കയ്പമംഗലം: പൊതുവേ സമാധാന മേഖലയായ തീരദേശ പ്രദേശം കൊലപാതകികളുടെ താവളമാകുന്നു. മതിലകം, കയ്പമംഗലം സ്റ്റേഷൻ പരിധികളിലായി കഴിഞ്ഞ ഇരുപത് ദിവസങ്ങൾക്കുള്ളിൽ രണ്ട് കൊലപാതകങ്ങളാണ് നടന്നത്. സെപ്റ്റംബർ അവസാനവാരത്തിൽ മതിലകം സ്റ്റേഷൻ പരിധിയിലെ ശ്രീനാരായണപുരം പഞ്ചായത്തിലെ കട്ടൻബസാറിൽ യുവാവിനെ കൊന്ന് ബ്ലാങ്കറ്റിൽ പൊതിഞ്ഞ് വിജനമായ പറന്പിലെ കുറ്റിക്കാട്ടിൽ തള്ളിയിരുന്നു.
പടിഞ്ഞാറെ വെന്പല്ലൂർ സ്വദേശി വിജിത്തിനെ കൊന്ന് തള്ളിയത് ഒഡീഷ സ്വദേശികളായ നാലംഗ സംഘമായിരുന്നു.
ഒരാഴ്ച തികയും മുന്പേ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ചേരിയിൽ നിന്ന് മുഖ്യ പ്രതിയെ സാഹസികമായി പ്രത്യേക അന്വേഷണ സംഘം പിടികൂടി നാട്ടിലെത്തിച്ച് പോലീസ് കൈയടി നേടിയിരുന്നു.
കട്ടൻബസാർ കൊലയുടെ ആഘാതത്തിൽ നിന്ന് തീരദേശം മുക്തി നേടിക്കൊണ്ടിരിക്കെയാണ് കാളമുറി അകന്പാടം കോഴിപറന്പിൽ മനോഹരന്റെ അപ്രതീക്ഷിതമായ കൊലപാതകം നടന്നത്. കട്ടൻബസാറിൽ ഒരാഴ്ചയെടുത്തെങ്കിൽ കയ്പമംഗലത്ത് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ വലയിലാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞു.
ഇരു കൊലപാതകങ്ങളും സാന്പത്തിക വിഷയവുമായി ബന്ധപ്പെട്ടതാണെന്ന പ്രത്യേകതയുമുണ്ട്.
പണത്തിനുവേണ്ടി മനുഷ്യത്വം മരവിച്ച പുതിയ തലമുറയിലെ പല ചെറുപ്പക്കാരുടെയും പ്രതീകങ്ങളാണ് മനോഹരന്റെ കൊലപാതകത്തിലൂടെ തെളിയുന്നത്. പണിയെടുക്കാതെ ആർഭാടങ്ങൾക്കായി എളുപ്പത്തിൽ പണം സ്വരൂപിക്കാൻ ആരെ കൊല്ലാനും പുതുതലമുറ തയാറാകുന്ന അവസ്ഥയിലേക്ക് നമ്മുടെ നാട് മാറുന്നതിന്റെ ചിത്രങ്ങളിലൊന്നാണ് ഈ കൊലപാതകം.