ഗാന്ധിനഗർ: വീടാക്രമണ കേസിൽ ഇന്നലെ ഗാന്ധിനഗറിൽ അറസ്റ്റിലായ പതിനെട്ടിനും 20നും മധ്യേ പ്രായമുള്ള യുവാക്കൾക്കെതിരേ നിരവധി സ്റ്റേഷനുകളിൽ അടിപിടി, കഞ്ചാവ് കേസുകളുണ്ടെന്ന് പോലീസ്. ഇവരിപ്പോൾ പോലീസിന്റെ ക്രിമിനൽ ലിസ്റ്റിലുമായി. ഇന്നലെ ഏഴു പേരാണ് അറസ്റ്റിലായത്. ഇതിൽ നാലു പേർ കുപ്രസിദ്ധ ഗുണ്ട അലോട്ടിയുടെ സംഘത്തിലുള്ളവരാണ്.
മൂന്നു വീടുകൾക്ക് നേരേ ആക്രമണം, യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞു നിർത്തി ആക്രമണം, കാറിന്റെ ചില്ല് അടിച്ചു തകർക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനാണ് ഇവരെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ആർപ്പുക്കര വില്ലൂന്നി തോപ്പിൽ ഹരിക്കുട്ടൻ (20), പിഷാരത്ത് തുളസീധരന്റെ മക്കളായ വിഷ്ണുദത്തൻ (19), സൂര്യദത്തൻ (18), തൊണ്ണംകുഴി വട്ടപ്പറന്പിൽ ആൽബിൻ ബാബു (19), വില്ലൂന്നി പെരുന്നക്കോട് ലിറ്റോ മാത്യു (20), പാലത്തൂർ ടോണി (20), തെള്ളകം തടത്തിപ്പറന്പിൽ നാദിർഷാ(20) എന്നിവരാണു അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ചൊവാഴ്ച രാത്രി വില്ലൂന്നി സ്വദേശികളായ ടോബി, സിബിൻ എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞു നിർത്തി വിഷ്ണുദത്തൻ, നാദിർഷാ എന്നിവർ ചേർന്നു ഇവരെ മർദ്ദിച്ചു.
പ്രതികൾ കഞ്ചാവ് കേസിൽ റിമാൻഡിൽ പോകാൻ കാരണം ഈ യുവാക്കൾ എക്സൈസിന് വിവരം നൽകിയെന്നാരോപിച്ചായിരുന്നു മർദനം. അന്നു രാത്രി തന്നെ വില്ലൂന്നി സ്വദേശിയായ ഒരാളുടെ കാറിന്റെ ചില്ല് അടിച്ചു തകർത്തു.
തുടർന്ന് തിരുവോണ നാളിൽ അർധരാത്രിക്കുശേഷം മറ്റ് അഞ്ച് പേരെക്കൂട്ടി വില്ലൂന്നി പണ്ടാരത്തിപ്പറന്പിൽ ബിജു, വാഴന്പിറക്കൽ ബിജു, ഐരേപറന്പിൽ ബാബു എന്നിവരുടെ വീടുകൾക്ക് നേരേ ആക്രമണം നടത്തി. മൂന്നു വീടിന്റെയും മുൻവശത്തെ വാതിൽ വടിവാൾകൊണ്ട് വെട്ടിക്കീറുകയും ജനൽ ചില്ലുകളും പൈപ്പ് കണക്ഷനുകളും കൃഷികളും നശിപ്പിച്ചു. തുടർന്ന് നാട്ടുകാരെ വെല്ലുവിളിച്ചശേഷം പോയി.
സംഭവം അറിഞ്ഞ് അന്വേഷണം ആരംഭിച്ച ഗാന്ധിനഗർ പോലീസ് ഇന്നലെ ഉച്ചയോടെ വില്ലൂന്നി ഭാഗത്ത് നിന്നും സംഘത്തെ പിടികൂടുകയായിരുന്നു. നിഷാദും, വിഷ്ണുവും ജയിലിൽ കഴിയുന്ന സമയത്ത് പാന്പാടി സ്വദേശിയായ സിബിച്ചൻ എന്ന സഹതടവുകാരൻ ഇവരെ മർദ്ദിച്ചിരുന്നു.
അതിന്റെ പേരിൽ സിബിച്ചന്റെ പിതാവെന്ന ധാരണയിൽ മറ്റൊരാളെ മർദ്ദിച്ച സംഭവത്തിൽ പാന്പാടി പോലീസ് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. വീട് കയറി ആക്രമണവുമായി ബന്ധപ്പെട് നാലു കേസുകളാണു ഏഴു പേർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗാന്ധിനഗർ സിഐ അനൂപ് ജോസ്, എസ്ഐ ടി.എസ്. റെനീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.