നോര്‍ത്ത് കരോളിന: ഫെബ്രുവരി നാലിനു നോര്‍ത്ത് കരോലിനയില്‍ നിന്നും കാണാതായ ഗര്‍ഭിണിയായ യുവതി ബ്രട്ട്നി സ്മിത്തിന്റെ (28) മൃതദേഹം സ്യൂട്ട്കേസില്‍ നോര്‍ത്ത് കരോലിനയിലെ നദിക്ക് സമീപം കണ്ടെത്തി.
സംഭവത്തിലെ പ്രതികളെന്നു സംശയിക്കുന്ന തോമസ് ക്ലെട്ടന്‍ (37), പെണ് സുഹൃത്ത് എമിലി ഗ്രേസ് (24) എന്നിവരെ അറസ്റ്റ് ചെയ്തതായി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
കഴിഞ്ഞ എട്ടാംതീയതിയാണ് രണ്ടു കുട്ടികളുടെ മാതാവായ ബ്രിട്നിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കി നദിക്ക് സമീപം തള്ളിയതെന്ന് ഷെരീഫ് പറഞ്ഞു. മരണ കാരണം കണ്ടെത്തിയതിനുശേഷമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
കൊലപാതക കുറ്റത്തിനും, മൃതദേഹം മറച്ചുവെച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജനിക്കാതെ മരിച്ച കുഞ്ഞിന്റേതുള്‍പ്പടെ രണ്ടു കൊലപാതക കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പിന്തുടര്ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. നല്ലൊരു ഡാന്‍സറും, ഗര്‍ഭിണിയുമായ സ്മിത്തിനെ രണ്ടു ചെകുത്താന്മാരാണ് കൊലപ്പെടുത്തിയതെന്നു സ്മിത്തിന്റെ ബന്ധു ബ്രൂക്ക് പിനന് പറഞ്ഞു.
മറ്റുള്ളവരെ സ്നേഹിക്കുന്ന നല്ലൊരു മാതാവായിരുന്നു സ്മിത്ത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്മിത്തിനെ കൊലപ്പെടുത്തുന്നതിനുള്ള കാരണമെന്തെന്നത് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്