മഞ്ചേരി: ചാരിത്യ്രശുദ്ധിയിൽ സംശയം തോന്നി മഴുകൊണ്ടു ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്)യിൽ ആരംഭിച്ചു. കുഴിമണ്ണ ആക്കപ്പറന്പ് പുളിയക്കോട് പുറ്റമണ്ണ തവളക്കുഴിയൻ പൂലാട്ട് ഉലാം അലി (54) ആണ് പ്രതി. 2017 നവംബർ 22ന് വൈകീട്ട് അഞ്ചര മണിക്കാണ് കേസിനാസ്പദമായ സംഭവം.
പ്രതിയുടെ ഭാര്യയും ആക്കപ്പറന്പ് മേൽമുറി പുളിയക്കോട് മുതീരി കോമുക്കുട്ടിയുടെ മകളുമായ ഖദീജ (41) ആണ് കൊല്ലപ്പെട്ടത്. ഏഴു മക്കളുള്ള ദന്പതികൾക്കിടയിൽ വഴക്ക് പതിവായിരുന്നു. ഇരു കുടുംബങ്ങളും തമ്മിൽ വഴക്കു തീർക്കാനായി പലതവണ അനുരഞ്ജന ചർച്ചകൾ നടത്തിയിരുന്നു. സംഭവ ദിവസം വഴക്ക് രൂക്ഷമാവുകയും പ്രതി കദീജയെ മർദിക്കുകയും ചെയ്തു.
തുടർന്ന് ഇറങ്ങിയോടിയ കദീജയെ പിന്തുടർന്നെത്തിയ പ്രതി വീടിനടുത്തുള്ള പറന്പിൽ വച്ച് മഴുകൊണ്ടു വെട്ടി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ. തലയ്ക്ക് വെട്ടേറ്റ് തലയോട്ടി പിളർന്ന നിലയിലായിരുന്ന വീട്ടമ്മയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മഞ്ചേരി സിഐ എൻ.ബി.ഷൈജുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ 42 സാക്ഷികളുണ്ട്. കൊല്ലപ്പെട്ട ഖദീജയുടെ സഹോദരനും കേസിലെ ഒന്നാം സാക്ഷിയുമായ കുഴിമണ്ണ മുതീരി അലി (52)യെ ഇന്നലെ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി.വാസു ജഡ്ജി എ.വി.നാരായണൻ മുന്പാകെ വിസ്തരിച്ചു. സഹോദരി കൊല്ലപ്പെട്ട വിവരം ആദ്യം അരീക്കോട് പോലീസ് സ്റ്റേഷനിൽ അറിയിച്ചത് അലിയായിരുന്നു.