കരുനാഗപ്പള്ളി: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ വീട്ടിൽ കയറി അമ്മയുടെ മുന്നിൽ വെട്ടിക്കൊന്നു. അരമണിക്കൂറിനുശേഷം ഓച്ചിറയിൽ മറ്റൊരു യുവാവിന് വെട്ടേറ്റു. പടനായർകുളങ്ങര വടക്ക് താച്ചയിൽമുക്ക് കാട്ടിശേരി കിഴക്കതിൽ ജിം സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് (42 )ആണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലർച്ചെ 2.30ന് വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ ശേഷമായിരുന്നു ആക്രമണം. കാറിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആക്രമണസമയത്ത് സന്തോഷും മാതാവ് ഓമനയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
വധശ്രമക്കേസ് പ്രതിയാണ് സന്തോഷ് എന്നും ആക്രമണത്തിനു കാരണം ഗുണ്ടാ കുടിപ്പകയാണെന്നും മുന്പ് നടന്ന ആക്രമണങ്ങളുടെ പേരിൽ സന്തോഷിന് ഭീഷണി ഉണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. 2014ൽ സന്തോഷിനെതിരേ വധശ്രമക്കേസ് ഉണ്ടായിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ സന്തോഷിന് ഭീഷണി ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.
സന്തോഷിന്റെ ഇടതുകാല് മുട്ടിനു താഴെ അടിച്ചു തകർത്ത നിലയിലും ഇടത് തോളിനു താഴെ വെട്ടു കൊണ്ടു മുറിവേറ്റനിലയിലും ആണ്. സന്തോഷിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
മുമ്പും മകനെതിരേ ആക്രമണങ്ങൾ ഉണ്ടായതായി മാതാവ് ഓമന മാധ്യമങ്ങളോടു പറഞ്ഞു. മകനെ കൊല്ലരുതേ എന്ന് നിലവിളിച്ചിട്ടും അക്രമികൾ പിന്മാറിയില്ലെന്നും ഓമന പറഞ്ഞു. അക്രമികൾ മുഖംമൂടി ധരിച്ചാണ് വീട്ടിലെത്തിയത്. രമ്യയാണ് സന്തോഷിന്റെ ഭാര്യ. രണ്ട് മക്കൾ ഉണ്ട്.
അതേസമയം കരുനാഗപ്പള്ളിയിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിനു പിന്നാലെ ഓച്ചിറയിൽ കാറിലെത്തിയ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ വവ്വാക്കാവ് സ്വദേശി അനീറിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളിയിലെ ആക്രമണത്തിന് അരമണിക്കൂർ ശേഷമാണ് ഓച്ചിറയിൽ യുവാവിന് വെട്ടേറ്റത്.
രണ്ട് സംഭവങ്ങൾക്ക് പിന്നിലും ഒരേ സംഘമാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അനീറിന്റെ രണ്ട് കാലിനും കൈക്കും മുഖത്തും നെഞ്ചിനും വെട്ടി പരിക്കേൽപ്പിച്ച നിലയിലാണ്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനീറിനെ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി.