തിരുവനന്തപുരം: നിരവധി കേസുകളിൽ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും പിരിച്ചുവിടാൻ നടപടി ആരംഭിച്ചു. ഇൻസ്പെക്ടർ പി.ആർ. സുനുവിനെതിരെയാണ് നടപടി.
സർവീസിൽ നിന്നും പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ മൂന്ന് ദിവസത്തിനകം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുനുവിന് ഡിജിപി കാരണംകാണിക്കൽ നോട്ടീസ് നൽകി.
തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കൂട്ടബലാൽസംഗം കേസിൽ ആരോപണം വിധേയാനായതിനെ തുടർന്ന് ബേപ്പൂർ കോസ്റ്റൽ ഇൻസ്പെകറായിരുന്ന സുനു ഇപ്പോൾ സസ്പെഷനിലാണ്. 15 പ്രാവശ്യം വകുപ്പുതല നടപടിക്കു വിധേയനായ ഉദ്യോഗസ്ഥനാണ് പി.ആർ.സുനു.
ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ സുനുവിനെതിരെ വകുപ്പ്തല അന്വേഷണം പൂർത്തിയാക്കി കഴിഞ്ഞ ജനുവരിയിൽ ശിക്ഷിച്ചിരുന്നു.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് നടപടി. പ്രാഥമിക ഘട്ടത്തിൽ തയാറാക്കിയ 85 പേരുടെ പട്ടിയിൽ സൂക്ഷമ പരിശോധന നടത്താൻ മൂന്നംഗ സമിതിയെ ഡിജിപി ചുമതലപ്പെടുത്തിയിട്ടുണ്ട്.
കാഞ്ഞിരപ്പള്ളിയിൽ മാങ്ങ മോഷ്ടിച്ച പോലീസുകാരനെയും എറണാകുളം റൂറലിൽ സ്വർണം മോഷ്ടിച്ച പോലീസുകാരനെയും പിരിച്ചുവിടാൻ ജില്ലാ പോലീസ് മേധാവിമാർ നടപടി ആരംഭിച്ചിട്ടുണ്ട്.