
മുണ്ടക്കയം: അർധരാത്രിയിൽ ഭാര്യയും മകനും നോക്കിനിൽക്കെ യുവാവിനെ നടുറോഡിൽ കുത്തിക്കൊന്നയാളെ പോലീസ് അറസറ്റ് ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കായി അന്വേഷണം ഉൗർജിതമാക്കി.
മുണ്ടക്കയം ബൈപാസ് റോഡിൽ പടിവാതുക്കൽ ആദർശിനെ(32) ആണ് കൊലപ്പെടുത്തിയ കേസിൽ ഗുണ്ടാ നേതാവ് കരിനിലം പുതുപ്പറന്പിൽ ജയൻ (ക്രിമിനൽ ജയൻ-43)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടക്കുന്ന സമയത്ത് ഇയാൾക്കൊപ്പം മൂന്നു സുഹൃത്തുക്കൾ കൂടി ഉണ്ടായിരുന്നു.
ഇവരെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയിൽ ആദർശ്, ഭാര്യ ഹണി, മകൻ ആദവ് (രണ്ടര) എന്നിവരുമൊത്ത് രാത്രി കാറിൽ കരിനിലത്തുളള സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴിയാണ് സംഭവം.
യാത്രയ്ക്കിടെ കരിനിലം എസ്എൻ ജംഗ്ഷനിൽ റോഡിന്റെ മധ്യഭാഗത്ത് ജയന്റെ കാർ പാർക്ക് ചെയ്തിരുന്നു. ഇതിനെച്ചൊല്ലി തർക്കം ഉണ്ടാവുകയും തുടർന്ന് കാറിനെ മറികടന്ന് ആദർശ് പോവുകയും ചെയ്തു.
തൊട്ടു പിന്നാലെ കരിനിലം-പശ്ചിമ റോഡിൽ കരിനിലം പോസ്റ്റോഫീസിനു സമീപം ജയനും സംഘവും കാറു തടയുകയും കുത്തുകയുമായിരുന്നുവെന്നും പോലീസ് പറയുന്നു. ഉടൻ തന്നെ ആദർശിനെ മുപ്പത്തഞ്ചാംമൈൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാഞ്ഞിരപ്പളളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ, മുണ്ടക്കയം എസ്എച്ച്ഒ വി. ഷിബുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
കുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്താനായിട്ടില്ല. ആദർശിന്റെ ഇടുപ്പിന് മുകളിലായി ആറു സെൻറീമീറ്റർ ആഴത്തിലുള്ള ഉള്ള മുറിവാണ് മരണകാരണമെന്നും പോലീസ് പറഞ്ഞു.