തിരുവനന്തപുരം: കോഴിക്കോട് ബേപ്പുര്‍ കോസ്റ്റല്‍ സ്റ്റേഷനിലെ എസ്എച്ച്ഒയായിരുന്ന പി.ആര്. സുനുവിനെ പിരിച്ചുവിട്ടതിനു പിന്നാലെ ക്രിമിനൽ സ്വഭാവമുള്ള പിരിച്ചുവിടേണ്ട പോലീസുകാരുടെ രണ്ടാംഘട്ട പട്ടിക തയാറാകുന്നു.
പോലീസ് ആസ്ഥാനത്ത് തയാറാക്കിയ പട്ടികയിൽ സിഐമാർ ഉൾപ്പെടെ നാലു പേർ ഉണ്ടെന്നാണ് സൂചന. പട്ടികയിൽ ഉള്ളവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനുശേഷമായിരിക്കും നടപടി.
പോലീസ് ആസ്ഥാനത്തെ അഡ്മിനിസ്ട്രേഷന് ഡിഐജിയുടെ നേതൃത്വത്തില്‍ ഇവര്‍ക്കെതിരായ കേസുകളുടെയും വകുപ്പുതല നടപടികളുടേയും വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്.
ക്രിമിനൽ പോലീസുകാരെ പിരിച്ചു വിടാനുള്ള നടപടികളുമായി മുന്നോട്ടു പോകാൻ മുഖ്യമന്ത്രി ഡിജിപിക്ക് കർശന നിർദേശം നൽകിയതിനു പിന്നാലെയാണ് രണ്ടാംഘട്ട പട്ടിക തയാറാക്കിയത്.
തുടർച്ചയായി കുറ്റകൃത്യം ചെയ്യുന്നവർ പോലീസ് സേനയിൽ തുടരാൻ പാടില്ലെന്ന കേരള പോലീസ് ചട്ടത്തിലെ 86ാം വകുപ്പ് പ്രകാരം ആണ് നടപടി.
പോലീസ് സേനയിൽ 744 ക്രിമിനൽ കേസ് പ്രതികളുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവരിൽ 59 പേരുടെ ലിസ്റ്റാണ് ആഭ്യന്തരവകുപ്പ് തയാറാക്കിയിരിക്കുന്നത്.