മറയൂര്‍: മറയൂര്‍ മേഖലയില്‍ മോഷണം നടത്തുകയും നിരവധി വീടുകള്‍ കൊള്ളയടിക്കുകയും ചെയ്ത സംഘത്തിന്റെ തലവനും തമിഴ്നാട്ടില്‍ കൊലപാതകവും കവര്‍ച്ചയും ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയുമായ ബാലമുരുകനെ (33) മറയൂര്‍ പോലീസ് തമിഴ്നാട്ടില്‍നിന്നു പിടികൂടി.
കഴിഞ്ഞ ഓഗസ്റ്റ് 12ന് രാത്രി രണ്ടിനു മറയൂര്‍ കോട്ടക്കുളം ഭാഗത്തെ വര്‍ക്ക്ഷോപ്പ് ഉടമയായ സതീശന്റെ വീട് കുത്തിത്തുറന്നു കവര്‍ച്ച നടത്താന്‍ ശ്രമിച്ച ശേഷം മറയൂരില്‍നിന്നു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബാലമുരുകന് ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായത്.
ആക്രമിച്ച് രക്ഷപ്പെടൽ
പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി മറ്റു കവര്‍ച്ച കേസുകളിലെ തൊണ്ടിമുതല്‍ കണ്ടെത്താനായി തമിഴ്നാട്ടിലേക്കു കൊണ്ടുപോയി മടങ്ങി വരുന്നതിനിടെ ഡിണ്ടിഗൽ കൊടൈ റോഡ് ടോള്‍പ്ലാസയ്ക്കു സമീപം എത്തിയപ്പോള്‍ ടോയ്ലറ്റിൽ പോകണമെന്ന് ആവശ്യപ്പെട്ടു.
രാത്രി രണ്ടിനു ടോയ്ലറ്റിൽ പോയി മടങ്ങിവന്നപ്പോള്‍ എസ്ഐ അശോക് കുമാറിനെ ആക്രമിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.
വേഷം മാറി സഞ്ചാരം
കഴിഞ്ഞ 19നാണ് പ്രതി പോലീസ് കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടത്. പിന്നീട് തമിഴ്നാട് പോലീസിന്റെ പ്രത്യേക സ്ക്വാഡിന്റെ സഹായത്തോടെ കഴിഞ്ഞ പതിനഞ്ച് ദിവസമായി വേഷം മാറിയും മറ്റും നടത്തിയ അന്വേഷണത്തിലാണ് തെങ്കാശി അംബാസമുദ്രം രാമനദി ഡാമിനു സമീപത്തുള്ള കൃഷിയിടത്തിലെ കെട്ടിടത്തിനുള്ളില്‍നിന്നു വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനു പിടികൂടിയത്.
പോലീസിന്റെ കൈയില്‍നിന്നു രക്ഷപ്പെട്ട പ്രതി ചെന്നൈയില്‍ എത്തി തല മുണ്ഡനം ചെയ്തു താടിയും മീശയും വടിച്ചു രൂപം മാറിയാണ് സഞ്ചരിച്ചത്.
അംബാ സമുദ്രത്തിനു സമീപം രാമനദി ഭാഗത്ത് ഒളിവില്‍ കഴിയുന്ന വിവരം അന്വേഷണത്തിലൂടെ കണ്ടെത്തിയാണ് പ്രതിയെ അതിസാഹസികമായി പിടികൂടിയത്.
മറയൂര്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ടി.ആര്. ജിജു, എസ്ഐ അശോക് കുമാര്‍ സിപിഒമാരായ എന്‍ എസ് സന്തോഷ്, ജോബി ആന്റണി, വി.വി. വിനോദ്, ബോബി എം. തോമസ്, സജുസണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും തമിഴ്നാട് അങ്കാലം പോലീസിലെ സ്പെഷല്‍ ടീം അംഗങ്ങളായ എസ്ഐ ശേഷഗിരി, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ എ. ബാലമുരുകന്, മോഹന്‍രാജ്, കുമര്‍ ശ്രീനിവാസന്, കെ. ലിജു, ജി. ഹഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
മറയൂരിലെത്തിച്ച പ്രതിയെ വൈദ്യപരിശോധനയ്ക്കു ശേഷം ദേവികുളം കോടതിയില്‍ ഹാജരാക്കി. പ്രതിയെ പിടികൂടിയ പോലീസിനു പ്രദേശവാസികളും ഡ്രൈവര്‍മാരും ചേര്‍ന്നു കേക്ക് മുറിച്ചും പൊന്നാടയണിച്ചും സ്വീകരണം നല്കി.