കാസർഗോഡ്: പോലീസിനൊപ്പം ക്രിമിനൽ സംഘത്തിന്റെയും അകമ്പടിയോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരളയാത്ര നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കാക്കി പാന്റും വെള്ള ടീഷർട്ട് യൂണിഫോം ധരിച്ച് രണ്ട് ടെമ്പോ ട്രാവലറുകളിലായി സഞ്ചരിക്കുന്നവർ പോലീസുകാരാണോ എന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം കാസർഗോഡ് നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മറ്റുള്ളവരുടെ മക്കളെ മർദിക്കുന്നതും വേദനിപ്പിക്കുന്നതും കണ്ട് സന്തോഷിക്കുന്ന ക്രിമിനൽ സാഡിസ്റ്റ് മനസുള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുപോലൊരാൾ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് കേരളത്തിന്റെ ദുര്യോഗമാണെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ഷൂ എറിഞ്ഞത് ഇതിനെതിരായ വൈകാരിക പ്രതികരണമാണ്. പക്ഷേ അതിനെപ്പോലും കോൺഗ്രസോ യുഡിഎഫോ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല.
സമാധാനപരമായി പ്രതിഷേധിക്കുകയല്ലാതെ ഒരു കടലാസ് പോലും ചുരുട്ടി അങ്ങോട്ടെറിയരുത് എന്നാണ് തങ്ങളുടെ നിലപാട്. കെ.എസ്.യു സംസ്ഥാന പ്രസിഡൻറും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഷൂ എറിഞ്ഞവർക്കു നേരെ പോലും വധശ്രമത്തിന് കേസെടുത്തത് നിയമസംവിധാനത്തെ പരിഹാസ്യമാക്കുന്നതിന് തുല്യമാണ്.
പ്രതിഷേധിക്കുന്നവരെയും കരിങ്കൊടി കാണിക്കുന്നവരെയുമൊക്കെ അതിക്രൂരമായി മർദിക്കാൻ നേതൃത്വം നല്കുന്നത് മുഖ്യമന്ത്രിക്കൊപ്പമുള്ള ക്രിമിനൽ സംഘമാണ്. പ്രതിപക്ഷം പ്രതിഷേധിക്കേണ്ടതെങ്ങനെയെന്ന് സിപിഎമ്മുകാർ പറഞ്ഞുതരേണ്ടതില്ല.