിശോധിക്കുന്നതിനായി കിണർ വറ്റിക്കുകയോ കാന്തം ഉപയോഗിച്ചുള്ള പരീക്ഷണമോ നടത്തുവാനാണ് പോലീസ് നീക്കം. തെളിവുകൾ ഒന്നും തന്നെ അവശേഷിക്കാത്ത വിധത്തിൽ സംഭവം ആസൂത്രണം ചെയ്തിരിക്കുന്നതിനാൽ പ്രഫഷണൽ സംഘമാണോ ഇതിനു പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്.
റൂറൽ എസ്പി വിജയകുമാരൻ, ഡിവൈഎസ്പി ഫേമസ് വർഗീസ്, സിഐ പി.ആർ. ബിജോയ്, എസ്ഐ കെ.എസ്. സുബിന്ത്, ക്രൈം ബ്രാഞ്ച് എസ്ഐ മുഹമ്മദ് റാഫി എന്നിവരുടെ നേതൃത്വത്തിലുള്ള ടീം അംഗങ്ങളാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
നിരവധി സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു
കൊലനടന്ന വീട്ടിലോ സമീപത്തോ സിസി ടിവി കാമറകളില്ലെങ്കിലും ഈ വീട്ടിലേക്കുള്ള വഴിയിലെ മറ്റുവീടുകളിൽ പലയിടത്തും സ്ഥാപിച്ചിട്ടുള്ള സിസി ടിവി കാമറകളിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. പോലീസ് പ്രതികളെന്ന് സംശയിക്കുന്നവർ ഇതുവഴി കടന്നുപോയിട്ടുണ്ടോ എന്നറിയാനാണ് ദൃശ്യങ്ങൾ നിരീക്ഷിക്കുന്നത്. ഇനിയും ദൃശ്യങ്ങൾ പരിശോധിക്കാനുണ്ട്.
സംസ്കാരം നടത്തി
കൊല്ലപ്പെട്ട ആലീസിന്റെ സംസ്കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ നടന്നു. ഇംഗ്ലണ്ടിലായിരുന്ന മകൻ അന്തോണീസ് ഇന്നു പുലർച്ചെ നാട്ടിലെത്തിയതിന് ശേഷമായിരുന്നു സംസ്കാരം.