തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ നവംബർ വരെ റിപ്പോർട്ട് ചെയ്തത് 2,40,959 കേസുകൾ. 2022 ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതിനേക്കാള്‍ 5,101 കൂടുതൽ കേസുകളാണ് കഴിഞ്ഞ വർഷം നവംബർ വരെ റിപ്പോർട്ട് ചെയ്തത്. ഡിസംബറിലെ കണക്കുകൾ കൂടി ചേരുന്പോൾ എണ്ണം കൂടും.
2022ൽ 2,35,858 കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്. വധശ്രമക്കേസുകളിൽ വലിയ വർദ്ധന ഉണ്ടായതായി പോലീസ് പറയുന്നു. 2022ൽ 700 വധശ്രമക്കേസുകളായിരുന്നു. 2023 നവംബർ വരെ വധശ്രമക്കേസുകൾ 918 ആയി. അതേസമയം കൊലക്കേസുകളുടെ എണ്ണത്തിൽ 2022നെ അപേക്ഷിച്ച് 2023ൽ കുറവുണ്ടായിട്ടുണ്ട്.
2022ൽ കേസുകളുടെ എണ്ണം 334 ആയിരുന്നുവെങ്കിൽ 2023 നവബർ വരെ 306 ആണ്. 2022 ൽ റിപ്പോർട്ട് ചെയ്ത ദേഹോപദ്രവ കേസുകൾ 17,174 ആയിരുന്നു. കഴിഞ്ഞ വർഷം നവംബർ വരെ 17,713 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2022ൽ തട്ടിപ്പുക്കേസുകൾ 8307 ആണെങ്കിൽ 2023ൽ 10,393 കേസുകളായി.
സ്ത്രീധന പീഡനം മൂലമുള്ള മരണകേസുകള്‍ 2022ൽ പതിനൊന്നായിരുന്നു. 2023ൽ എട്ടായി. കഴിഞ്ഞ നവംബർവരെ ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനക്കേസുകള്‍ 4345 ആണ്. അതേസമയം ഇത് 2022ൽ 4998 ആയിരുന്നു. മയക്കുമരുന്നിന്റെയും ലഹരിയുടെയും ഉപയോഗം തന്നെയാണ് ആക്രമങ്ങള്‍ക്ക് പിന്നിൽ എന്നാണ് പോലീസ് പറയുന്നത്.